Connect with us

Uae

ജിസിസി രാജ്യങ്ങള്‍ കൈകോര്‍ത്തു ; പ്രവാസിയായ നൂറിന് കരള്‍മാറ്റത്തോടെ അബുദാബിയില്‍ പുതു ജീവന്‍

നിര്‍ണ്ണായക മണിക്കൂറില്‍ നൂറിനെ തേടി കരളെത്തിയത് കുവൈത്തില്‍ നിന്ന്

Published

|

Last Updated

അബുദാബി |  എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നിര്‍ണ്ണായക ജീവന്‍രക്ഷാ ദൗത്യത്തിനായി രാജ്യങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ ജിസിസിയിലെ അവയവദാന രംഗത്ത് അപൂര്‍വ വിജയഗാഥ. നാല്പത്തി മൂന്നുകാരിയായ യുഎഇ നിവാസി നൂറാണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ ‘സൂപ്പര്‍ അര്‍ജന്റ്’ കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്. യുഎഇയില്‍ കരള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജിസിസി രാഷ്ട്രങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് അനുയോജ്യമായ അവയവം കണ്ടെത്തി ജീവന്‍ രക്ഷാ ദൗത്യം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ സംഘത്തിനായത്.

നിര്‍ണ്ണായകമായ ആ 48 മണിക്കൂര്‍

പൂര്‍ണ ആരോഗ്യവതിയായിരുന്ന ഇന്തോനേഷ്യന്‍ പ്രവാസി നൂറിന്റെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. സാധാരണ പരിശോധനകളില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സെറോനെഗറ്റീവ് ഹെപ്പറ്റൈറ്റിസ് മൂലം കരളിന് സംഭവിച്ച ക്ഷതം വളരെ പെട്ടന്ന് കരളിന്റെ പ്രവര്‍ത്തനം തന്നെ നിലയ്ക്കാന്‍ കാരണമായി. 48-72 മണിക്കൂറിനുള്ളില്‍ കരള്‍ മാറ്റി വയ്ക്കുക മാത്രമാണ് ഈ സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാനുള്ള ഒരേയൊരു വഴി. സമയബന്ധിതമായി ഇത് സാധിച്ചില്ലെങ്കില്‍ എണ്‍പത് ശതമാനം മരണനിരക്ക്. ഉടന്‍ അവയവ ദാതാക്കളെ പ്രാദേശികമായി കണ്ടെത്താനായി മെഡിക്കല്‍ സംഘം യുഎഇ അലേര്‍ട്ട് നല്‍കി. പക്ഷെ ഇത് ഫലം കണ്ടില്ല. ഉടന്‍ ജിസിസി രാജ്യങ്ങള്‍ക്കെല്ലാമായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള യുഎഇ നാഷണല്‍ സെന്റര് ഫോര്‍ ഓര്‍ഗന്‍ ഡോണെഷന്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് അറിയിപ്പ് പുറപ്പെടുവിച്ചു. 24 മണിക്കൂറിനകം കുവൈറ്റില്‍ കരള്‍ ഉണ്ടെന്ന സ്ഥിരീകരണമെത്തി.

ഇതോടെ ഡോ. ഗൗരബ് സെന്നിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കുവൈറ്റിലേക്ക് പോകാനൊരുങ്ങി. അബ്‌ഡോമിനല്‍ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. രെഹാന്‍ സൈഫിന്റെ നേതൃത്വത്തിലുള്ള സംഘം ദീര്‍ഘമായ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി ബിഎംസിയില്‍ സജ്ജരായി. അടിയന്തര പിന്തുണ ആവശ്യമായ കേസായതിനാല്‍ കുവൈറ്റിലേക്ക് പോകാനും തിരിച്ചുവരാനും മെഡിക്കല്‍ സംഘത്തിന് പ്രൈവറ്റ് ജെറ്റ് ഏര്‍പ്പാടാക്കി യുഎഇ അധികൃതര്‍. ആരോഗ്യ മന്ത്രാലയം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് – അബുദാബി, കുവൈറ്റ് എംബസി, അബുദാബി എയര്‌പോര്ട്‌സ് തുടങ്ങി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സംയുക്ത പിന്തുണയോടെ സമയബന്ധിതമായി കരളുമായി തിരിച്ചുവരാന്‍ സംഘത്തിനായി.

എന്നിട്ടും വെല്ലുവിളിയായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

ഗുരുതരമാം വിധം കരളിന്റെ പ്രവര്‍ത്തനം നിലച്ച നൂറിന് കടുത്ത മഞ്ഞപ്പിത്തം തുടങ്ങിയിരുന്നു. രക്തസ്രാവം, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, അണുബാധ, മറ്റു അവയവങ്ങളുടെ കൂടി പ്രവര്‍ത്തനം നിലയ്ക്കാനുള്ള സാധ്യത എന്നിവ കൂടി വന്ന മണിക്കൂറുകള്‍. തലച്ചോറിനെ പ്രശ്‌നങ്ങള്‍ ബാധിച്ചു തുടങ്ങിയതും അനസ്‌തേഷ്യ നല്‍കി കഴിഞ്ഞാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ മെഡിക്കല്‍ സംഘത്തിന് കഴിയാത്തതും വലിയ വെല്ലുവിളികളായി.

ഡോ. രെഹാന്‍ സൈഫും ഡോ. ജോണ്‍സ് മാത്യുവും (അബ്‌ഡോമിനല്‍ ട്രാന്‍സ്പ്ലാന്റ്, ഹെപ്പറ്റോ-പാന്‍ക്രിയാറ്റിക്കോ-ബിലിയറി സര്‍ജന്‍) അവയവം എത്തുമ്പോഴേക്കും നൂറിനെ ശസ്ത്രക്രിയയ്ക്കായി ബിഎംസിയില്‍ തയ്യാറാക്കിയിരുന്നു. ട്രാന്‍സ്പ്ലാന്റ് അനസ്‌തേഷ്യ കണ്‍സള്‍ട്ടന്റ് ഡോ. രാമമൂര്‍ത്തി ഭാസ്‌കരനും മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കരള്‍ ശേഖരണവും, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും 14 മണിക്കൂറിനകം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ സംഘത്തിനായി.

പൊടുന്നനെ കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന ഗുരുതര രോഗാവസ്ഥ എത്രയും പെട്ടന്ന് തിരിച്ചറിഞ്ഞു അവയവ മാറ്റം നടത്തേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് നൂറിന്റെ കേസെന്ന് മെഡിക്കല്‍ സംഘത്തിലെ മലയാളി ഡോക്ടര്‍ ജോണ്‍സ് മാത്യു പറഞ്ഞു. മരണാന്തര അവയവദാനത്തിന് തയ്യാറായ കുവൈറ്റിലെ രോഗിക്കും നിര്‍ണ്ണായക പിന്തുണ നല്‍കിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഡോക്ടര്‍മാര്‍ നന്ദി പറഞ്ഞു.

വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ നൂര്‍ തുടര്‍ പരിശോധനകള്‍ തുടരുകയാണ്. അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഒറ്റക്കെട്ടായി നിന്ന ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും തൊഴില്‍ ദാതാവായ എമിറാത്തി കുടുംബത്തിനും നൂര്‍ നന്ദി പറഞ്ഞു.
നൂറിനെ സഹായിക്കാനായി ഇന്തോനേഷ്യയില്‍ നിന്നെത്തിയ സഹോദരി ലാലേതുല്‍ ഫിത്രിയും അബുദാബിയില്‍ തുടരുന്നുണ്ട്.