local body election 2025
കാസർകോട് കൊട്ടിക്കലാശം കളറാക്കി മുന്നണികൾ
ജില്ലയിൽ 11,12,190 വോട്ടർമാർ • നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം
കാസർകോട് | തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ജില്ലയിൽ ആവേശ പൂർവ്വമായ കൊട്ടിക്കലാശം. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. വീടുകൾ തോറും കയറിയിറങ്ങി ഓരോ വോട്ടും ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലായിരിക്കും ഇനിയുള്ള മണിക്കൂറുകളിൽ സ്ഥാനാർഥികളും പ്രവർത്തകരും.
നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ ജനം ആരെ പിന്തുണക്കുമെന്നതിൽ ആകാംക്ഷയിലാണ് നാടും നഗരവും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരുമെന്നതിനാൽ വർഷങ്ങളായി സംസ്ഥാനത്തിനിത് സെമി ഫൈനൽ പോരാട്ടമാണ്. അതുകൊണ്ടുതന്നെ അരയും തലയും മുറുക്കിയാണ് മുന്നണികൾ വിജയം പിടിച്ചെടുക്കാൻ ഗോദയിലിറങ്ങിയത്.
ആറും ഏഴും റൗണ്ട് വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ഥനയും നവമാധ്യമങ്ങളില്‍ റീൽസും പാട്ടും പോസ്റ്റുമായി നിറഞ്ഞതും വിവാദങ്ങളും പ്രതികരണങ്ങളും വികസന ചര്‍ച്ചകളും തുടങ്ങി ഒരുമാസം നീണ്ട പരസ്യ പ്രചാരണത്തിനാന്ന് ഇന്നലെ വൈകിട്ട് പരിസമാപ്തിയായത്. ഓരോ തദ്ദേശ സ്ഥാപനപരിധിയിലെയും പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം.
കാസർകോട്, കുമ്പള, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, ഉദുമ, രാജപുരം, നീലേശ്വരം, ചെറുവത്തൂർ, കാലിക്കടവ്, തൃക്കരിപ്പൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് കൊട്ടിക്കലാശം നടന്നത്.
വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെയുള്ള വലിയ ആഘോഷമാണ് നാടെങ്ങും നടന്നത്. പഞ്ചായത്ത് കേന്ദ്രങ്ങളിലും കലാശക്കൊട്ട് രാഷ്ട്രീയ പാർട്ടികൾ കളറാക്കി. നേതാക്കളെ പങ്കെടുപ്പിച്ചുള്ള റോഡ് ഷോകളും പ്രധാന കേന്ദ്രങ്ങളിൽ നടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രധാന സ്ഥലങ്ങളിൽ പോലീസ് ബന്തവസ്സ് ഏർപ്പെടുത്തിയിരുന്നു.
ജില്ലയിൽ ആകെ 38 ഗ്രാമപഞ്ചായത്തുകൾ, മൂന്ന് മുനിസിപ്പാലിറ്റികൾ, ആറ് ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത് എന്നിവ ഉൾപ്പെടെ 48 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ ആകെ 725 വാർഡുകളിലേക്കായി 1,242 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. നഗരസഭകളിൽ 120 വാർഡുകളിലേക്കായി 128 പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിക്കും. ഇങ്ങനെ ആകെ 1,370 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിൽ സജ്ജീകരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ 92 ഡിവിഷനുകളിലേക്ക് ജില്ലാ പഞ്ചായത്തിൽ 18 ഡിവിഷനുകളിലേക്കാണ് മത്സരം. ആകെ 955 നിയോജക മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് ജില്ലയിൽ നടക്കുന്നത്.
11,12,190 വോട്ടർമാരാണ് ജില്ലയിൽ വോട്ട് രേഖപ്പെടുത്തുന്നത്. ഇതിൽ 502422 പേർ പുരുഷന്മാരും 5,88,156 പേർ വനിതകളുമാണ്. 12 ട്രാൻസ്ജെൻഡേഴ്സും ജില്ലയിൽ വോട്ടർമാരായുണ്ട്. 129 പ്രവാസി വോട്ടർമാർക്കും ജില്ലയിൽ വോട്ടവകാശമുണ്ട്. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് രേഖപ്പെടുത്താനുള്ള സമയം. വൈകിട്ട് ആറിന് ക്യൂവിൽ നിൽക്കുന്ന മുഴുവൻ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകും.
ജില്ലയിലാകെ 119 പ്രശ്നബാധ്യത ബൂത്തുകളാണ് നിർണയിച്ചിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ കെൽട്രോൺ മുഖേന വെബ്കാസ്റ്റിംഗ് നടപടികൾ പൂർത്തീകരിച്ചു വരുന്നുണ്ട്. തദ്ദേശ ഭരണ വകുപ്പ് ജോയിന്റ്ഡയറക്ടറുടെ കാര്യാലയത്തിൽ ജില്ലാതല മോണിറ്ററിംഗ് സെന്റർ പ്രവർത്തിക്കും.
പതിവിന് വിപരീതമായി ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളും വികസന പ്രശ്നങ്ങൾക്കും ഒപ്പം സ്വർണക്കൊള്ളയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന കേസുകൾ ഉയർത്തിയ വിവാദങ്ങളും കളം നിറഞ്ഞു. എൽ ഡി എഫിനെയും യു ഡി എഫിനെയും ഇത് പ്രതിരോധത്തിലാക്കിയപ്പോൾ രണ്ട് കൂട്ടരെയും മാറ്റിനിർത്താനുള്ള സുവർണാവസരമെന്ന് പറഞ്ഞായിരുന്നു ബി ജെ പി പ്രചാരണം.
പ്രാദേശികമായി മുന്നണികൾക്കും പാർട്ടികൾക്കും കലാശക്കൊട്ട് നടത്താനുള്ള സ്ഥലങ്ങൾ നിശ്ചയിച്ച് പോലീസ് അനുമതി നൽകിയിരുന്നു. കാസർകോട് നഗരസഭയിൽ കലാശക്കൊട്ടിന്റെ ഭാഗമായി യു ഡി എഫ് പ്രകടനമുണ്ടായില്ല. തളങ്കര, അണങ്കൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വോട്ട് അഭ്യർഥന മാത്രമാണ് ഉണ്ടായത്. എൽ ഡി എഫും ബി ജെ പിയും ആഘോഷമായി കലാശക്കൊട്ട് നടത്തിയില്ല.
വോട്ടഭ്യർഥന മാത്രമാണുണ്ടായത്. കാഞ്ഞങ്ങാട് നഗരസഭയിൽ എൽ ഡി എഫിന്റെ കലാശക്കൊട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിനു സമീപത്തെ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുന്നിൽ നടന്നു. സമീപ വാർഡുകളിലെ പ്രവർത്തകർ പങ്കെടുത്തു. യു ഡി എഫ് നഗരത്തിൽ പ്രത്യേക റാലി ഒഴിവാക്കി. അതതു വാർഡുകൾ കേന്ദ്രീകരിച്ച് പ്രചാരണ സമാപന പരിപാടികൾ നടത്തി. എൻ ഡി എയുടെ നഗരസഭയിലെ പ്രചാരണ സമാപനം ഹൊസ്‌ദുർഗ് മാന്തോപ്പ് മൈതാനിയിൽ നടന്നു. നീലേശ്വരം നഗരസഭയിൽ യു ഡി എഫിന്റെ പ്രകടനം കോൺ ജംഗ്ഷനിൽ നിന്ന് തെരുറോഡ് ഹാപ്പി ടൂറിസ്‌റ്റ് ഹോം റോഡ് വഴി നിലവിലുള്ള ബസ് സ്‌റ്റാൻഡ് പരിസരത്ത് സമാപിച്ചു.
എൽ ഡി എഫ് പ്രകടനം കോൺവന്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് തെരുറോഡ് ഹാപ്പി ടൂറിസ്‌റ്റ് ഹോം റോഡ് വഴി പഴയ മുനിസിപ്പാലിറ്റി ഓഫീസിന് സമീപം സമാപിച്ചു.


