Kerala
സാമ്പത്തിക തട്ടിപ്പ് കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികള്‍ കുറ്റം സമ്മതിച്ചു
തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

തിരുവനന്തപുരം| സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് കടയിലെത്തിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്. ക്യൂ ആര്‍ കോഡ് വഴി പ്രതികള്‍ പണം തട്ടിയതായി വെളിപ്പെടുത്തി. 40 ലക്ഷത്തിന്റെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. തട്ടിയെടുത്ത പണം പ്രതികള്‍ പങ്കിട്ടെടുത്ത് സ്വര്‍ണം വാങ്ങിയെന്നും ടുവിലര്‍ വാങ്ങിച്ചെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു.
തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. കേസിലെ മൂന്ന് പ്രതികളില്‍ വിനീത, രാധാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ഇനി പിടികൂടാനുള്ള ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.
ജീവനക്കാരികള്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബേങ്ക് രേഖകള്‍.