fees for walking
പാലക്കാട് കോട്ട മൈതാനത്ത് പ്രഭാത നടത്തത്തിന് ഫീസ്; പ്രതിഷേധം ശക്തം
അടക്കേണ്ടത് മാസം 50 രൂപ കണക്കാക്കി വര്‍ഷത്തില്‍ 600 രൂപ
പാലക്കാട് | കോട്ട മൈതാനത്ത് പ്രഭാത നടത്തത്തിനും ഫീസ് ചുമത്താനുള്ള കേന്ദ്ര പുരാവസ്തു തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജൂണ്‍ ഒന്ന് മുതല്‍ പ്രഭാത നടത്തത്തിന് പണം നല്‍കണമെന്നതാണ് ഉത്തരവ്. സംസ്ഥാനത്ത് 29 സംരക്ഷിത സ്മാരകമുണ്ട്. പാലക്കാട് കോട്ട, ബേക്കല്‍ കോട്ട, കാസര്‍കോട് കോട്ട, കണ്ണൂര്‍ സെന്റ് ആഞ്ജലോ കോട്ട എന്നീ സംരക്ഷണ സ്മാരകങ്ങളിലാണ് ഫീസ് ഈടാക്കുന്നത്. മറ്റിടങ്ങളില്‍ ഫീസ് ഇല്ല.
പ്രഭാത സഞ്ചാരികള്‍ മാസം 50 രൂപ കണക്കാക്കി വര്‍ഷത്തില്‍ 600 രൂപ പുരാവസ്തു വകുപ്പിന് അടക്കണം. ഡി ഡി ആയോ നേരിട്ടോ അടക്കാം. ആര്‍ക്കിയോളജി സൂപ്രണ്ടാണ് ഒരു വര്‍ഷത്തേക്ക് പാസ്സ് നല്‍കുന്നത്. പ്രത്യേക ഫോമില്‍ ഇതിനായി അപേക്ഷിക്കണം. തിരിച്ചറിയല്‍ രേഖയോടൊപ്പം പി സി സി (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്)യും നല്‍കണം. സര്‍ട്ടിഫിക്കറ്റിനായി 1,000 രൂപ അടക്കണം. നടക്കുമ്പോള്‍ മൊബൈൽ ഉള്‍പ്പെടെയുള്ളവ കരുതാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
2019ലും നടത്തത്തിന് ഫീസ് ഈടാക്കാന്‍ ശ്രമിച്ചിരുന്നു. പാലക്കാട് വാക്കേഴ്സ് ക്ലബ് ഉള്‍പ്പെടെ അന്ന് പ്രതിഷേധവുമായെത്തി. പ്രതിഷേധം ശക്തമായപ്പോള്‍ കലക്ടറുടെ ചേംബറില്‍ ജനപ്രതിനിധികളുള്‍പ്പെടെ ചേര്‍ന്ന് ചര്‍ച്ച നടത്തി. തുടര്‍ന്ന് തീരുമാനത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു.
സ്മാരകം തുറക്കുന്നതിന് മുമ്പ് ഒന്നര മണിക്കൂര്‍ നടക്കാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. തുടര്‍ന്ന് നടക്കണമെങ്കില്‍ 25 രൂപ അധികം നല്‍കണം. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസും നല്‍കണം. സായാഹ്ന നടത്തം അനുവദിച്ചിട്ടില്ല. ടിപ്പുവിന്റെ കോട്ടക്ക് പുറത്ത് കിടങ്ങിനെ ചുറ്റിയാണ് നടപ്പാത. കോട്ടക്കുള്ളിലേക്ക് പ്രവേശിക്കുന്നുമില്ല. ആദ്യഘട്ടം ഫീസ് ഈടാക്കുകയും പിന്നീട് കൂട്ടാനുമാണ് നീക്കമെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ഫോര്‍ട്ട് വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് വി എസ് മുഹമ്മദ് കാസിം പറഞ്ഞു.