National
നാഗലാന്‍ഡില്‍ ട്രക്കിടിച്ച് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് എട്ട് മരണം
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു

കൊഹിമ | നാഗലാന്‍ഡില്‍ ട്രക്കിടിച്ച് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. കൊഹിമയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ കെ സ്റ്റേഷന്‍ ഗ്രാമത്തിന് സമീപം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രക്കും കാറും റോഡില്‍ നിന്ന് തെന്നി തോട്ടിലേക്ക് വീഴുകയായിരുന്നു.മണല്‍ കയറ്റിയ ട്രക്ക് മേരപാനിയില്‍ നിന്ന് കൊഹിമയിലേക്ക് പോകുകയായിരുന്നു. ഏഴു പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരില്‍ ഡ്രൈവറടക്കം ആറ് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടുന്നു. അടുത്തിടെ നാഗാലാന്‍ഡ് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷ പാസായ മൂന്ന് സ്ത്രീകളും ഗ്രേഡ്-3 ജീവനക്കാരായി സര്‍ക്കാര്‍ സര്‍വീസില്‍ ചേരാനുള്ള നിയമന കത്തുകളും ലഭിച്ചവരും ഈ കൂട്ടത്തിലുണ്ട്. ട്രക്ക് ഡ്രൈവറും സഹായികളും ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്