National
മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യ ബി ജെ പി സ്ഥാനാര്‍ഥിയാകും
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ആദ്യത്തെ ജഡ്ജിയാണ് അദ്ദേഹം

ന്യൂഡല്‍ഹി | മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യ ബംഗാളിലെ തംലൂക്കില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. രാജിവെച്ച ശേഷമാണ് അഭിജിത് ഗംഗോപാധ്യ ബിജെപിയില്‍ ചേര്‍ന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തി ബിജെപി ചേരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ആദ്യത്തെ ജഡ്ജിയാണ് അദ്ദേഹം.ഞായറാഴ്ച പ്രഖ്യാപിച്ച ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയും ഇടം പിടിച്ചത്.
കോണ്‍ഗ്രസ് വിട്ട് ഇന്ന് ബിജെപിയില്‍ ചേര്‍ന്ന വ്യവസായി നവീന്‍ ജിന്‍ഡാല്‍ കുരുക്ഷേത്രയില്‍ മത്സരിക്കും. 2004 ലും 2009 ലും കുരുക്ഷേത്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ആയിരുന്നു നവീന്‍ ജിന്‍ഡല്‍. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ കങ്കണ റാവത്ത് മത്സരിക്കും.
സുല്‍ത്താന്‍ പൂരില്‍ മേനക ഗാന്ധി സ്ഥാനാര്‍ഥിയാകും. വരുണ്‍ ഗാന്ധി അഞ്ചാം ഘട്ട പട്ടികയില്‍ ഇടം പിടിച്ചില്ല. വരുണ്‍ ഗാന്ധിയുടെ പിലിഭിത്ത് മണ്ഡലത്തില്‍ ജിതിന്‍ പ്രസാദയാണ് ബിജിപി സ്ഥാനാര്‍ഥി.
കേരളത്തില്‍ ബാക്കിയുള്ള നാല് സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ ഉള്‍പെടുത്തിയാണ് ബിജെപി അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കിയത്. വയനാട്ടില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. ആലത്തൂരില്‍ ടി എന്‍ സരസു, കൊല്ലത്ത് നടന്‍ കൃഷ്ണകുമാര്‍, എറണാകുളത്ത് കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കും.