Connect with us

siraj editorial

പോക്‌സോ നിയമത്തിന്റെ ഫലപ്രാപ്തി

യഥാർഥ പോക്‌സോ കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പ് വരുത്താനും വ്യാജകേസുകളിൽ പ്രതികളാക്കപ്പെടുന്നവർ ശിക്ഷിക്കപ്പെടാതിരിക്കാനും നിയമപാലകരും സർക്കാറും കോടതികളും ജാഗ്രത കാണിക്കേണ്ടതുണ്ട്.

Published

|

Last Updated

പോക്‌സോ നിയമം പത്ത് വർഷം പിന്നിട്ടു. നിരാശാജനകമാണ് ഈ നിയമത്തിന്റെ പ്രതിഫലനമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കഴിഞ്ഞ ഒരു ദശത്തിനകം 14.3 ശതമാനം മാത്രമാണ് പോക്‌സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്നും 43.3 ശതമാനം പേർ കുറ്റവിമക്തരായെന്നും നീതി സെന്റർ ഫോർ ലീഗൽ പോളിസിയിലെ, ആക്സസ് ആൻഡ് ലോവറിംഗ് ഡിലേയ്സ് ഇൻ ഇന്ത്യ നടത്തിയ പഠനം വ്യക്തമാക്കുന്നു. ലോക ബേങ്കിന്റെ ഡാറ്റ എവിഡൻസ് ഫോർ ജസ്റ്റിസ് റിഫോമുമായി സഹകരിച്ചായിരുന്നു പഠനം.

2012 മുതൽ 2021 വരെയുള്ള കാലയളവിൽ 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 486 ജില്ലകളിലെ കോടതികളിൽ 2,30,730 കേസുകൾ വിശകലനം ചെയ്താണ് പഠന റിപോർട്ട് തയ്യാറാക്കിയത്. പരിഗണിച്ച 138 വിധികളിൽ 22.9 ശതമാനം കേസുകളിലും പ്രതികൾക്ക് ഇരകളെ അറിയാമായിരുന്നുവെന്നും 3.7 ശതമാനത്തിൽ പ്രതികൾ കുടുംബാംഗങ്ങളാണെന്നും റിപോർട്ട് വെളിപ്പെടുത്തുന്നു. 18 ശതമാനം കേസിൽ പ്രതിയും ഇരയും തമ്മിൽ പ്രണയത്തിലായിരുന്നു. 2019ൽ കൈലാസ് സത്യാർഥി ഫൗണ്ടേഷൻ നടത്തിയ ഒരു പഠനത്തിൽ പോക്‌സോ കേസിൽ ശിക്ഷിക്കപ്പെടുന്നവർ പത്ത് ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തിയിരുന്നു.

കുട്ടികൾക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി 2012 ജൂൺ 19നാണ് പോക്‌സോ നിയമം (പ്രൊട്ടക്്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്്ഷ്വൽ ഒഫൻസസ് ആക്ട്) പ്രാബല്യത്തിൽ വന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്ക് തരംതിരിച്ചുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന ഈ നിയമം കുറ്റകൃത്യങ്ങളുടെ വിചാരണക്കായി സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കാനും വ്യവസ്ഥ ചെയ്യുന്നു. ഒരു കുട്ടിക്ക് പൂർണമായും മനസ്സിലാക്കാനോ അനുവാദം നൽകാനോ കഴിയാത്ത ലൈംഗികമായ പ്രവൃത്തിയിൽ അവനെ/ അവളെ വിധേയമാക്കുന്നതാണ് ലൈംഗികമായ കുറ്റകൃത്യം. നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവർത്തനങ്ങൾക്കോ കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കൾ നിർമിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം ഇതിന്റെ പരിധിയിൽ വരും. 18 വയസ്സിന് താഴെയുള്ളവരെല്ലാം പോക്‌സോ നിയമത്തിൽ കുട്ടികളാണ്.
ഇന്ത്യയിൽ പോക്‌സോ കേസുകൾ വർധിച്ചു വരികയാണ്. രാജ്യത്ത് പ്രതിവർഷം പതിനയ്യായിരം കുട്ടികൾ കൂട്ട ബലാത്സംഗം, അശ്ലീല വീഡിയോ നിർമാണം തുടങ്ങിയ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നു. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കാണിത്. പുറംലോകമറിയാത്ത കണക്കുകൾ ഇതിനേക്കാൾ വളരെ കൂടുതൽ വരും. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് നല്ലൊരു പങ്കും രക്ഷിതാക്കളോ ബന്ധപ്പെട്ടവരോ പുറംലോകത്തെ അറിയിക്കാറില്ല. പോക്‌സോ കേസുകളിൽ പ്രതികളാകുന്നത് സ്‌കൂൾ കുട്ടികളോ ചെറിയ പ്രായത്തിൽ ഉള്ളവരോ ആണെന്നും കൗമാരപ്രായക്കാരിൽ ലൈംഗിക ബന്ധം വർധിച്ചു വരുന്നതായും ജൂൺ ആദ്യത്തിൽ ഒരു പോക്‌സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷയുടെ പരിഗണനയിൽ ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. വിദ്യാർഥികളിൽ നിയമാവബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജപ്പെട്ടെന്നും പോക്‌സോ നിയമം സംബന്ധിച്ചും പീഡന

കേസുകളുടെ പ്രത്യാഘാതങ്ങൾ സംബന്ധിച്ചും സ്‌കൂളുകളിൽ ബോധവത്കരണം നിർബന്ധമാക്കണമെന്നും നിർദേശിക്കുകയും ചെയ്തു.
എന്നാൽ ബോധവത്കരണത്തിന്റെ കുറവ് മാത്രമല്ല, പ്രതികളുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം, പോലീസിന്റെ ഒത്തുകളി, പ്രോസിക്യൂഷന്റെ വീഴ്ചകൾ, ഇരയുടെ സാമ്പത്തിക പരാധീനതകൾ തുടങ്ങി പല കാരണങ്ങളുണ്ട് നിയമ നടപടികൾ ലക്ഷ്യത്തിൽ എത്താതിരിക്കാൻ. കുട്ടിയുടെ അടുത്ത ബന്ധുക്കളോ വീട്ടിൽ സ്വാതന്ത്ര്യമുള്ളവരോ ആയിരിക്കും പലപ്പോഴും പ്രതികൾ. ഈ ഘട്ടത്തിൽ കുട്ടിക്കൊപ്പം നിൽക്കാൻ കുടുംബാംഗങ്ങൾക്കു പോലും കഴിയാത്ത സ്ഥിതി വരും. രാഷ്ട്രീയ നേതാക്കളും പൗരപ്രമുഖരും പ്രതികളാകുന്ന പോക്‌സോ കേസുകളും ധാരാളം. പ്രതികൾ കക്ഷിരാഷട്രീയ ബന്ധമുള്ളവരെങ്കിൽ രാഷ്ട്രീയ നേതാക്കൾ പലപ്പോഴും വേട്ടക്കാർക്കൊപ്പമാണ് നിൽക്കാറ്. സെൻസേഷനലായ കേസാണെങ്കിൽ രാഷ്ട്രീയക്കാർ അവരുടെ താത്്പര്യമനുസരിച്ച് പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തും. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാകുന്ന വളരെ ശക്തമായ നിയമമാണ് പോക്‌സോ എന്നതിനാൽ കുട്ടികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ പലതരത്തിലും നടക്കാറുണ്ട്. പ്രതികൾ പലപ്പോഴും നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടുന്നത് ഇത്തരം സ്വാധീനങ്ങളിലൂടെയാണ്.

അതേസമയം പോക്‌സോ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നല്ലൊരു ശതമാനം വ്യാജമാണെന്ന കാര്യവും ഗൗരവത്തോടെ കാണേണ്ടതുണ്ട്. തങ്ങളുടെ പെൺമക്കളെ പ്രണയിക്കുന്ന യുവാവിനെ കേസിൽ അകപ്പെടുത്താൻ, കുടുംബവഴക്കിന്റെയും അയൽപ്പക്കക്കാരോടുള്ള വൈരാഗ്യത്തിന്റെയും പേരിൽ, സ്വത്ത് തർക്കത്തെ ചൊല്ലി തുടങ്ങി പല വിധേനയും പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. നിക്ഷിപ്ത താത്പര്യങ്ങൾക്കായി നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തുകയും കള്ളപ്പരാതി നൽകി നിരപരാധികളെ ഗുരുതരമായ നിയമത്തിന്റെ കെണിയിൽപ്പെടുത്തുകയുമാണ് പലരും. കഴിഞ്ഞ ജനുവരിയിൽ മദ്രാസ് ഹൈക്കോടതിയും 2019ൽ കേരള ഹൈക്കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതിന്റെ കാരണം ഇതുകൂടിയാണെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. യഥാർഥ പോക്‌സോ കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പ് വരുത്താനും വ്യാജകേസുകളിൽ പ്രതികളാക്കപ്പെടുന്നവർ ശിക്ഷിക്കപ്പെടാതിരിക്കാനും നിയമപാലകരും സർക്കാറും കോടതികളും ജാഗ്രത കാണിക്കേണ്ടതുണ്ട്.

Latest