National
തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ന്നു; അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
രാജസ്ഥാനിലെ കോട്പുത്ലി ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വിരാട്നഗര്‍ സ്വദേശി മുകേഷിന്റെ ഏക മകന്‍ ദേവാന്‍ഷു ആണ് മരിച്ചത്.

ജയ്പുര്‍ | തോക്കുമായി കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വെടിയുതിര്‍ന്ന് മരിച്ചു. രാജസ്ഥാനിലെ കോട്പുത്ലി ജില്ലയില്‍ ചിതോലി ക ബര്‍ദ ഗ്രാമത്തിലെ വിരാട്‌നഗറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പ്രദേശത്തുകാരനായ മുകേഷിന്റെ ഏക മകന്‍ ദേവാന്‍ഷു എന്ന അഞ്ച് വയസ്സുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്.
വീട്ടിലുണ്ടായിരുന്ന തോക്കില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കുട്ടി കാഞ്ചി വലിക്കുകയായിരുന്നു. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് ദേവാന്‍ഷു തോക്കെടുത്ത് കളിച്ചത്. തുടര്‍ന്ന് കാഞ്ചിയില്‍ വിരലമരുകയും തലയിലേക്ക് വെടിയുണ്ട തുളഞ്ഞുകയറുകയുമായിരുന്നു.
ശബ്ദംകേട്ടെത്തിയ അയല്‍വാസികളാണ് കുട്ടിയെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.