Connect with us

From the print

കരുവന്നൂരില്‍ എം എം വര്‍ഗീസിന്റെ സാവകാശ ആവശ്യം തള്ളി ഇ ഡി; ഇന്ന് തന്നെ ഹാജരാകണം

ചോദ്യം ചെയ്യുന്നത് ബിനാമി വായ്പകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട്

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സാവകാശം നല്‍കണമെന്ന സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ ആവശ്യം കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തള്ളി. ഇന്ന് തന്നെ നിര്‍ബന്ധമായും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എം എം വര്‍ഗീസിനെ ഇ ഡി അറിയിച്ചു.

കൊച്ചിയിലെ ഓഫീസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വര്‍ഗീസിനോട് ഇക്കഴിഞ്ഞ ഏഴിനാണ് ഇ ഡി നിര്‍ദേശിച്ചത്. ബേങ്കില്‍ നിന്ന് കോടികളുടെ ബിനാമി വായ്പകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വര്‍ഗീസിനെ പ്രധാനമായും ചോദ്യം ചെയ്യുന്നത്. സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് വ്യാപിപ്പിക്കാനാണ് ഇ ഡി നീക്കം. കരുവന്നൂര്‍ തട്ടിപ്പില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് ഇ ഡി ആദ്യഘട്ട കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

55 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. അനുബന്ധമായി കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷയും രേഖകള്‍ ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അപേക്ഷയും എതിര്‍ത്ത് നല്‍കിയ ഇ ഡിയുടെ റിപോര്‍ട്ടിലും ഉന്നത സി പി എം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

കേസില്‍ സി പി എം സംസ്ഥാന സമിതി അംഗങ്ങളായ മുന്‍മന്ത്രിയും എം എല്‍ എയുമായ എ സി മൊയ്തീന്‍, കേരള ബേങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍ എന്നിവരെ ഇ ഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. കേസില്‍ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചതോടെയാണ് സി പി എം ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി എമ്മിലെ പി ആര്‍ അരവിന്ദാക്ഷന്‍ കേസില്‍ 14ാം പ്രതിയാണ്. കരുവന്നൂര്‍ കേസില്‍ ഇ ഡി ആദ്യ അറസ്റ്റ് നടന്ന് 60 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ച് കോടതിയില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. 90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് 12,000 പേജുള്ള പ്രാഥമിക കുറ്റപത്രം. 50 പ്രതികളും അഞ്ച് കമ്പനികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. 15 കോടിയിലേറെ രൂപ ബേങ്കില്‍ നിന്ന് തട്ടിയ റബ്കോ കമ്മീഷന്‍ ഏജന്റ്കൂടിയായ എ കെ ബിജോയിയാണ് ഒന്നാം പ്രതി. ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായ പി പി കിരണിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള ഒന്ന് മുതല്‍ 12 വരെയുള്ള പ്രതികളാണ് ഇ ഡിയുടെ കുറ്റപത്രത്തിലുമുള്ളത്. ഉന്നത ബന്ധങ്ങളും ഇടപെടലും നടന്ന കേസില്‍ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതായി ഇ ഡി വ്യക്തമാക്കുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരിക്കും ഇനി തുടരന്വേഷണ റിപോര്‍ട്ട് കോടതിയില്‍ ഹാജരാക്കുക.

 

Latest