Kerala
പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം; ഹൈക്കോടതിയെ സമീപിച്ച് ദുല്‍ഖര്‍ സല്‍മാന്‍
കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് നടപടി. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹരജിയില്‍ വ്യക്തമാക്കി.

കൊച്ചി | ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനം വാങ്ങിയെന്ന കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് നടപടി. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹരജിയില്‍ വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനം തിരികെ നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണം, 2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കൊണ്ടുവന്നത് വിദേശത്തു നിന്നാണ്, റെഡ് ക്രോസ് ഉപയോഗിച്ചിരുന്ന വാഹനമാണിത്, 2020ല്‍ എല്ലാ രേഖകളും സഹിതമാണ് വാഹനം വാങ്ങിയത്, മുന്‍ ഉടമകള്‍ കസ്റ്റംസ് ഡ്യൂട്ടി അടച്ചിരുന്നു, ബേങ്ക് വഴിയാണ് പണമിടപാടുകള്‍ നടത്തിയത്, രേഖകള്‍ പരിശോധിക്കാന്‍ കസ്റ്റംസ് തയ്യാറായില്ല, വാഹനം കസ്റ്റംസ് കസ്റ്റഡിയില്‍ കിടന്ന് നശിക്കാന്‍ സാധ്യതയുണ്ട് എന്നീ കാര്യങ്ങളാണ് ദുല്‍ഖര്‍ ഹരജിയില്‍ കാണിച്ചിട്ടുള്ളത്.
നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇരുനൂറോളം ആഡംബര കാറുകള്‍ കേരളത്തിലേക്ക് കടത്തിയെന്ന കേസില്‍ രണ്ട് ദിവസം മുമ്പ് കസ്റ്റംസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്നര്‍ഥമുളള ‘ഓപറേഷന്‍ നുംഖോര്‍’ എന്ന് പേരിട്ടായിരുന്നു കസ്റ്റംസ് പ്രവന്റീവ് വിഭാഗത്തിന്റെ പരിശോധന. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരുടെ വീടുകളില്‍ ഉള്‍പ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റെയും വിവിധ എംബസികളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയുമൊക്കെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കും ഉള്‍പ്പെടെ ഇടനിലക്കാര്‍ ആഡംബര കാറുകള്‍ വിറ്റത്. സിനിമാ താരങ്ങളെക്കൂടാതെ വ്യവസായികള്‍. വാഹന ഡീലര്‍മാര്‍, ഇടനിലക്കാര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. എക്‌സൈസ് തീരുവ വെട്ടിച്ച് കേരളത്തിലെത്തിച്ച ഇരുപതോളം വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തു.