Connect with us

book review

ജോർജ് വുഡ്കോക്ക് ഗാന്ധിയെ വായിക്കുന്നു

ഗാന്ധിയെപ്പോലെ ഇത്ര വിപുലമായി എഴുതപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള ലോകനേതാക്കൾ വേറെയുണ്ടോ എന്ന് സംശയമാണ്. സത്യത്തിന്റെയും അഹിംസയുടെയും വേദികളിൽ മാത്രമല്ല, പരിസ്ഥിതി, സമാധാനപ്രസ്ഥാനം, ലിംഗപദവിപഠനം, മാനേജ്‌മെന്റ് തുടങ്ങിയ വൈവിധ്യമേറിയ നിരവധി മേഖലകളിലും ഗാന്ധി ഒരേസമയം വഴികാട്ടിയും മാതൃകയുമാണ്.

Published

|

Last Updated

ഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾക്ക് കൈയും കണക്കുമില്ല. പലകാലങ്ങളിലായി പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ പേർ ആ അദ്‌ഭുതവ്യക്തിത്വത്തെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ഗാന്ധിയെപ്പോലെ ഇത്ര വിപുലമായി എഴുതപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള ലോകനേതാക്കൾ വേറെയുണ്ടോ എന്ന് സംശയമാണ്. സത്യത്തിന്റെയും അഹിംസയുടെയും വേദികളിൽ മാത്രമല്ല, പരിസ്ഥിതി, സമാധാനപ്രസ്ഥാനം, ലിംഗപദവിപഠനം, മാനേജ്‌മെന്റ്തുടങ്ങിയ വൈവിധ്യമേറിയ നിരവധി മേഖലകളിലും ഗാന്ധി ഒരേസമയം വഴികാട്ടിയും മാതൃകയുമാണ്.

ഗാന്ധിയെക്കുറിച്ചെഴുതിയ ഏറ്റവും മികച്ച പത്ത് പുസ്തകങ്ങളിൽ വിഖ്യാത കനേഡിയൻ എഴുത്തുകാരനും ചിന്തകനുമായ ജോർജ് വുഡ് കോക്ക് രചിച്ച “ഗാന്ധി’ യും ഉൾപ്പെടുന്നു. World Leaders എന്ന പേരിൽ പ്രശസ്ത പ്രസാധകരായ ഫൊണ്ടാന പ്രസിദ്ധീകരിച്ച പുസ്തകമാണിത്. ഒറ്റയിരുപ്പിന് വായിച്ചുപോകാവുന്ന, ഇതര ഗാന്ധി ജീവചരിത്രങ്ങളിൽനിന്നും താരതമ്യേന ചെറുതും ലളിതാഖ്യാനശൈലിയിൽ രചിക്കപ്പെട്ടതുമായ ഈ പുസ്തകം ഗാന്ധിയെക്കുറിച്ച് ഒട്ടേറെ ചിന്തോദ്ദീപകമായ നിരീക്ഷണങ്ങളാണ് വായനക്കാരുമായി പങ്കുവെക്കുന്നത്.

ഗാന്ധിയിലെ ലോകാരാധ്യനായ നേതാവിനേയും പച്ചയായ മനുഷ്യനേയും ഇഴപിരിക്കാതെ വ്യാഖ്യാനിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷത. പല സന്ദിഗ്ധ ഘട്ടങ്ങളിലും ഗാന്ധി പ്രകടിപ്പിച്ച മനഃസ്ഥൈര്യത്തേയും നിശ്ചയദാർഢ്യത്തേയും പ്രകീർത്തിക്കുമ്പോൾത്തന്നെ ചില സന്ദർഭങ്ങളിൽ അദ്ദേഹത്തിന് പറ്റിയ പിശകുകളും വീഴ്ചകളുംകൂടി ഇതിൽ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

അതിശയോക്തിയുടെ പൊലിമയേതുമില്ലാത്ത പുസ്തകമെന്ന് വുഡ്കോക്കിന്റെ ഗാന്ധിയെ പ്രഥമദൃഷ്ട്യാ വിശേഷിപ്പിക്കാം. ഗാന്ധിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ സൂക്ഷ്മദൃക്കായ ഒരു നിരീക്ഷകന്റെ അവധാനതയോടെ വിലയിരുത്തുകയാണിവിടെ. തന്റെ ജീവിതം തന്നെ ഒരു സത്യാന്വേഷണമാക്കിക്കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഗാന്ധി ഈ നൂറ്റാണ്ടിലെ നമ്മുടെ ലോകത്തിന്റെ ആകൃതിക്കും നമ്മുടെ ചിന്തയുടെ രൂപത്തിനും മാറ്റം വരുത്തിയ മഹാത്മാക്കളായ പ്രായോഗിക ദർശനവാദികളിൽ ഒന്നാമനാണെന്ന് വുഡ്കോക്ക് നിരീക്ഷിക്കുന്നു.

ഗാന്ധിയെക്കുറിച്ചുള്ള വുഡ്കോക്കിന്റെ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണം അദ്ദേഹം ഉന്നതാദർശങ്ങൾ വെച്ചുപുലർത്തുന്ന ഒരു അരാജകവാദിയാണെന്നതാണ്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളൊന്നുമില്ലാത്ത, എല്ലാ മനുഷ്യരും സഹകരണ മനോഭാവത്തോടെ, സഹോദരന്മാരെപ്പോലെ വസിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിക്കുവേണ്ടി വാദിക്കുന്നവരാണ് വുഡ് കോക്ക് അടക്കമുള്ള അരാജകവാദികളെല്ലാം തന്നെ. ബ്രിട്ടീഷുകാരുടെ നഗരമെന്ന സങ്കൽപ്പത്തെ സ്വീകരിക്കാതെ, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന്റെ ശക്തിസ്രോതസ്സ് അതിന്റെ ഗ്രാമങ്ങൾ തന്നെയാണെന്ന് ഗാന്ധി ഉറച്ചു വിശ്വസിച്ചു.

ഗ്രാമാടിസ്ഥാനത്തിലുള്ള മാതൃകാ സമുദായത്തെപ്പറ്റി ചർച്ച ചെയ്യുമ്പോഴൊക്കെ ഗാന്ധിയുടെ അരാജകവാദപരമായ ചായ്‌വ് കൂടുതൽ പ്രകടമാകുന്നുവെന്ന് വുഡ്കോക്ക് പ്രസ്താവിക്കുന്നു. “സ്റ്റേറ്റ് കേന്ദ്രീകൃതവും സംഘടിതവുമായ രീതിയിൽ അക്രമത്തെ പ്രതിനിധീകരിക്കുന്നുവെന്നും സ്വരാജ് അഥവാ സ്വയംഭരണം വിദേശീയമാകട്ടെ, ദേശീയമാകട്ടെ, ഏതുതരം ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽനിന്നും ഒഴിയുവാനുള്ള തുടർച്ചയായ യത്നമാണെന്നു’മുള്ള ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് വുഡ്കോക്ക് ഈ വസ്തുത വായനക്കാരന്റെ മുന്നിൽ സമർത്ഥിക്കുന്നത്.

ഗാന്ധിയെ എല്ലാ അർഥത്തിലും പുരോഗമനവാദിയായ ഒരു നേതാവായാണ് വുഡ്കോക്ക് കാണുന്നത്. ഒരു മാതൃകാ മതവിശ്വാസി ഒരിക്കലും ഒരു യാഥാസ്ഥിതികനാകില്ലെന്നും അങ്ങനെയാകുമ്പോൾ അത് യഥാർഥ മതസംഹിതകൾക്കെതിരായിത്തീരുമെന്നും ഗാന്ധിയുടെ ജീവിതത്തിലെ ചില നിർണായക ഘട്ടങ്ങളെ മുൻനിർത്തിക്കൊണ്ട് ഗ്രന്ഥകാരൻ പരിശോധിക്കുന്നു. ജാതിസമ്പ്രദായങ്ങളേയും ശൈശവവിവാഹം, അയിത്തം മുതലായ അനാചാരങ്ങളേയും ഇല്ലായ്മ ചെയ്യാൻ ജീവിതത്തിന്റെ നല്ലൊരു ഭാഗം തന്നെ അദ്ദേഹം മാറ്റിവെച്ചു. (ഈ വിഷയങ്ങളിൽ ഗാന്ധിയെ വിമർശിക്കുന്നവർക്ക് ഈ പുസ്തകം നല്ലൊരു മറുപടിയായിരിക്കുമെന്നതിൽ സംശയമില്ല). ആത്മീയമായ അനുഭൂതി സാമൂഹിക സേവനത്തിലൂടെ മാത്രമേ നേടാനാകൂ എന്ന സത്യമാണ് തന്റെ ജീവിതത്തിലൂടെ ഗാന്ധി നമ്മെ പഠിപ്പിക്കുന്നത്. ഓരോ മതവും ഉദ്‌ഘോഷിക്കുന്ന സത്യവും ഇതുതന്നെയാണല്ലോ. അങ്ങനെ നോക്കുമ്പോൾ പുരോഗമനവാദവും ആത്മീയതയും ഒരേ ദർശനത്തിന്റെതന്നെ ബാഹ്യരൂപങ്ങളാണെന്നു കാണാം. ഗാന്ധിയിലൂടെ ലോകം അറിയുന്ന ഏറ്റവും വലിയ പാഠവും ഇതുതന്നെയാണ്. അയിത്തോച്ചാടനം, ജാതീയതക്കെതിരെയുള്ള പ്രവർത്തനങ്ങൾ, സ്ത്രീ ശാക്തീകരണം എന്നിവയെ സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ജീവിത പുരോഗതി നേടുന്നതിനുള്ള മാർഗങ്ങളുമായി ഏകോപിപ്പിക്കാൻ ഗാന്ധിക്ക് കഴിഞ്ഞത് ഈയൊരു ദർശനം നൽകിയ കരുത്തുകൊണ്ടാണ്.

എല്ലാത്തരം സാമൂഹിക അസമത്വങ്ങളിൽനിന്നും മോചിതമായ ഒരു മാതൃകാ രാഷ്ട്രത്തിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച ഗാന്ധിജിയുടെ ദർശനങ്ങൾ വളച്ചൊടിക്കപ്പെടുകയോ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയോ ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് വുഡ്കോക്ക് നിരീക്ഷിക്കുന്നു. ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായൊരു നിരീക്ഷണമാണിത്. വിലകുറഞ്ഞ കക്ഷിരാഷ്ട്രീയക്കളികളിലും പബ്ലിസിറ്റിക്കുവേണ്ടിയുള്ള കോപ്രായങ്ങളിലും നിരന്തരം ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു പേരിൽക്കവിഞ്ഞ് മറ്റൊരു പ്രസക്തിയും പുതിയ കാലത്തെ ഭാരതത്തിന്റെ ഭരണാധികാരികൾ ഗാന്ധിക്ക് കൽപ്പിക്കുന്നില്ല എന്നതാണ് വേദനാജനകമായ യാഥാർഥ്യം. വുഡ്കോക്ക് പറയുന്നത് നോക്കൂ: “സദാചാരനിഷ്ഠമായ സത്യസന്ധതയും പ്രകടമായ വിനയവുമുള്ള, ആവശ്യപ്പെടാതെ രവീന്ദ്രനാഥ ടാഗോർ നൽകിയ മഹാത്മ എന്ന ബഹുമതിയിൽ എതിർപ്പ് പ്രകടിപ്പിച്ച ഈ മനുഷ്യൻ വിട്ടിട്ടുപോയ സൽപ്പേരുകൊണ്ട് രാഷ്ട്രീയക്കാരും പ്രസിദ്ധീകരണവിദഗ്ധരും അസത്യമാം വിധം കൈയാങ്കളി നടത്തുന്നു.’

അധികാരത്തിന്റെ ചിഹ്നങ്ങളൊന്നുമില്ലാതെ വലിയ ഒരു ജനതയെ നയിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതന്ന നേതാവാണ് ഗാന്ധി. അക്കാലത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ താനാഗ്രഹിക്കുന്ന ഏത് പദവിയിലെത്തിച്ചേരുന്നതിനും ദീർഘകാലം അതിൽത്തന്നെ തുടരുവാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. പക്ഷേ, അധികാരം നിഷ്കർഷിക്കുന്ന സുരക്ഷയുടെ ഇരുമ്പുകവചത്തിനുള്ളിൽ ഒതുങ്ങി ജനങ്ങളിൽനിന്നും അകന്നു കഴിയാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഗാന്ധിയുടെ വലിപ്പം ഇത്തരം ത്യാഗങ്ങളിലൂടെ ഉയർത്തപ്പെടുകയാണെന്ന് വുഡ്കോക്ക് ചൂണ്ടിക്കാണിക്കുന്നു.
ഗാന്ധിയെക്കുറിച്ചുള്ള മറ്റു പുസ്തകങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ് വുഡ്കോക്കിന്റെ ഗാന്ധി. വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങളോ ആത്മാർഥതയില്ലാത്ത മുഖസ്തുതികളോ ഈ പുസ്തകത്തിൽ നമുക്ക് കാണാനാകില്ല. ഗാന്ധിയോടുള്ള പ്രശംസയും വിമർശവും കാര്യകാരണസഹിതമാണ് ഇതിൽ വിലയിരുത്തപ്പെടുന്നത്. വായനക്കാർക്കു മുന്നിൽ അവ്യക്തമായ ഒരാശയത്തിന്റെ മഞ്ഞുമല സൃഷ്ടിച്ച്‌ നിഷ്ക്രമിക്കുന്നതിനുപകരം അവരോടൊപ്പം ക്രിയാത്മകമായ ഒരു ചർച്ചയിൽ പങ്കെടുക്കുകയാണ് വുഡ്കോക്ക്. ഫൊണ്ടാനയുടെ പ്രസാധന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നാണ് ഈ പുസ്തകമെന്ന് നിസ്സംശയം പറയാം.

Latest