National
ദസറ: മൈസൂരുവില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് അധിക സര്‍വീസുമായി റെയില്‍വേ
11 അണ്‍റിസര്‍വ്ഡ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ 51 പ്രത്യേക ട്രെയിനുകളാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴില്‍ സര്‍വീസ് നടത്തുക.

മൈസൂരു | ദസറ കാലത്തെ തിരക്ക് പരിഗണിച്ച് മൈസൂരുവില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് അധിക സര്‍വീസുമായി റെയില്‍വേ. 11 അണ്‍റിസര്‍വ്ഡ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ 51 പ്രത്യേക ട്രെയിനുകളാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴില്‍ സര്‍വീസ് നടത്തുക.
അശോകപുരം, ബെംഗളൂരു, ബെളഗാവി, യശ്വന്ത്പുര്‍, ശിവമോഗ ടൗണ്‍, വിജയപുര, അര്‍സികെരെ, കാരൈക്കുടി, മഡ്ഗാവ്, രാമനാഥപുരം, ചാമരാജ്‌നഗര്‍, തല്‍ഗുപ്പ, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മൈസൂരുവിലേക്കാണ് അധിക സര്‍വീസ് ഉണ്ടാവുക.
കഴിഞ്ഞ വര്‍ഷം ദസറ കാലത്ത് 1.1 ലക്ഷം കൂടുതല്‍ യാത്രക്കാര്‍ ട്രെയിന്‍ സര്‍വീസിനെ ആശ്രയിച്ചതായി മൈസൂരു ഡിവിഷന്‍ കൊമേഴ്സ്യല്‍ മാനേജര്‍ കെ ഗിരീഷ് ധര്‍മ്മരാജ് പറഞ്ഞു. ഈ വര്‍ഷം അതിലും കൂടുതല്‍ യാത്രക്കാരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ റെയില്‍വേ പോലീസിനെ നിയോഗിക്കും. സ്റ്റേഷനുകളില്‍ കൂടുതല്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സിന്റെ പിന്തുണയോടെ സ്റ്റേഷനുകളില്‍ ഹെല്‍പ്പ് കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും അടിയന്തര സാഹചര്യം നേരിടാന്‍ ആംബുലന്‍സ്, ഫയര്‍, പോലീസ് സേവനം ഉറപ്പാക്കും. അധിക കൗണ്ടറുകള്‍, ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവയും സംവിധാനിക്കുമെന്നും ഗിരീഷ് ധര്‍മ്മരാജ് അറിയിച്ചു.