National
പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് വധശിക്ഷ
പതിനൊന്ന് ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് രാജസ്ഥാനിലെ ബുണ്ടി കോടതി ഉത്തരവിറക്കിയിട്ടുണ്ട്.

ജയ്പൂര്‍ | രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രതികളായ സുല്‍ത്താന്‍ ബില്‍, ചോട്ടുലാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത് .
പതിനഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പോക്‌സോ നിയമപ്രകാരം ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. പതിനൊന്ന് ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് രാജസ്ഥാനിലെ ബുണ്ടി കോടതി ഉത്തരവിറക്കിയിട്ടുണ്ട്. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഡിസംബറിലാണ്.
രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച്ച കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വിചാരണ നടക്കുകയാണ്. രണ്ട് പ്രതികളും 1,20,000 രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കുറ്റകൃത്യം നടന്ന് 126 ദിവസങ്ങള്‍ക്കുള്ളിലാണ് കോടതി ശിക്ഷവിധിച്ചത്.