Kerala
മകളുടെ മരണ കാരണം മസ്തിഷ്‌ക ജ്വരമല്ല; പ്രതികരണവുമായി ഡോക്ടറെ വെട്ടിയ സനൂപിന്റെ ഭാര്യ
'ഇക്കാര്യം സ്ഥിരീകരിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.'

കോഴിക്കോട് | താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരിച്ച്, അക്രമം നടത്തിയ സനൂപിന്റെ ഭാര്യ. തങ്ങളുടെ ഒമ്പത് വയസ്സായ മകളുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ല. കുട്ടിക്ക് ഈ അസുഖമല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായും സനൂപിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഈ വിവരം ലഭിച്ചതോടെ സനൂപ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു.
കുട്ടിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് കഴിഞ്ഞാഴ്ച മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് ലഭിച്ചത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടര്‍ന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. അവിടെ നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. മക്കളേയും കൂട്ടിയാണ് സനൂപ് വീട്ടില്‍നിന്ന് പോയത്. അവര്‍ക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്ത് വിട്ടുവെന്നും ഭാര്യ വ്യക്തമാക്കി.
സനൂപിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.