Connect with us

Ongoing News

പി സി ബിയുടെ പരാതി; സൂര്യകുമാര്‍ യാദവിനെതിരെ ഐ സി സി നടപടിയെടുത്തേക്കും

പി സി ബിയില്‍ നിന്ന് രണ്ട് പരാതികള്‍ ലഭിച്ചതായി സ്ഥിരീകരിച്ച് മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സണ്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഇമെയില്‍ സന്ദേശമയച്ചു.

Published

|

Last Updated

ദുബൈ | വിവാദ പ്രസ്താവനകളില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) നല്‍കിയ പരാതിയില്‍ ഐ സി സി നടപടിയെടുത്തേക്കും. പി സി ബിയില്‍ നിന്ന് രണ്ട് പരാതികള്‍ ലഭിച്ചതായി സ്ഥിരീകരിച്ച് മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സണ്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഇമെയില്‍ സന്ദേശമയച്ചു.

ഏഷ്യാകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ ഗ്രൂപ്പ് മത്സരത്തിനു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലും വാര്‍ത്താസമ്മേളനത്തിലും സൂര്യകുമാര്‍ യാദവ് നടത്തിയ പ്രസ്താവനകളാണ് പി സി ബിയെ പ്രകോപിപ്പിച്ചത്.

‘2025 സെപ്തംബര്‍ 14ന് ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലും വാര്‍ത്താസമ്മേളനത്തിലും നിങ്ങളുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നടത്തിയ അഭിപ്രായങ്ങളെക്കുറിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ച രണ്ടു റിപോര്‍ട്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഐ സി സി എന്നോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് മുഴുവന്‍ റിപോര്‍ട്ടുകളും തെളിവുകളും പരിശോധിച്ചു. കളിയുടെ താത്പര്യത്തിന് ഹാനികരമായ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തി മത്സരത്തെ വിവാദത്തിലേക്ക് നയിച്ചതിന് സൂര്യകുമാര്‍ യാദവിനെതിരെ നടപടി സ്വീകരിക്കണമെന്ന നിഗമനത്തിലെത്തി.’- റിച്ചി റിച്ചാര്‍ഡ്‌സണ്‍ ഇമെയിലില്‍ വ്യക്തമാക്കി. സൂര്യകുമാറിന് കുറ്റം ഏറ്റെടുക്കാനോ അല്ലെങ്കില്‍ ഐ സി സി മാച്ച് റഫറി, ബി സി സി ഐ, പി സി ബി പ്രതിനിധി എന്നിവര്‍ക്കു മുന്നില്‍ കാര്യങ്ങള്‍ ധരിപ്പിക്കാനോ അവസരമുണ്ടാകുമെന്നും ഇമെയിലില്‍ പറയുന്നു.