Connect with us

International

ഹജ്ജ് ഗതാഗത നിയന്ത്രണങ്ങൾ പാലിക്കാൻ നിർദേശം നൽകി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി

ഹജ്ജ് അനുമതിപത്രമോ മക്ക റെസിഡൻസ് എൻട്രി പെർമിറ്റോ ഇല്ലാതെ യാത്രക്കാരെ കൊണ്ടുപോകരുത്

Published

|

Last Updated

മക്ക | ഹജ്ജ് ഗതാഗത നിയന്ത്രണങ്ങൾ പാലിക്കാൻ നിർദേശം നൽകി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. ഹജ്ജ് അനുമതിപത്രമോ മക്ക- റെസിഡൻസ് എൻട്രി പെർമിറ്റോ ഇല്ലാതെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ  യാത്രക്കാരെ കൊണ്ടുപോകരുതെന്ന് സഊദി അറേബ്യൻ  ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ഹജ്ജ് മേഖലയിൽ സർവീസ് നടത്തുന്ന കമ്പനികൾക്ക്  നിർദേശം നൽകി.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവരുടെ യാത്ര കാര്യക്ഷമമാക്കുക, സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, തിരക്ക് നിയന്ത്രിക്കുക തുടങ്ങി തീർഥാടക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്ന് സഊദി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
നിയം ലംഘിച്ച് മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ ആളുകളെ കൊണ്ടുപോകുന്നവർ 100,000 റിയാൽ പിഴ, ജയിൽ ശിക്ഷ, വാഹനം കണ്ടുകെട്ടൽ എന്നീ ശിക്ഷക്ക് വിധേയരാകും.    വ്യോമ, ജല, റോഡ്, റെയിൽ മേഖലകളിലുടനീളം ഹജ്ജ് വേളയിൽ ഏകോപനം ഉറപ്പാക്കിക്കൊണ്ട്  ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രാലയവും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും ഹജ്ജ് സീസണിനായി പൂർണ സന്നദ്ധത പ്രഖ്യാപിച്ചു.

സമുദ്ര ഗതാഗതത്തിൽ സഊദി തുറമുഖ അതോറിറ്റി ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് 436 ജീവനക്കാരെ വിന്യസിച്ചു.  ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള- ബന്ധിത സ്റ്റേഷനുകളിൽ ഒന്നായ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്റ്റേഷനിൽ ഉൾപ്പെടെ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 35 ഇലക്ട്രിക് ട്രെയിനുകൾ ഹജ്ജ് വേളയിൽ മക്ക-മദീന റൂട്ടുകളിൽ സർവീസ് നടത്തും. ഹജ്ജിന് സാക്ഷ്യം വഹിക്കുന്ന മിന- അറഫ- മുസ്ദലിഫ എന്നിവിടങ്ങളിൽ അൽ മഷാഇർ റെയിൽ സർവീസ് 2,000 ത്തിലധികം യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ കര ഗതാഗതത്തിൽ മക്ക, മദീന എന്നീ  പുണ്യസ്ഥലങ്ങക്കിടയിൽ  20 പ്രധാന സ്ഥലങ്ങളിലായി 180 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.

Latest