Connect with us

fact check

FACT CHECK: ലതാ മങ്കേഷ്‌കര്‍ക്ക് ആദരമര്‍പ്പിക്കുമ്പോള്‍ ഭൗതിക ദേഹത്തില്‍ ഷാരൂഖ് ഖാന്‍ തുപ്പിയോ?

ഇതാണ് തുപ്പിയെന്ന തരത്തില്‍ സംഘപരിവാരം വിദ്വേഷ പ്രചാരണം നടത്തുന്നത്.

Published

|

Last Updated

ന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ക്ക് മുംബൈ ശിവാജി പാര്‍ക്കില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന സമയത്ത് ബോളിവുഡ് നടന്‍ മൃതദേഹത്തെ അവഹേളിച്ചുവെന്ന പ്രചാരണം ചില സാമൂഹിക മാധ്യമ പ്രൊഫൈലുകള്‍ നടത്തുന്നുണ്ട്. ആദരമര്‍പ്പിക്കുന്ന സമയം മാസ്‌ക് താഴ്ത്തി മൃതദേഹത്തില്‍ തുപ്പിയെന്നാണ് പ്രചാരണം. ഇതിന്റെ സത്യാവസ്ഥയറിയാം :

പ്രചാരണം : നടന്‍ ഷാരൂഖ് ഖാന്‍ മുസ്ലിം ശൈലിയില്‍ പ്രാര്‍ഥിച്ച് മൃതദേഹത്തില്‍ തുപ്പിയിരിക്കുന്നു. ലതാജിയെ അപമാനിക്കുന്നതാണിത് (സാമൂഹിക മാധ്യമ പ്രചാരണത്തിൽ നിന്ന്). ബി ജെ പിയുടെ യു പിയിലെ വക്താവ് പ്രശാന്ത് ഉമറാവു, ഹരിയാനയിലെ ബി ജെ പിയുടെ ഐ ടി മേധാവി അരുണ്‍ യാദവ്, സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവ്ഹങ്കെ തുടങ്ങിയവരാണ് തുപ്പിയെന്ന പ്രചാരണം നടത്തുന്നത്.

വസ്തുത : മുസ്ലിം പ്രാര്‍ഥനാ രീതിയിലാണ് ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നത്. പ്രാര്‍ഥനയുടെ അവസാനം അദ്ദേഹം മാസ്‌ക് താഴ്ത്തി ഊതുക മാത്രമാണ് ചെയ്തത്. മുസ്ലിംകള്‍ മാത്രമല്ല, മറ്റ് മതസ്ഥരും ഇങ്ങനെ പ്രാര്‍ഥനക്ക് ശേഷം സ്വന്തം കൈകളിലേക്കും ശരീരത്തിലേക്കും ഊതുന്ന പതിവുണ്ട്. ഇതാണ് തുപ്പിയെന്ന തരത്തില്‍ സംഘപരിവാരം വിദ്വേഷ പ്രചാരണം നടത്തുന്നത്.

ഷാരൂഖും അദ്ദേഹത്തിന്റെ മാനേജര്‍ പൂജയും ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഫോട്ടോ വൈറലായിരുന്നു. പൂജ ഹിന്ദു ശൈലിയിലും ഷാരൂഖ് മുസ്ലിം ശൈലിയിലും പ്രാര്‍ഥിക്കുന്ന ഒരു ഫ്രെയിമിലുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇന്ത്യയുടെ ഹൃദയമാണ് ഇതെന്ന് പലരും ശ്ലാഘിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ കൂടിയാണ് ഇപ്പോള്‍ സംഘ്പരിവാരത്തിന്റെ വര്‍ഗീയ- വിദ്വേഷ പ്രചാരണം.