Connect with us

National

ഭാവി പ്രവചനാതീതം; നാളെ എന്ത് സംഭവിക്കുമെന്ന് ട്രംപിന് പോലും അറിയില്ല: കരസേനാ മേധാവി

അതിർത്തികളിലായാലും, ഭീകരവാദത്തിലൂടെയായാലും, പ്രകൃതിദുരന്തങ്ങളിലൂടെയായാലും, സൈബർ യുദ്ധത്തിലൂടെയായാലും, അല്ലെങ്കിൽ ബഹിരാകാശ യുദ്ധം, രാസ, ജൈവ, റേഡിയോളജിക്കൽ ഭീഷണികൾ പോലുള്ള പുതിയ മേഖലകളിലൂടെയായാലും സായുധ സേനകൾ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം

Published

|

Last Updated

റീവ |ഭാവിയിൽ നാം നേരിടേണ്ടി വരുന്ന ഭീഷണികൾ പ്രവചനാതീതമാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. മുന്നോട്ടുള്ള ദിവസങ്ങൾ എങ്ങനെയായിരിക്കുമെന്ന് നിങ്ങൾക്കോ എനിക്കോ അറിയില്ല. നാളെ എന്ത് സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുപോലും അറിയില്ലെന്നും ജനറൽ ഉപേന്ദ്ര ദ്വീവേദി വ്യക്തമാക്കി. മധ്യപ്രദേശിലെ റീവയിലുള്ള തന്‍റെ ജന്മ നഗരത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“മുന്നോട്ട് വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും, ഭാവി നൽകാൻ പോകുന്ന വെല്ലുവിളികളെക്കുറിച്ചും പറയുകയാണെങ്കിൽ, ഹിന്ദിയിൽ നമ്മൾ അതിനെ സാധാരണയായി അസ്ഥിരത (Instability), അനിശ്ചിതത്വം (Uncertainty), ജടിലത (Complexity), അസ്പഷ്ടത (Ambiguity) എന്നിങ്ങനെയാണ് വിശേഷിപ്പിക്കാറ്. ഈ നാല് ഘടകങ്ങളാണ് നമുക്ക് പ്രതീക്ഷിക്കാവുന്ന കാര്യങ്ങളെ ചുരുക്കിപ്പറയുന്നത്. ലളിതമായി പറഞ്ഞാൽ, മുന്നോട്ടുള്ള ദിവസങ്ങൾ എങ്ങനെയായിരിക്കുമെന്ന് നിങ്ങൾക്കോ എനിക്കോ അറിയില്ല. നാളെ എന്ത് സംഭവിക്കുമെന്നും ആർക്കും അറിയില്ല. ഡൊണാൾഡ് ട്രംപ് നാളെ എന്ത് ചെയ്യുമെന്ന് അദ്ദേഹത്തിന് പോലും അറിയില്ലായിരിക്കും” – റീവയിലെ ടി ആർ എസ് കോളേജിൽ നടന്ന ചടങ്ങിൽ ജനറൽ ദ്വിവേദി പറഞ്ഞു.

അതിർത്തികളിലായാലും, ഭീകരവാദത്തിലൂടെയായാലും, പ്രകൃതിദുരന്തങ്ങളിലൂടെയായാലും, സൈബർ യുദ്ധത്തിലൂടെയായാലും, അല്ലെങ്കിൽ ബഹിരാകാശ യുദ്ധം, രാസ, ജൈവ, റേഡിയോളജിക്കൽ ഭീഷണികൾ പോലുള്ള പുതിയ മേഖലകളിലൂടെയായാലും സായുധ സേനകൾ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പിന്നെ ഇൻഫർമേഷൻ വാർഫെയർ ഉണ്ട്… ഉദാഹരണത്തിന്, ഓപ്പറേഷൻ സിന്ദൂർ സമയത്ത് കറാച്ചി ആക്രമിക്കപ്പെട്ടു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ആ റിപ്പോർട്ടുകൾ ഞങ്ങൾക്കും ലഭിച്ചു, അത് എവിടെ നിന്നാണ് വന്നതെന്നോ ആരാണ് തുടങ്ങിയതെന്നോ ഞങ്ങൾക്ക് പോലും അറിയാമായിരുന്നില്ല. കാര്യങ്ങൾ എത്ര വേഗത്തിലും ആശയക്കുഴപ്പമുണ്ടാക്കിയുമാണ് നീങ്ങുന്നത് എന്നതിൻ്റെ ഉദാഹരണമാണിത്” – അദ്ദേഹം വിശദീകരിച്ചു.

ഓപ്പറേഷൻ സിന്ദൂറിൽ നിന്ന് പഠിച്ച പാഠങ്ങളെ കുറിച്ചും ജനറൽ ദ്വിവേദി വാചാലനായി. ഒന്നാമതായി, ഓപ്പറേഷൻ സിന്ദൂർ എന്നത് ശത്രുവിനെ പരാജയപ്പെടുത്തുന്നത് മാത്രമല്ല – പരമാധികാരവും, അഖണ്ഡതയും, സമാധാനവും പുനഃസ്ഥാപിക്കുക എന്നതുകൂടിയായിരുന്നു. ഓപ്പറേഷന് ‘സിന്ദൂർ’ എന്ന് പേരിടാൻ പ്രധാനമന്ത്രി എന്നോട് പറഞ്ഞപ്പോൾ, കാർഗിൽ യുദ്ധസമയത്ത് കരസേന അതിന് ഓപ്പറേഷൻ വിജയ് എന്നും വ്യോമസേന ഓപ്പറേഷൻ സഫേദ് സാഗർ എന്നും പേരിട്ടത് ഞാൻ ഓർത്തു. ഇത്തവണ, പ്രധാനമന്ത്രി തന്നെയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് തിരഞ്ഞെടുത്തത്. അതിൻ്റെ ഏറ്റവും വലിയ പ്രയോജനം എന്തായിരുന്നുവെന്ന് വെച്ചാൽ? രാജ്യം മുഴുവൻ ഒരൊറ്റ പേരിൽ ഒന്നിച്ചു – സിന്ദൂർ. അത് രാജ്യമെമ്പാടും വൈകാരികമായി അലയൊലികൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“നിങ്ങൾ ഒരു ആക്രമണം തുടങ്ങുമ്പോഴോ അല്ലെങ്കിൽ ശത്രുവിൻ്റെ വെടിയേൽക്കുമ്പോഴോ അടുത്തത് എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല. അവിടെ എപ്പോഴും അനിശ്ചിതത്വം ഉണ്ടാകും. എത്ര സൈനികരെ നഷ്ടപ്പെടുമെന്നോ, എന്ത് നടപടികൾ എടുക്കേണ്ടി വരുമെന്നോ, എത്ര സാധാരണക്കാരെ ബാധിക്കുമെന്നോ അറിയില്ല. ഈ അപകടസാധ്യതകൾക്കിടയിലും, ഈ ഓപ്പറേഷനിൽ, ഞങ്ങൾക്ക് ഭീഷണിയുയർത്തുന്ന ഏതൊരു സ്ഥാനവും കേന്ദ്രവും നേരിട്ട് ആക്രമിക്കപ്പെടുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തി” – ജനറൽ ദ്വിവേദി വ്യക്തമാക്കി.