Connect with us

Articles

കിളികളാരവം നിലച്ചുപോയ ഒരു നഗരത്തില്‍ നിന്ന്

ഇത് വംശീയതയുടെ അങ്ങേയറ്റമാണ്. ഉയിരിന്റെ പാതിയില്‍ നിന്ന് ഉരുവം കൊണ്ട ഒരു ദേശത്ത് നിന്ന് തദ്ദേശീയരെ കൊന്നൊടുക്കുന്നു. ആ നിലവിളികളെ കേള്‍ക്കാതിരിക്കാന്‍ ആര്‍ക്ക് കഴിയും? കുഞ്ഞുങ്ങളുടെ ജനന സമയത്തെ കരച്ചിലുകള്‍ ആദ്യത്തെയും അവസാനത്തെയും നിലവിളിയായി അന്തരീക്ഷമാകെ പടരുന്നു. ഗസ്സയിലെ കുഞ്ഞുറുമ്പുകളെ വരെ അനാഥമാക്കുന്ന അധികാരത്തിന്റെ കിരീടത്തെ തകര്‍ത്തെറിയാന്‍ കൊതിക്കുന്നു, പ്രാര്‍ഥിക്കുന്നു ഹൃദയമുള്ള മനുഷ്യര്‍.

Published

|

Last Updated

+’അവര്‍ നഗ്‌നരായാണ് വന്നത്
വീടു തകര്‍ത്ത് അകത്തു കയറി
ഒരു കുഴി കുഴിച്ചു
കുഞ്ഞുങ്ങളെ കുഴിച്ചുമൂടി’
(അഡോണിസ്)
അപ്പാടെ നശിച്ചുപോയ ഒരു നഗരത്തെക്കുറിച്ച് പറയുന്നുണ്ട് മുള്ളെനോസ് വാംസ്ലി തന്റെ The Ruined cities of Zululand എന്ന നോവലില്‍. നശിച്ചുപോയതല്ല, നശിപ്പിച്ചതാണാ നഗരത്തെ. നശിച്ചുപോകുക, നശിപ്പിക്കുക എന്നത് രണ്ടര്‍ഥമുള്ള രണ്ട് വാക്കുകളാണ്. ഈ സമര്‍ഥനമാണ് നോവലില്‍.

ഭൂപടത്തില്‍ നിന്ന് ഒരു നഗരത്തെ മായ്ച്ചുകളയുന്നത് എളുപ്പമായിരിക്കാം. പക്ഷേ, ആ നഗരത്തില്‍ അന്നേവരെ ജീവിച്ചവര്‍, മരിച്ചുപോയവര്‍, അവരുടെ ഓര്‍മകള്‍, സ്വപ്നങ്ങള്‍, അവശേഷിപ്പുകള്‍, തിരുശേഷിപ്പുകള്‍, പ്രതീക്ഷകള്‍.. എങ്ങനെയാണ് ഇവയെ മായ്ച്ചുകളയാനാകുക!

കിളിയൊച്ചകളും വെയില്‍നൊച്ചികളും നിലച്ച്, മറ്റൊരു നഗരം കൂടി നശിപ്പിക്കപ്പെടുകയാണ്. തിളക്കുന്ന ലാവ ഒഴിച്ച് ഒരു ഭൂപ്രദേശത്തെ അപ്പാടെ ഇല്ലാതാക്കിയാലും ഓര്‍മയില്‍ തിളങ്ങി നില്‍ക്കില്ലേ ആ നഗരം?

കൊല്ലപ്പെടുന്നതും പുറത്താക്കപ്പെടുന്നതും മനുഷ്യരാണ്. കണ്ടുകൊണ്ടിരിക്കെ മണ്ണ്, കേട്ടുകൊണ്ടിരിക്കെ ശ്വാസം, പ്രകാശം പരത്തിക്കൊണ്ടിരിക്കെ പ്രഭാതം, വിലപിച്ചുകൊണ്ടിരിക്കെ നിലവിളികള്‍, കൊഞ്ചലുകള്‍, പുഞ്ചിരികള്‍.. സ്വയം നശിക്കുകയാണെന്ന് കരുതരുത്. ഇവയെ നശിപ്പിക്കുകയാണ്.

ഇടനെഞ്ചില്‍ പിടക്കുന്ന ഹൃദയവുമായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ഇത്രയേറെ ഭയപ്പെടുന്നത് എന്തിനാണെന്ന് അറിയാത്തവരാരുമില്ല. ഗസ്സയിലെ സങ്കടങ്ങള്‍ക്ക് കടലാഴത്തിന്റെ തണുപ്പും ആഴവുമുണ്ട്. എത്രതന്നെ ഒളിപ്പിച്ചുവെച്ചാലും ഈ കരച്ചിലുകള്‍ക്ക് ആകാശത്തില്‍ നിന്നുള്ള പ്രതിധ്വനി നിസ്സംശയമെന്നത് വിലമതിക്കാനാകാത്ത പ്രതീക്ഷയാണ്. ഇതിനു മുമ്പും ഭൂമിയില്‍ നൃശംസത ഉണ്ടായിരുന്നു. ജനനിബിഡമായ തെരുവില്‍ നിന്ന് മനുഷ്യനെ കാണാതായിരുന്നു. മര്‍ദിക്കപ്പെട്ടിരുന്നു. തീയിലിട്ടിരുന്നു. അവയവങ്ങള്‍ അരിഞ്ഞിരുന്നു. രക്തത്തില്‍ നിന്ന് രക്തത്തിലേക്ക് നിഷ്‌കരുണം വലിച്ചിഴച്ചു കൊണ്ടുപോയിരുന്നു.
ജീവച്ഛവങ്ങളായിക്കൊണ്ടിരിക്കുന്ന ജന്തുക്കളെ ചത്തുകിട്ടാനായി അക്ഷമയോടെ വട്ടമിട്ടു പറക്കുന്ന കഴുകക്കൂട്ടങ്ങളെ കണ്ടിട്ടില്ലേ? മരണം വരുന്ന വഴികളെക്കുറിച്ച് നല്ല ബോധ്യമുണ്ട് അവറ്റകള്‍ക്ക്. അന്നത്തെയും ഇന്നത്തെയും കഴുകക്കൂട്ടങ്ങള്‍ക്ക് നേര്‍ത്ത നിറവ്യത്യാസം പോലുമില്ല. ഒടുവില്‍ ഈ കൂട്ടങ്ങളും ചത്തുമലച്ച് ദുര്‍ഗന്ധം പരത്തി ആര്‍ക്കും വേണ്ടാതെയങ്ങനെ..

ഇത്രയും ക്രൂരരായ സാഡിസ്റ്റുകള്‍ ചരിത്രത്തിലുണ്ടായിരുന്നോ? പടയോട്ടങ്ങളുടെ കുതിരക്കാല്‍ച്ചവിട്ടടിയില്‍ ഞെരിഞ്ഞമര്‍ന്ന് മൃതപ്പെട്ടവരില്‍ കുഞ്ഞുങ്ങളുണ്ടായിരുന്നോ? ഒരു മതിലിനപ്പുറത്തു നിന്ന് കണ്ണില്‍ ചോരയില്ലാതെ തുറിച്ചു നോക്കുന്ന കഴുകന്മാര്‍ക്കാവശ്യം പിഞ്ചിളം പൈതങ്ങളുടെ ചോരയിറ്റുന്ന മയ്യിത്തുകളാണ്. പക്ഷേ, ചിരിച്ചു കൊണ്ട് മരണത്തിന്റെ മാലാഖയോടൊപ്പം ഇറങ്ങിനടക്കുന്ന ഈ മയ്യിത്തുകള്‍ കഴുകക്കൂട്ടങ്ങളെ അനല്‍പ്പമായി രോഷാകുലരാക്കുകയാണ് ചെയ്യുന്നത്.

ഒരു നിമിഷം കൊണ്ട് കൊഴിഞ്ഞുപോകുന്ന നഗരവും അതിനകത്തെ ജീവനുകളും ഓര്‍മകളും പിന്നെയും ആര്‍ത്തിരമ്പി വരുന്നു. ഗസ്സയുടെ അകത്തും പുറത്തും കെട്ടുപിണഞ്ഞു കിടക്കുന്ന ചൂടും ചൂടുള്ള ചോരയും കണ്ണുകളെ അസ്വസ്ഥമാക്കുന്നു. ഒരു നഗരത്തെ മായ്ച്ചുകളഞ്ഞിട്ട് ശത്രു ആര്‍ത്തട്ടഹസിച്ച് ചിരിക്കുന്നു. നവജാത ശിശുക്കളെ കൊന്നതിലുള്ള ആഹ്ലാദമാണത്. പക്ഷേ, തന്റെ ശരീരവും ആത്മാവും ഇറ്റിവീഴുന്ന ചോരയും ഗസ്സയുടെ മുനമ്പില്‍ കോടികളായി പടരുന്ന പ്രതിഷേധ വീര്യമായി പകുത്തുനല്‍കിയാണ് ഓരോ പൈതലും ഭൂമിയുടെ സമതലത്തില്‍ നിന്ന് വിടപറയുന്നതെന്ന് ശത്രു അറിയുന്നേയില്ല.

ഇത് വംശീയതയുടെ അങ്ങേയറ്റമാണ്. ഉയിരിന്റെ പാതിയില്‍ നിന്ന് ഉരുവം കൊണ്ട ഒരു ദേശത്ത് നിന്ന് തദ്ദേശീയരെ കൊന്നൊടുക്കുന്നു. ആ നിലവിളികളെ കേള്‍ക്കാതിരിക്കാന്‍ ആര്‍ക്ക് കഴിയും? കുഞ്ഞുങ്ങളുടെ ജനന സമയത്തെ കരച്ചിലുകള്‍ ആദ്യത്തെയും അവസാനത്തെയും നിലവിളിയായി അന്തരീക്ഷമാകെ പടരുന്നു. ഗസ്സയിലെ കുഞ്ഞുറുമ്പുകളെ വരെ അനാഥമാക്കുന്ന അധികാരത്തിന്റെ കിരീടത്തെ തകര്‍ത്തെറിയാന്‍ കൊതിക്കുന്നു, പ്രാര്‍ഥിക്കുന്നു ഹൃദയമുള്ള മനുഷ്യര്‍.

ഒന്നിലേറെ ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ അയച്ചിട്ട്, അതിനുതാഴെ അമല്‍ റമദാന്‍ എഴുതിയത് ഒറ്റവാക്കായിരുന്നു. ഡിയലമൃമയഹല! ഫലസ്തീനില്‍ നിന്ന് ബിര്‍മിംഗ്ഹാമിലേക്ക് വലിച്ചെറിയപ്പെട്ട ബാല്യമുള്ള അമല്‍ റമദാന്‍ നടന്നുതാണ്ടിയ ദൂരമത്രയും ജന്മനാടിന്റെ കരച്ചിലും കൊണ്ടായിരുന്നു. ശത്രുപക്ഷത്തെ നേരിടാന്‍ അമലിന്റെ ദേശക്കാര്‍ അന്നുമിന്നും ഉരുവിടുന്ന മന്ത്രം തന്നെയായിരുന്നു എനിക്ക് തിരിച്ചയക്കാന്‍ ഉണ്ടായിരുന്നത്. ‘ഹസ്ബുനല്ലാഹു വ നിഅ്മല്‍ വകീല്‍..’

അല്‍ശിഫ ഹോസ്പിറ്റലും അനുബന്ധ മെഡിക്കല്‍ സംവിധാനങ്ങളും തകര്‍ത്തെറിഞ്ഞ് സംഹാര നൃത്തമാടിയതിന്റെ രാത്രി പ്രകൃതിയിലെ ഒരൊറ്റ ജീവിപോലും ഉറങ്ങിയിട്ടുണ്ടാകില്ല. മുറിവുകള്‍ക്കു മേല്‍ മുറിവുണ്ടാക്കുകയും അതില്‍ എരിവു ചേര്‍ക്കുകയും ചെയ്യുന്ന അതിക്രൂരമായ അക്രമമായിരുന്നു അത്. ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങളുംകൊണ്ട് ഹോസ്പിറ്റലിനു പുറത്തേക്ക് പായുന്ന ഒരു ജനതയുടെ നിസ്സഹായാവസ്ഥ. ആത്മാവ് നഷ്ടപ്പെട്ട അതിജീവനങ്ങള്‍. അധികാരത്തിന്റെ അഗ്‌നിജലം കുടിക്കാന്‍ വിധിക്കപ്പെട്ട ഇരകള്‍.

ഇന്‍ക്യുബേറ്ററിന്റെ ചെറിയ സുഷിരത്തിലൂടെ, അതിനകത്ത് കിടക്കുന്ന ശിശുവിന്റെ നെറ്റിക്കു മീതെ തോക്ക് ചൂണ്ടിനില്‍ക്കുന്ന പട്ടാളക്കാരന്റെ ഒരു ചിത്രം കണ്ടു. മറ്റൊരു ചിത്രം, കുട്ടിയുടെ ചുണ്ടിലേക്ക് പാല്‍ക്കുപ്പിക്കു പകരം മിസൈല്‍ ചെരിച്ചു വെച്ചിരിക്കുന്നതാണ്. രണ്ടും കാര്‍ട്ടൂണാണ്. അനേകായിരം അര്‍ഥമുള്ള വരകള്‍. നിറയെ കുഞ്ഞുങ്ങളുണ്ടായിരുന്നു അല്‍ശിഫാ, അര്‍റാന്റിസി, ഇന്തോനേഷ്യന്‍, അല്‍അഖ്സ ഹോസ്പിറ്റലുകളില്‍. ക്യാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങള്‍. യുദ്ധത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍. പ്രസവ വാര്‍ഡുകള്‍.. മണിക്കൂറുകള്‍ക്കുള്ളില്‍, കടല്‍ക്ഷോഭമേറ്റ് ഉടഞ്ഞുപോയ ഒരു തുരുത്തായി മാറി ഈ ആശുപത്രികള്‍.

ഹമാസിന്റെ സങ്കേതം കണ്ടെത്തുന്നുവെന്ന പച്ചക്കള്ളം പറഞ്ഞാണ് ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സ് ഗസ്സയെ തരിപ്പണമാക്കിയത്. കുട്ടികള്‍, സ്ത്രീകള്‍, വീടുകള്‍, വളര്‍ത്തുമൃഗങ്ങള്‍, പലഹാരക്കടകള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ആംബുലന്‍സുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി സര്‍വതും തച്ചുടച്ചിട്ടും ഹമാസിന്റെ കേന്ദ്രങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലത്രെ! 46 ദിവസങ്ങള്‍. നാല്‍പ്പതിനായിരം ടണ്‍ സ്ഫോടക വസ്തുക്കള്‍. 13,246 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 6,300 പേര്‍ കുട്ടികളാണ്. 30,420 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഏഴായിരത്തിലേറെ മനുഷ്യര്‍ ഗുരുതരാവസ്ഥയിലാണെന്നും ആയിരത്തിലധികം കുട്ടികള്‍ ഇസ്റാഈല്‍ സൈന്യത്തിന്റെ തടവിലാണെന്നും സൂചിപ്പിക്കുന്നു, പുതിയ റിപോര്‍ട്ടുകള്‍.

സ്വപ്നങ്ങളെഴുതാന്‍ ഭാഷ കിട്ടാതെ നില്‍ക്കുന്ന ജനക്കൂട്ടമാണ് ഗസ്സയിലേത്. ദാരിദ്ര്യത്തിന്റെ സകല അടയാളങ്ങളും ദൃശ്യമാകുന്ന ഇടം. അതിഥികളായി എത്തിയവരുടെ അധികാരധാര്‍ഷ്ട്യം ആവോളം അനുഭവിക്കുന്ന ഭൂമിക. മരുഭൂമികളും കടലും വെയിലും മഴയും മഞ്ഞും ഒലീവും ചോളവും ഉള്ള ഈ നഗര മുനമ്പില്‍ കുഞ്ഞുങ്ങള്‍ കലപില കൂട്ടിയിരുന്നു. കവിത പെയ്തിരുന്നു. കിളികളായിരം ആരവങ്ങള്‍ ഉതിര്‍ത്തിരുന്നു. പ്രാവുകള്‍ കുറുകിയിരുന്നു. പച്ചപ്പും പച്ചിലയും ഉണ്ടായിരുന്നു. ഒലീവു ചില്ലകളെ കാറ്റുണര്‍ത്തിയിരുന്നു. കുബ്ബൂസ് ചുട്ടെടുത്തിരുന്ന ബേക്കറികള്‍ ഉണ്ടായിരുന്നു. തെരുവില്‍ ആളനക്കമുണ്ടായിരുന്നു.

ഓര്‍മകള്‍ക്കൊപ്പം മറവികളും നിറഞ്ഞുനില്‍ക്കുന്ന ഈ നഗരത്തിലിപ്പോള്‍ പൊള്ളുന്ന ചൂടാണ്. അഡോണിസിന്റെ കവിതയിലെ വീടു തകര്‍ത്ത് അകത്തു കയറിയവരാണ് നഗരത്തെ പൊള്ളിച്ചത്. വീട്ടിനകത്ത് ആഴക്കുഴികള്‍ തീര്‍ത്ത് അതില്‍ കുഞ്ഞുങ്ങളെ കുഴിച്ചുമൂടി. 90 ശതമാനം പൊള്ളലേറ്റവര്‍. പാതിവെന്ത ശരീരമുള്ളവര്‍. കരളുരുക്കുന്നു. കണ്ണുനിറക്കുന്നു.

ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നതും ചരിത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെടുന്നതും ഒരുപോലെയല്ല. ഇനി, ഇങ്ങനെയൊരു നഗരം ഭൂമിയില്‍ ഉണ്ടായിരുന്നില്ലെന്നായിരിക്കുമോ അവര്‍ പറയാന്‍ ഒരുങ്ങുന്നത്? ഗസ്സ ഒരു സ്വപ്നം മാത്രമായിരുന്നെന്ന്, നിങ്ങളുടെ തോന്നലായിരുന്നെന്ന്, ഒരു കെട്ടുകഥ മാത്രമായിരുന്നെന്ന് അവര്‍ സമര്‍ഥിച്ചേക്കുമോ? ഭയം തോന്നുന്നു.