fact check
FACT CHECK: ആന്ധ്രയില്‍ ബാലാജി ദേവന്റെ ഘോഷയാത്രാ രഥത്തില്‍ ക്രിസ്ത്യന്‍ പതാകകളും കുരിശുകളും?
ഇതിലെ സത്യാവസ്ഥ പരിശോധിക്കാം:

ബാലാജി ദേവ ക്ഷേത്രത്തിന്റെ ഉത്സവ ഘോഷയാത്രക്ക് വേണ്ടി അലങ്കരിച്ച രഥത്തില്‍ ക്രിസ്ത്യന്‍ പതാകകളും കുരിശുകളുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ആന്ധ്രയിലാണ് സംഭവം നടന്നതെന്ന് പ്രചാരണത്തില്‍ പറയുന്നു. ഇതിലെ സത്യാവസ്ഥ പരിശോധിക്കാം:
അവകാശവാദം : ആന്ധ്രാ പ്രദേശില്‍ ബാലാജി ദേവന്റെ എഴുന്നള്ളിപ്പിനുള്ള രഥത്തില്‍ ക്രിസ്ത്യന്‍ പതാകള്‍ കാണുന്നു. എന്തൊരു മതേതരത്വമാണിത്? എവിടെ ഹിന്ദു രാഷ്ട്രീയക്കാരും ഗുരുക്കളും? ഹിന്ദു ക്ഷേത്രത്തിന്റെ ഘോഷയാത്രയില്‍ ക്രിസ്ത്യന്‍ പതാകകള്‍ ഉയര്‍ന്നത് ഞെട്ടിപ്പിക്കുന്നതാണ്. വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢിക്ക് കീഴിലുള്ള ആന്ധ്ര, നമ്മുടെ കണ്‍മുന്നില്‍ ഇവാഞ്ചലിസ്റ്റുകള്‍ക്ക് കീഴ്‌പ്പെടുകയാണ്. ഇത് ഭീകരമാണ്. (സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ നിന്ന്).
Shocking visuals!
Hindu Temple processions now have christian flags in Andhra Pradesh under xtian @ysjagan
Andhra is falling to evangelists right in front of our eyes!
This is pure horror! https://t.co/BZVppe5pnX— Ritu #EqualRightsForHindus (@RituRathaur) November 21, 2021
വസ്തുത : ആന്ധ്രയിലെ അമരാവതിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ പരിപാടിയായ അമരാവതി മഹാ പദയാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. പ്രചരിപ്പിക്കുന്നത് പോലെ ബാലാജി ദേവന്റെ എഴുന്നള്ളിപ്പ് അല്ല. അമരാവതിക്ക് പകരം മൂന്ന് തലസ്ഥാനങ്ങള്‍ നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ 45 ദിവസം നീളുന്ന കര്‍ഷക പ്രതിഷേധം നവംബർ ഒന്ന് മുതൽ പുരോഗമിക്കുകയാണ്. അമരാവതിയില്‍ പുതിയ തലസ്ഥാനം നിര്‍മിക്കാന്‍ ഭൂമി വിട്ടുകൊടുത്ത കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തില്‍ എല്ലാ മതവിശ്വാസികളും പങ്കെടുക്കുന്നുവെന്ന് സൂചിപ്പിക്കാനാണ് അലങ്കരിച്ച രഥത്തില്‍ പ്രധാന മതങ്ങളുടെ പതാകകളും ചിഹ്നങ്ങളും ഉപയോഗിച്ചത്.
ചുരുക്കത്തില്‍, ബാലാജി ദേവന്റെ എഴുന്നള്ളിപ്പിന്റെ രഥത്തില്‍ ക്രിസ്ത്യന്‍ പതാക ആരും സ്ഥാപിച്ചിട്ടില്ല. മറിച്ച്, കര്‍ഷക പ്രക്ഷോഭത്തിനിടെയുള്ള കാഴ്ചകളാണ് വര്‍ഗീയമായി പ്രചരിപ്പിക്കുന്നത്.