Connect with us

National

എണ്‍പത് വര്‍ഷം മുമ്പ് അപ്രത്യക്ഷമായ നീല ചിത്രശലഭത്തെ എന്റമോളജിസ്റ്റുകള്‍ കണ്ടെത്തി

നഗരവല്‍ക്കരണം മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വംശനാശം സംഭവിച്ച ആദ്യത്തെ അമേരിക്കന്‍ ചിത്രശലഭമാണ് സെര്‍സെസ് ബ്ലൂ

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശിലെ രണ്ട് എന്റമോളജിസ്റ്റുകള്‍ വംശനാശം സംഭവിച്ചെന്ന് കരുതിയിരുന്ന നീല നിറത്തിലുള്ള ഒരു ചിത്രശലഭത്തെ കണ്ടെത്തി. സെര്‍സെസ് ബ്ലൂ ബട്ടര്‍ഫ്ളൈ എന്നാണ് ഇതിന്റെ പേര്. ഏകദേശം 80 വര്‍ഷം മുമ്പാണ് ഈ ചിത്രശലഭത്തെ അവസാനമായി കണ്ടത്. അതിന് ശേഷം ഈ ഇനം ചിത്രശലഭങ്ങള്‍ക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നത്. നഗരവല്‍ക്കരണം മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വംശനാശം സംഭവിച്ച ആദ്യത്തെ അമേരിക്കന്‍ ചിത്രശലഭമാണ് സെര്‍സെസ് ബ്ലൂ എന്ന് വിശ്വസിക്കപ്പെടുന്നു.

ഗവണ്‍മെന്റ് എംഎച്ച് കോളജ് ഓഫ് ഹോം സയന്‍സ് ആന്‍ഡ് സയന്‍സ് ഫോര്‍ വുമണിലെ ശ്രദ്ധാ ഖപ്രെയും, ഡോ. അര്‍ജുന്‍ ശുക്ലയുമാണ് ഒക്ടോബര്‍ 19 ന് ബര്‍ഗി ഡാമിന് സമീപം സെര്‍സെസ് നീല ചിത്രശലഭത്തെ കണ്ടത്. ഡിസംബര്‍ 16 -ന് ജബല്‍പൂരിലെ ഡിയോട്ടല്‍ കുന്നില്‍ അവര്‍ അതിനെ വീണ്ടും കണ്ടു. ഈ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം ഏകദേശം 35 കിലോമീറ്ററാണ്. രണ്ടിടത്തും ചിത്രശലഭങ്ങളെ കണ്ടയുടന്‍ അവര്‍ ശ്രദ്ധാപൂര്‍വ്വം അവയെ ശേഖരിക്കുകയും പിന്നീട് സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തു. ചിത്രശലഭങ്ങളുടെ മാതൃകകളെ ഫ്‌ളോറിഡ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രശലഭങ്ങളുടെ ചിത്രങ്ങളുമായി അവര്‍ താരതമ്യം ചെയ്തു.

ഈ ചിത്രശലഭങ്ങളുടെ ചിറകുകളുടെ ആകൃതി, നിറം, ആന്റിന, അവയുടെ സെഗ്മെന്റ്, വലിപ്പം എന്നിവയുമായി ഫ്‌ളോറിഡ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ശലഭങ്ങളുടെ മാതൃകകളുമായി താരതമ്യം ചെയ്‌തെന്നും സൂക്ഷ്മമായ താരതമ്യത്തില്‍ രണ്ടും ഒന്നാണെന്ന് കണ്ടെത്തിയതായി എന്റമോളജിസ്റ്റുകള്‍ പറഞ്ഞു. ഈ കണ്ടെത്തല്‍ ഇന്ത്യയുടെ 1500ലധികം ചിത്രശലഭ ഇനങ്ങളുടെ പട്ടികയില്‍ ചേര്‍ക്കും. മലിനീകരണം, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവയാണ് ഈ ചിത്രശലഭത്തിന്റെ വംശനാശത്തിന് കാരണങ്ങള്‍.

 

Latest