Kerala
പ്രാഥമികാരോഗ്യത്തിലെ പണാപഹരണം; മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ്
മലപ്പുറം നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുന്‍ യു ഡി ക്ലര്‍ക്ക് സി നാസിറിനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

മലപ്പുറം | നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശമ്പള ബില്ലുകളിലും മറ്റും നടത്തിയ തിരിമറിയിലൂടെ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ്. സി നാസിര്‍ എന്നയാളെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 1,40,000 രൂപ പിഴയൊടുക്കാനും കോടതി ആവശ്യപ്പെട്ടു. ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതി. കോഴിക്കോട് വിജിലന്‍സ് ജഡ്ജി ഷിബു തോമസിന്റേതാണ് വിധി. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അരുണ്‍ നാഥ് ഹാജരായി.
നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 2004-2006 കാലഘട്ടത്തില്‍ ജോലി ചെയ്ത സമയത്താണ് നാസിര്‍ 2,31,767 രൂപയുടെ പണാപഹരണം നടത്തിയത്. ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ ബില്ലുകള്‍ തയ്യാറാക്കല്‍, തുക വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചുമതലകള്‍ വഹിച്ചു വരുന്നതിനിടെയാണ് നാസിര്‍ തിരിമറി നടത്തിയത്.
മലപ്പുറം വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയ കേസിലാണ് നാസിര്‍ കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലന്‍സ് കോടതി കണ്ടെത്തിയത്.