Connect with us

vazhivilakku

എന്തിന് ഹസ്തദാനം ചെയ്യാതിരിക്കണം

ഹസ്തദാനം സുന്നത്താണെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഇമാം നവവി(റ) സ്ഥിരപ്പെടുത്തിയതിന് ശറഹു മുസ്ലിം സാക്ഷ്യമാണ്. ഹസ്തദാനം പുണ്യമാണ്. ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കണം. എന്നാല്‍ മതം വിലക്കിയ പരിധിക്ക് പുറത്തേക്ക് ഇറങ്ങി മതനിയമങ്ങളെ നോക്കുകുത്തിയാക്കുന്ന പ്രവണത അവസാനിപ്പിക്കുകയും വേണം.

Published

|

Last Updated

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം പാകിസ്താന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നിഷേധിച്ചത് വാര്‍ത്തയായിരിക്കുകയാണല്ലോ? മനുഷ്യര്‍ക്കിടയിലെ അഭിവാദ്യങ്ങളുടെയും സൗഹൃദത്തിന്റെയും അടയാളമായി ഹസ്തദാനം പുരാതന കാലം മുതല്‍ക്ക് തന്നെ നിലനിന്നിട്ടുണ്ട്. പരസ്പരം കാണുക, അഭിവാദ്യം ചെയ്യുക, യാത്ര പറയുക, അഭിനന്ദനവും നന്ദിയും അറിയിക്കുക തുടങ്ങിയ പോസിറ്റീവായ സാഹചര്യങ്ങളിലാണ് സാധാരണയായി ഹസ്തദാനം നടത്താറുള്ളത്. പരസ്പരം പിണങ്ങി നില്‍ക്കുന്നവര്‍ പിണക്കം അവസാനിപ്പിക്കുന്നതിന് കൈ കൊടുത്ത് പിരിയുക എന്ന പ്രയോഗം തന്നെ നമുക്കിടയില്‍ നിലവിലുണ്ട്.

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഹസ്തദാനം വളരെ പ്രാധാന്യത്തോടെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ആരാധന തന്നെയാണ്. പരസ്പരം സലാം പറയുക എന്ന, മനുഷ്യര്‍ക്കിടയില്‍ സ്‌നേഹം വ്യാപിപ്പിക്കാന്‍ കാരണമാകും എന്ന് നബി(സ) പഠിപ്പിച്ച പുണ്യകര്‍മത്തിന്റെ കൂടെ ഹസ്തദാനവും മതം പഠിപ്പിക്കുന്നുണ്ട്. അതിന് വലിയ മഹത്വവും എണ്ണി പറയുന്നത് ഹദീസുകളില്‍ കാണാം.

നബി(സ) പറഞ്ഞതായി ഹുദൈഫത്തുബ്‌നുല്‍ യമാന്‍(റ) നിവേദനം ചെയ്യുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ കണ്ടുമുട്ടുകയും സലാം പറഞ്ഞ് അവനെ ഹസ്തദാനം ചെയ്യുകയും ചെയ്താല്‍, മരത്തിന്റെ ഇലകള്‍ കൊഴിയുന്നതുപോലെ അവരുടെ പാപങ്ങള്‍ കൊഴിഞ്ഞുപോകും. ബര്‍റാഅ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: രണ്ട് വിശ്വാസികള്‍ അഭിമുഖീകരിക്കുമ്പോള്‍ ഹസ്തദാനം ചെയ്യുകയാണെങ്കില്‍ അവര്‍ വേര്‍പിരിയുന്നതിന് മുമ്പായി അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടാതിരിക്കുകയില്ല. ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അനസ്ബ്‌നു മാലിക്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: രണ്ട് മുസ്ലിംകള്‍ പരസ്പരം കണ്ടുമുട്ടുകയും ഒരാള്‍ തന്റെ കൂട്ടുകാരനെ ഹസ്തദാനം നടത്തുകയും ചെയ്താല്‍ അവര്‍ രണ്ട് പേരുടെയും പ്രാര്‍ഥനക്ക് ഉത്തരം നല്‍കലും അവരുടെ കൈകള്‍ വേര്‍പിരിയും മുമ്പ് അവര്‍ക്ക് പൊറുത്തു കൊടുക്കലും അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു. ഹസ്തദാനം സ്വഹാബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നെന്ന് ഖതാദ(റ)വിന്റെ ചോദ്യത്തിന് മറുപടിയായി അനസ്(റ) പറഞ്ഞ കാര്യം ബുഖാരിയിലും കാണാം. സഹോദരനെ ഹസ്തദാനം ചെയ്യല്‍ അഭിവാദ്യത്തിന്റ പരിപൂര്‍ണതയില്‍ പെട്ടതാണെന്ന് ബര്‍റാഅ്ബ്‌നു ആസിബ്(റ) പറഞ്ഞതായി അല്‍അദബുല്‍ മുഫ്‌റദ് ഉദ്ധരിക്കുന്നുണ്ട്.

ഹസ്തദാനം സുന്നത്താണെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഇമാം നവവി(റ) സ്ഥിരപ്പെടുത്തിയതിന് ശറഹു മുസ്ലിം സാക്ഷ്യമാണ്. ഹസ്തദാനം കൂടുതല്‍ ഹൃദ്യമാകാന്‍ കൈകളില്‍ സുഗന്ധം പുരട്ടുന്ന അനസ്(റ) പഠിപ്പിക്കുന്ന പാഠവും ഇവിടെ ശ്രദ്ധേയമാണ്. ചുരുക്കത്തില്‍ സ്‌നേഹം നിലനിര്‍ത്താനും പിണക്കങ്ങളുടെ മഞ്ഞുരുകാനും ഹസ്തദാനത്തെ ശീലിക്കുക. അത് മതമാണ്, ഒരു സാംസ്‌കാരിക പ്രവര്‍ത്തനവുമാണ്.

സ്ത്രീകള്‍ക്കിടയിലും ഹസ്തദാനത്തിന്റെ മതവിധി ഇങ്ങനെത്തന്നെയാണ്. എന്നാല്‍ മതനിയമങ്ങളെ നോക്കുകുത്തിയാക്കാന്‍ പെടാപാട് പെടുന്നവര്‍ സ്ത്രീപുരുഷന്മാര്‍ക്കിടയിലുള്ള ഹസ്തദാനത്തെ സാമാന്യവത്കരിച്ചിരിക്കുന്നു. ആഇശ(റ) പറയുന്നു: അല്ലാഹുവാണ് സത്യം, നബി(സ)യുടെ കരം ഒരു അന്യസ്ത്രീയുടെ കരത്തെയും സ്പര്‍ശിക്കുകയുണ്ടായിട്ടില്ല, അവര്‍ നബിയോട് ബൈഅത്ത് ചെയ്യുന്നത് പോലും വാക്കിലൂടെ മാത്രമാണ് (മുസ്ലിം). ഉമ്മ, സഹോദരി, മകള്‍, ഉപ്പയുടെ സഹോദരിമാര്‍, ഉമ്മയുടെ സഹോദരിമാര്‍ എന്നിങ്ങനെ മഹ്‌റമുകളായവര്‍ക്കോ ഭാര്യക്കോ ഹസ്താദാനം നടത്തുന്നതിന് ഒരു വിരോധവുമില്ല. എന്നാല്‍ മഹ്‌റമുകള്‍ അല്ലാത്ത അന്യസ്ത്രീകളെ പുരുഷന്‍ ഹസ്തദാനം ചെയ്യാന്‍ പാടില്ല.

വ്യാജ ആത്മീയ വാദികള്‍ പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സ്ത്രീകളുടെ കരം കവരുന്നതും കപട മാന്യതക്ക് വേണ്ടി ആരുടെയും കൈപിടിച്ചു കുലുക്കുന്നതും മതവൃത്തത്തിന് പുറത്താണെന്ന് തിരിച്ചറിയണം. ചുരുക്കത്തില്‍ ഹസ്തദാനം പുണ്യമാണ്. ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കണം. എന്നാല്‍ മതം വിലക്കിയ പരിധിക്ക് പുറത്തേക്ക് ഇറങ്ങി മതനിയമങ്ങളെ നോക്കുകുത്തിയാക്കുന്ന പ്രവണത അവസാനിപ്പിക്കുകയും വേണം.

 

Latest