Ongoing News
സുബ്രതോ കപ്പ്: ചരിത്രമെഴുതി കേരളത്തിന് കിരീടം; നേട്ടം കൊയ്തത് ഫാറൂഖ് എച്ച് എസ് എസ്
അണ്ടര്‍ 17 ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലില്‍ സി ബി എസ് ഇയെ (അമെനിറ്റി പബ്ലിക് സ്‌കൂള്‍, ഉത്തരാഖണ്ഡ്) മറുപടിയില്ലാത്ത രണ്ട് ഗോളിനു തോല്‍പ്പിച്ചാണ് ഫാറൂഖ് എച്ച് എസ് എസ് ചാമ്പ്യന്മാരായത്.

ന്യൂഡല്‍ഹി | സുബ്രതോ കപ്പില്‍ ചരിത്രം സൃഷ്ടിച്ച് കേരളം. 64 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളം ഇതാദ്യമായി സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷനല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി. കേരളത്തെ പ്രതിനിധാനം ചെയ്ത ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് കിരീടം ചൂടിയത്.
അണ്ടര്‍ 17 ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലില്‍ സി ബി എസ് ഇയെ (അമെനിറ്റി പബ്ലിക് സ്‌കൂള്‍, ഉത്തരാഖണ്ഡ്) മറുപടിയില്ലാത്ത രണ്ട് ഗോളിനു തോല്‍പ്പിച്ചാണ് മുഹമ്മദ് ജസീം അലി നയിച്ച ഫാറൂഖ് എച്ച് എസ് എസ് ചാമ്പ്യന്മാരായത്. 20-ാം മിനുട്ടില്‍ ജോണ്‍ സീനയും 60-ാം മിനുട്ടില്‍ ആദി കൃഷ്ണയുമാണ് കേരളത്തിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. സെമി ഫൈനലില്‍ മിസോറമിന്റെ ആര്‍ എം എസ് എ സ്‌കൂളിനെ തോല്‍പ്പിച്ചാണ് (1-0)ന് കേരളം ഫൈനലില്‍ പ്രവേശിച്ചത്.
ടൂര്‍ണമെന്റിലാകെ പത്ത് ഗോള്‍ നേടിയ കേരള ടീം രണ്ട് ഗോള്‍ മാത്രമാണ് വഴങ്ങിയത്. വി പി സുനീര്‍ ആണ് ടീമിന്റെ മുഖ്യ പരിശീലകന്‍. മനോജ് കുമാര്‍ ഗോള്‍ കീപ്പര്‍ പരിശീലകനും നോയല്‍ സജോ ഫിസിയോയുമാണ്. ടീം മാനേജര്‍: അഭിനവ്. ഷജീര്‍ അലി, പി എസ് ജലീല്‍ എന്നിവരാണ് മറ്റു ടീം സ്റ്റാഫുകള്‍. ഗോകുലം കേരള എഫ് സിയാണ് ടീമിന് പരിശീലനവും സ്‌പോണ്‍സര്‍ഷിപ്പും നല്‍കിയത്. പത്ത് വര്‍ഷം മുമ്പ് മലപ്പുറം ആസ്ഥാനമായുള്ള എം എസ് പി ആയിരുന്നു സുബ്രതോ കപ്പ് ഫൈനല്‍ കളിച്ച മുന്‍ കേരള ടീം, എന്നാല്‍ അന്ന് അവര്‍ ഫൈനലില്‍ പരാജയപ്പെട്ടു.