Connect with us

indonesia earthquake

ഇന്തോനേഷ്യൻ ഭൂകമ്പത്തിൽ മരണ സംഖ്യ 162 ആയി

മേഖലാ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Published

|

Last Updated

ജാവ | ഇന്തോനേഷ്യന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 162 ആയി ഉയര്‍ന്നു. നൂറുകണക്കിന് പേര്‍ക്ക് പരുക്കുണ്ട്. മേഖലാ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജാവ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടെ പരിസര പ്രദേശങ്ങളിൽ ആളുകൾ പരിഭ്രാന്തരായി പുറത്തിറങ്ങി. കെട്ടിടങ്ങൾ എല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കും.

പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ സിയാൻജൂർ മേഖലയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാമാന്യം ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഘാതത്തിൽ ഒരു ബോർഡിംഗ് സ്കൂൾ, ഒരു ആശുപത്രി, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് ഭൂരിഭാഗം പേർക്കും പരുക്കേറ്റത്.

ഭൂകമ്പത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. തകർന്ന കെട്ടിടങ്ങളും അവശിഷ്ടങ്ങളും തകർന്ന കാറുകളും ഇവയിൽ കാണാം. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്തോനേഷ്യൻ സർക്കാരിന്റെ ക്വിക്ക് റെസ്‌പോൺസ് ടീം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഭൂകമ്പ ബാധിത പ്രദേശത്തിന് ആയിരം കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ തിരമാലകൾക്ക് സാദ്ധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

പസഫിക് സമുദ്രത്തിലെ റിങ്ങ് ഒഫ് ഫയർ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഇതാണ് തുടർച്ചയായി ഭൂചലനങ്ങൾക്കും അഗ്നിപർവത സ്ഫോടനങ്ങൾക്കും ഇടയാക്കുന്നത്. 2004ൽ സുമാത്ര തീരത്ത് 9.1 തീവ്രതയിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് ഉണ്ടായ ഭീകര സുനാമിയിൽ ഇന്തോനേഷ്യയിൽ 170,000 പേരാണ് മരിച്ചത്. ഈ സുനാമിയിൽ മേഖലയിലുടനീളം 220,000 പേർക്ക് ജീവൻ നഷ്ടമായി. 2018ൽ ലൊംബോക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ ഹോളിഡേ ദ്വീപിലും സുംബാവയിലുമായി 550 കൂടുതൽ പേർ മരിച്ചിരുന്നു.