National
മഴ ലഭിക്കാന്‍ യു പിയില്‍ തവളകളുടെ വിവാഹം നടത്തി
നേരത്തെ യു പിയിലെ മഹാരാജ്ഗഞ്ചില്‍ മഴ ലഭിക്കാന്‍ എം എല്‍ എയെ ചെളിയില്‍ കുളിപ്പിച്ചിരുന്നു

ലഖ്‌നൗ | ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗൊരഖ്പൂരില്‍ മഴ ലഭിക്കാനായി തവളയുടെ കല്ല്യാണം നടത്തി. ഗൊരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തില്‍ ഹിന്ദു മഹാസംഘാണ് ചടങ്ങ് സംഘടിപ്പിച്ചത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതിപ്പെടുത്തിയാല്‍ മഴ ലഭിക്കുമെന്നും വരള്‍ച്ച മാറുമെന്നുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് തവകളുടെ കല്ല്യാണം നടത്തിയത്. ക്കാട്ടടങ്ങും പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പാലിച്ചായിരുന്നു വിവാഹം. ഇത് കാണാനായി ഗ്രാമവാസികളെല്ലാം എത്തിയിരുന്നു. തവളകളെ മല ചാര്‍ത്തിച്ച് നാട്ടുകാര്‍ പുഷ്പവൃഷ്ടി നടത്തി.
സാവന്‍ മാസം തുടങ്ങിയിട്ട് അഞ്ച് ദിവസമായങ്കിലും മഴയില്ല. എങ്ങും വരള്‍ച്ചയാണ്. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോള്‍ തവളകളുടെ വിവാഹം സംഘടിപ്പിച്ചു. അത് ആചാരത്തിന്റെ ഭാഗമാണ്- മഹാസംഘ് നേതാവ് രമാകാന്ത് വെര്‍മ പറഞ്ഞു.
നേരത്തെ മഹാരാജ്ഗഞ്ചില്‍ മഴ ലഭിക്കാന്‍ എം എല്‍ എ ജയമംഗള്‍ കനോജിയയെ നാട്ടുകാര്‍ ചെളിയില്‍ കുളിപ്പിക്കുന്ന സംഭവവുമുണ്ടായിരുന്നു.