Kerala
പുല്‍പ്പള്ളിയിലെ കള്ളക്കേസ് പരാതി: പ്രത്യേക സംഘം അന്വേഷിക്കും
കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ തങ്കച്ചന്‍ അഗസ്റ്റിന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.

പുല്‍പ്പള്ളി | പുല്‍പ്പള്ളിയിലെ കള്ളക്കേസ് പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി ഡി വൈ എസ് പി. അബ്ദുല്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും. കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ തങ്കച്ചന്‍ അഗസ്റ്റിന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. തങ്കച്ചന്റെ വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തങ്കച്ചന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. താന്‍ നിരപരാധിയാണെന്ന് തങ്കച്ചന്‍ പലതവണ പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പോലീസ് അത് വകവെച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടുവരെ സ്‌റ്റേഷനില്‍ നിര്‍ത്തിയ തങ്കച്ചനെ മൂന്നരയോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്. കോടതി തങ്കച്ചനെ റിമാന്‍ഡ് ചെയ്യുകയും സബ് ജയിലിലേയ്ക്കയക്കുകയും ചെയ്തു. പതിനേഴ് ദിവസം ജയിലില്‍ കഴിഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് മോചിപ്പിക്കപ്പെട്ടത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു. മുള്ളംകൊല്ലിയില്‍ നടന്ന കോണ്‍ഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. വീട്ടില്‍ കിടത്തിയുറക്കില്ലെന്ന് ഡി സി സി സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞു. തങ്കച്ചന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കെപിസിസി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.