National
സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു
തമിഴ്നാട്ടിൽ നിന്നുള്ള എംപിയാണ് സി പി രാധാകൃഷ്ണൻ.

ന്യൂഡൽഹി | ഇന്ത്യയുടെ 15ാ-മത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 767 വോട്ടിൽ 452 വോട്ടുകൾ നേടിയാണ് രാധാകൃഷ്ണന്റെ ജയം. എതിർ സ്ഥാനാർത്ഥിയായിരുന്ന ഇന്ത്യ സഖ്യത്തിലെ ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിംഗ് ഓഫീസർ പി സി മോദിയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
1957 ഒക്ടോബർ 20 നാണ് ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി പി രാധാകൃഷ്ണന്റെ ജനനം. 2024 ജൂലൈ 31 മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 മുതൽ 2020 വരെ കയർ ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചു.
ചെറുപ്പം മുതൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലും (ആർഎസ്‌എസ്) ഭാരതീയ ജനതാ പാർട്ടിയിലും (ബിജെപി) അംഗമായിരുന്ന അദ്ദേഹം 1998 ൽ കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1999 ലെ പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തമിഴ്‌നാട്ടിലെ ബിജെപിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച നേതാക്കളിൽ ഒരാളാണ് സി പി രാധാകൃഷ്ണൻ. ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായും ദേശീയ നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു.