National
ഫെമ കേസ്: അനിൽ അംബാനിന് ഇ ഡി നോട്ടീസ്; നവംബർ 14 ന് ഹാജരാകണം
അനിൽ അംബാനിയുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ് (ആർ എ എ ജി) കമ്പനികളുമായി ബന്ധപ്പെട്ടും അനധികൃതമായി വിദേശത്തേക്ക് പണമയക്കൽ, വെളിപ്പെടുത്താത്ത വിദേശ ആസ്തികൾ, ഓഫ്‌ഷോർ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ചാണ് ഇ ഡി അന്വേഷണം നടത്തുന്നത്.
ന്യൂഡൽഹി | ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരമുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് വ്യവസായി അനിൽ അംബാനിക്ക് ഇ ഡി നോട്ടീസ്. നവംബർ 14-ന് ഡൽഹിയിലെ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നിർദേശം നൽകിയത്.
അനിൽ അംബാനിയുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ് (ആർ എ എ ജി) കമ്പനികളുമായി ബന്ധപ്പെട്ടും അനധികൃതമായി വിദേശത്തേക്ക് പണമയക്കൽ, വെളിപ്പെടുത്താത്ത വിദേശ ആസ്തികൾ, ഓഫ്‌ഷോർ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ചാണ് ഇ ഡി അന്വേഷണം നടത്തുന്നത്. അംബാനിയുടെ ഗ്രൂപ്പുമായി ബന്ധമുള്ള ജെഴ്സി, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ് (ബി വി ഐ.), സൈപ്രസ് തുടങ്ങിയ സ്ഥലങ്ങളിലെ വെളിപ്പെടുത്താത്ത ഓഫ്‌ഷോർ ആസ്തികളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ജയ്‌പൂർ-റീംഗസ് ഹൈവേ പദ്ധതിയിൽ നിന്നുള്ള 40 കോടി രൂപ സൂറത്തിലെ ഷെൽ കമ്പനികൾ വഴി ദുബായിലേക്ക് കടത്തിയെന്നതും 600 കോടി രൂപയിലധികം വരുന്ന വലിയ അന്താരാഷ്‌ട്ര ഹവാലാ ശൃംഖല കണ്ടത്തെിയെന്നുമാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട ഫെമ അന്വേഷണത്തിൽ ആരോപിക്കുന്നത്.
ഫെമ കേസിൽ 2023ൽ അംബാനിയെ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. 800 കോടി രൂപയോളം വെളിപ്പെടുത്താത്ത ഓഫ്‌ഷോർ ആസ്തികൾ സംബന്ധിച്ച ഐ-ടി വകുപ്പിന്റെ കണ്ടെത്തലുകളെ തുടർന്നായിരുന്നു നടപടി. ഈ വർഷം ഓഗസ്റ്റ് അഞ്ചിനും വിവിധ വായ്പാ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ അംബാനിയുടെ മൊഴി ഇ ഡി. രേഖപ്പെടുത്തിയിരുന്നു. അന്ന് ആവശ്യമായ വിവരങ്ങളും രേഖകളും സമർപ്പിക്കാൻ അംബാനി ഏഴ് ദിവസത്തെ സമയം തേടുകയായിരുന്നു.
17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തത്.



