Connect with us

Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; മുന്‍ എംഎല്‍എ എം സി കമറുദ്ദീനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

|

Last Updated

കാസര്‍കോട്  | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ എം സി കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് ക്രൈംബാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആകെ 29 പ്രതികളാണുള്ളത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് കാസര്‍കോട്, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതികളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

17 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നത്.മഞ്ചേശ്വരം മുന്‍ എംഎല്‍എയും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനുമായ എംസി കമറുദ്ദീനാണ് ഒന്നാം പ്രതി. മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ രണ്ടാം പ്രതിയും കമ്പനി ഡയറക്ടര്‍മാര്‍ ഉള്‍പ്പടെ മൊത്തം 29 പ്രതികളാണ് കേസിലുള്ളത്. ബഡ്‌സ് ആക്റ്റ്, നിക്ഷേപക താല്‍പര്യ സംരക്ഷണ നിയമം, ഐപിസി വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വഞ്ചന, വിശ്വാസ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ നേരത്തെ പ്രതികളുടെ സ്വത്തുക്കള്‍ അന്വേഷണ സംഘം കണ്ട് കെട്ടിയിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. 35 കേസുകളുടെ കുറ്റപത്രം കൂടി തയ്യാറായിട്ടുണ്ട്. ഇതില്‍ ഉന്നത അധികാരികളുടെ അന്തിമ അനുമതി ലഭിച്ചാലുടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

 

Latest