Career Education
ശൈഖ് അബൂബക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഡര്‍ഷിപ്പ്; പ്രൊജക്റ്റ് ലോഞ്ചിങ് ജനുവരി 24ന്
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മര്‍കസു സഖാഫത്തി സുന്നിയ്യയുടെ സാമൂഹിക മുന്നേറ്റത്തിന്റെ ആറാം ഘട്ട പദ്ധതികളിലെ സുപ്രധാന സംരംഭമാണിത്.
കോഴിക്കോട് | മര്‍കസ് അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ശൈഖ് അബൂബക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഡര്‍ഷിപ്പിന്റെ പ്രൊജക്റ്റ് ലോഞ്ചിങ് ജനുവരി 24ന് കോഴിക്കോട് നടക്കും. ജ്ഞാനാധിഷ്ഠിതമായ സുസ്ഥിര സമൂഹം എന്ന കാഴ്ചപ്പാടോടെ 1978 ല്‍ കോഴിക്കോട് കാരന്തൂര്‍ കേന്ദ്രമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മര്‍കസു സഖാഫത്തി സുന്നിയ്യയുടെ സാമൂഹിക മുന്നേറ്റത്തിന്റെ ആറാം ഘട്ട പദ്ധതികളിലെ സുപ്രധാന സംരംഭമാണിത്.
അഗതികളും അനാഥകളുമായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കി വളര്‍ത്തുകയായിരുന്നു മര്‍കസ് പ്രഥമ ഘട്ടത്തില്‍ ചെയ്തത്. രണ്ടാം ഘട്ടത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സംരംഭങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസ മുന്നേറ്റം നടത്തി സുസ്ഥിര സമൂഹം കെട്ടിപ്പടുത്തു. മൂന്നാം ഘട്ടത്തില്‍ മദീനത്തുന്നൂര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിച്ച് ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന ഗവേഷണ അവസരങ്ങള്‍ സൃഷ്ടിക്കുകയും ഗുണമേന്മയുള്ള തലമുറയെ വാര്‍ത്തെടുക്കുകയും ചെയ്തു. നാലാം ഘട്ട പദ്ധതികളില്‍ ദേശീയ തലത്തിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ് മര്‍കസ് മോഡല്‍ സ്ഥാപനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിര്‍മിക്കുകയായിരുന്നു. വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം, സംസ്‌കാരം, വാണിജ്യം തുടങ്ങിയവ ഒരുമിക്കുന്ന സുസ്ഥിര നഗരമായ മര്‍കസ് നോളജ് സിറ്റി സ്ഥാപിക്കുന്നതിലൂടെ അഞ്ചാം ഘട്ടത്തില്‍ സാമൂഹിക-രാഷ്ട്ര നിര്‍മാണത്തിന്റെ പുതിയ മാതൃക മര്‍കസ് ലോകത്തിന് സമര്‍പ്പിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മാറ്റങ്ങളെയും സങ്കീര്‍ണതകളെയും അഭിമുഖീകരിക്കാന്‍ പ്രാപ്തരായ, നൈതികതയും സാമൂഹിക പ്രതിബദ്ധതയുമുള്ള ലീഡേഴ്‌സിനെ വാര്‍ത്തെടുക്കുകയാണ് മര്‍കസ് ആറാംഘട്ട ദൗത്യമായി ഏറ്റെടുക്കുന്നത്. ഇന്ത്യയെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ക്യാപിറ്റലിന്റെ പ്രധാന ഇടമായി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മള്‍ട്ടി ഡിസിപ്ലിനറി സ്വഭാവത്തില്‍ വ്യത്യസ്ത സെന്ററുകളായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക. ഫ്യൂച്ചറിസ്റ്റിക് ടെക്‌നിക്കല്‍ സ്‌കില്ലുകള്‍ പ്രോഗ്രാമിന്റെ പ്രധാന ഭാഗമായിരിക്കും. കോഴിക്കോട് ജില്ലയില്‍ വിശാലമായ 50 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ദേശീയ-അന്തര്‍ദേശീയ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ ആദ്യ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം 24ന് ശനിയാഴ്ച രാവിലെ പത്തിന് നടക്കും. വൈകിട്ട് അഞ്ച് മുതല്‍ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ പദ്ധതി പ്രഖ്യാപനം നിര്‍വഹിക്കും. അജ്മീര്‍ ദര്‍ഗ സജ്ജാദെ നഷീന്‍ സയ്യിദ് മെഹ്ദി മിയാ ചിശ്തിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. യേനപ്പോയ യൂനിവേഴ്‌സിറ്റി ചാന്‍സിലര്‍ അബ്ദുല്ല കുഞ്ഞി ഹാജി, ബെംഗളൂരു ക്രസന്റ് യൂണിവേഴ്‌സിറ്റി പ്രോ-ചാന്‍സിലര്‍ അബ്ദുല്‍ ഖാദര്‍ ബുഖാരി, പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് സല്‍മാന്‍ നിസാര്‍ അഹമ്മദ്, തമിഴ്നാട് സദഖ് എജ്യുക്കേഷണല്‍ ട്രസ്റ്റിലെ അബ്ദുല്‍ ഖാദര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.






