Kerala
ഈജിപ്ത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരം; മര്‍കസ് വിദ്യാര്‍ഥി ഇന്ത്യയെ പ്രതിനിധീകരിക്കും
പ്രാഥമികതല മത്സരങ്ങള്‍ക്കും ദേശീയതല സെലക്ഷനിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് രാജ്യാന്തര മത്സരത്തിന് സല്‍മാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
കോഴിക്കോട് | ഈജിപ്ത് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനമായ കൈറോയില്‍ നടക്കുന്ന 32-ാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥി ഇന്ത്യയെ പ്രതിനിധീകരിക്കും. മര്‍കസ് ഖുര്‍ആന്‍ പഠന-പരിശീലന കേന്ദ്രമായ അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് വിദ്യാര്‍ഥിയും തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയുമായ മുഹമ്മദ് സല്‍മാന്‍ ആണ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ഈ മാസം പത്തുവരെ നടക്കുന്ന മത്സരത്തില്‍ മനഃപാഠ ഇനത്തിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി മാറ്റുരക്കുന്നത്. പ്രാഥമികതല മത്സരങ്ങള്‍ക്കും ദേശീയതല സെലക്ഷനിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് രാജ്യാന്തര മത്സരത്തിന് സല്‍മാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
തന്റെ പത്താം വയസ്സില്‍ സ്വദേശമായ വള്ളക്കടവിലെ ദാറുല്‍ ഈമാന്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് 10 മാസം കൊണ്ട് ഹിഫ്‌ള് പൂര്‍ത്തീകരിച്ച സല്‍മാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ തുടര്‍ പഠനവും പരിശീലനവും നടത്തി വരുന്നു. മര്‍കസ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കൂടിയാണ് മുഹമ്മദ് സല്‍മാന്‍. വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളില്‍ വ്യാപിച്ചു കിടക്കുന്ന മര്‍കസ് ഖുര്‍ആന്‍ അക്കാദമിയില്‍ നിന്ന് ഇതിനകം ഒട്ടേറെ വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെടാറുള്ളത്.
തിരുവനന്തപുരം വള്ളക്കടവ് സജീര്‍-ഷാനിദ ദമ്പതികളുടെ മകനായ സല്‍മാന്‍ ഇതിനകം തന്നെ എസ് എസ് എഫ് കേരള തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോ, നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരം എന്നിവയില്‍ മനഃപാഠ മത്സര ഇനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മത്സരത്തിനായി യാത്രതിരിച്ച മുഹമ്മദ് സല്‍മാന് മര്‍കസ് മാനേജ്മെന്റും അക്കാദമിക് ഡയറക്ടറേറ്റും വിജയാശംസകള്‍ നേര്‍ന്നു.


