Connect with us

Uae

എക്സ്പോ 2020 ദുബൈ ഇനി 18 നാൾ കൂടി; വിസ്മയനഗരിയിലെ വാസ്തുവിദ്യാ വിസ്മയങ്ങൾ തുടർന്നും ലോകത്തെ ആകർഷിക്കും

31ന് എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടി സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ.

Published

|

Last Updated

ദുബൈ | ലോകത്തെ വിസ്മയിപ്പിച്ച എക്സ്പോ 2020 ദുബൈ സമാപനത്തിലേക്ക്. ഇനി 18 നാള്‍ കൂടി മാത്രമാണ് ഏറ്റവും വലിയ സാംസ്‌ക്കാരിക മേളക്ക് ദുബൈയിലെ എക്‌സ്‌പോ നഗരിയില്‍ തിരശീല വീഴാന്‍. അവസാന ദിവസം അടുക്കവെ ദിനേന എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാവുന്നത്. പ്രതിവാര സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷത്തിന് മുകളിലാണിപ്പോള്‍. 31ന് എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടി സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ.

മധ്യപൂര്‍വദേശവും ഉത്തരാഫ്രിക്കയും ഉള്‍പ്പെടുന്ന ‘മിന’ മേഖലയില്‍ ആദ്യമായെത്തിയ എക്‌സ്‌പോയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോയില്‍ ഇതിനകം സന്ദര്‍ശകരുടെ എണ്ണം രണ്ട് കോടിയോളമാണ്. ലോക നേതാക്കളുടെ സംഗമ വേദിയായും എക്സ്പോ മാറി. ഫെബ്രുവരിയിലെ 28 ദിവസത്തിനിടയില്‍ മാത്രം 44 ലക്ഷം പേരാണ് എക്സ്പോ പവലിയനുകള്‍ സന്ദര്‍ശിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ളവരാണ് ഇതിനകം എത്തിയവരില്‍ കൂടുതല്‍. ഇന്ത്യ കഴിഞ്ഞാല്‍ സൗദി അറേബ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍. എക്സ്പോ സ്‌കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായി അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് എക്സ്പോയില്‍ എത്തി. സമാപന ദിവസങ്ങളിലേക്ക് അടുക്കും തോറും വൈവിധ്യമായ പരിപാടികളാല്‍ സമ്പന്നമായ പ്രദര്‍ശന നഗരിയിലെത്തുന്നവരുടെ എണ്ണവും വലിയ തോതില്‍ വര്‍ധിക്കുകയാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ യു എ ഇയിലേക്ക് എത്തുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സന്ദര്‍ശക സമയം രാത്രി 11 മണി വരെയായി നീട്ടിയിട്ടുണ്ട്.

അതേസമയം, മാര്‍ച്ച് 31 ന് ലോക മേള അവസാനിസിച്ചാലും സന്ദര്‍ശകര്‍ക്ക് ഇപ്പോഴും വിശാലമായ സൈറ്റിലൂടെ സഞ്ചരിച്ചു ലോകത്തെ ആകര്‍ഷിച്ച അതിശയകരമായ വാസ്തുവിദ്യാ വിസ്മയങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. സൈറ്റിന്റെ 80 ശതമാനവും അതേപടി നിലനിര്‍ത്താനാണ് ധാരണ. 360 ഡിഗ്രി അര്‍ദ്ധസുതാര്യമായ അല്‍ വാസല്‍ ഡോം, എക്സ്പോയുടെ ഹൃദയമിടിപ്പും ഏറ്റുവാങ്ങിയ പ്രധാന നിര്മിതിയാണ്. നിലനിര്‍ത്തുന്ന ഏറ്റവും വലിയ എക്സ്പോ ലാന്‍ഡ്മാര്‍ക്കുകളിലൊന്ന് ഇതാണ്. ഇന്ത്യ, സഊദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളുടെ പാവലിയനുകളും ടെറ പോലുള്ള ശ്രദ്ധേയമായ സൈറ്റുകളും അതേപടി സംരക്ഷിക്കപ്പെടും.

എക്സിബിഷന്‍ സൈറ്റ് ഓഫീസ് സ്പെയ്സുകള്‍, പാര്‍പ്പിട കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, എക്സിബിഷന്‍ ഏരിയ, ഓഫീസുകള്‍ എന്നിവയുള്ള ഡിസ്ട്രിക്റ്റ് 2020 എന്ന പേരില്‍ ഒരു ഭാവി നഗരമായി മാറ്റും. ഡിസ്ട്രിക്റ്റ് 2020 യില്‍ ബിസിനസുകള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കി സ്‌കെയില്‍ 2 ദുബൈ പ്രോഗ്രാം പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെയായി. കമ്പനി വലുപ്പമനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കുമായി രണ്ട് വര്‍ഷത്തെ വിസ, രണ്ട് വര്‍ഷത്തെ ലഭ്യതയ്ക്ക് വിധേയമായി സൗജന്യ ജോലി സ്ഥലവും തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്ട്രിക്റ്റ് 2020 വെബ്സൈറ്റ് വഴി പ്രാദേശിക, അന്തര്‍ദ്ദേശീയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിന്റെ ഭാഗമാകാം.