Uae
ഫ്ലൈ ദുബൈയിലും പവർ ബേങ്ക് നിരോധിച്ചു
പുതിയ മാർഗരേഖ പുറത്തിറക്കി

ദുബൈ|വിമാനത്തിനുള്ളിൽ പവർ ബേങ്കുകൾ ഉപയോഗിക്കുന്നത് സംബന്ധമായി ഫ്ലൈ ദുബൈയും പുതിയ മാർഗരേഖ പുറത്തിറക്കി. സുരക്ഷാ കാരണങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്ന് മുതൽ യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമങ്ങൾ ബാധകമായിട്ടുണ്ട്. ഓരോ യാത്രക്കാരനും ഒരു പവർ ബേങ്ക് മാത്രം കൈവശം വെക്കാൻ അനുവാദമുണ്ട്. അത് ഹാൻഡ് ബാഗേജിലായിരിക്കണം. പവർ ബേങ്കിന്റെ വാട്ട്-അവർ റേറ്റിംഗ് 100ൽ താഴെയായിരിക്കണം. ഇത് ഉപകരണത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഇതിൽ കൂടുതലുള്ള ഉപകരണങ്ങൾ വിമാനത്തിൽ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
യാത്രക്കിടെ ഉപകരണങ്ങളോ പവർ ബേങ്കോ വിമാനത്തിന്റെ പവർ സോക്കറ്റുകൾ വഴി ചാർജ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ഉപയോഗങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. അവ സീറ്റിനടിയിലോ യാത്രക്കാരന്റെ മുന്നിലുള്ള സീറ്റ് പോക്കറ്റിലോ വെക്കണം. ഓവർഹെഡ് ലോക്കറുകളിൽ വെക്കാൻ പാടില്ലെന്നും ഫ്ലൈ ദുബൈ വ്യക്തമാക്കി.
പവർ ബേങ്കുകൾ സ്വിച്ച് ഓഫ് ചെയ്യുകയും ഷോർട്ട് സർക്യൂട്ടുകളിൽ നിന്നോ ആകസ്മികമായി ഓൺ ആകുന്നതിൽ നിന്നോ സംരക്ഷിക്കപ്പെടുകയും വേണം. അവയുടെ യഥാർഥ പാക്കേജിംഗിലോ ഒരു സംരക്ഷിത കവറിലോ സൂക്ഷിക്കാനാണ് ഫ്ലൈ ദുബൈ ശുപാർശ ചെയ്യുന്നത്. ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഇ-സിഗരറ്റുകൾ, റീചാർജ് ചെയ്യാവുന്ന ബാറ്ററികൾ, ഡിജിറ്റൽ ക്യാമറകൾ, മറ്റ് ലിഥിയം പവേർഡ് ഉപകരണങ്ങൾ എന്നിവക്കും ലിഥിയം ബാറ്ററി ഗതാഗത നിയമങ്ങൾ ബാധകമാണെന്നും എയർലൈൻ ഓർമിപ്പിച്ചു.