National
ബിഹാറിൽ വോട്ട് വിഹിതത്തിൽ ബിജെപിയേക്കാൾ മുന്നിൽ ആർജെഡി
2010-ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടി നേരിട്ടെങ്കിലും, തേജസ്വി യാദവ് നയിച്ച പാർട്ടിക്ക് 23 ശതമാനം വോട്ട് വിഹിതം ലഭിച്ചു.
പാറ്റ്ന | 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ ഡി എ) അധികാരം നിലനിർത്തിയെങ്കിലും, പ്രതിപക്ഷമായ രാഷ്ട്രീയ ജനതാ ദളിന് (ആർ ജെ ഡി) ആശ്വസിക്കാൻ വക നൽകുന്നത് ഏറ്റവും ഉയർന്ന വോട്ട് വിഹിതം. 2010-ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടി നേരിട്ടെങ്കിലും, തേജസ്വി യാദവ് നയിച്ച പാർട്ടിക്ക് 23 ശതമാനം വോട്ട് വിഹിതം ലഭിച്ചു. ഇത് ബി ജെ പിയേക്കാൾ 2.92 ശതമാനവും, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിനേക്കാൾ 3.75 ശതമാനവും അധികമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബി ജെ പിക്ക് 20.07 ശതമാനവും ജെ ഡി യുവിന് 19.26 ശതമാനവുമാണ് വോട്ട് വിഹിതം ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 23.11 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ആർ ജെ ഡിക്ക് ഇത്തവണ നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.
വോട്ടെണ്ണൽ പൂർത്തിയായപ്പോൾ, 243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടിയാണ് എൻ ഡി എ വിജയം ഉറപ്പിച്ചത്. ബി ജെ പി 89 സീറ്റുകളും, ജെ ഡി യു 85 സീറ്റുകളും, ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 19 സീറ്റുകളും, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) അഞ്ച് സീറ്റുകളും, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച നാല് സീറ്റുകളുമാണ് നേടിയത്.
മറുഭാഗത്ത്, മഹാസഖ്യത്തിന് ആകെ 35 സീറ്റുകൾ മാത്രമാണ് നേടാനായത്. 141 സീറ്റുകളിൽ മത്സരിച്ച ആർ ജെ ഡിക്ക് 25 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 2010-ന് ശേഷം ആർ ജെ ഡിക്ക് ലഭിക്കുന്ന രണ്ടാമത്തെ കുറഞ്ഞ സീറ്റുകളാണിത്. മഹാസഖ്യത്തിലെ സഖ്യകക്ഷികളുടെ പ്രകടനവും മോശമായിരുന്നു. കോൺഗ്രസ് വെറും ആറ് സീറ്റുകൾ മാത്രം നേടി. സി പി ഐ(എം എൽ) എൽ രണ്ട് സീറ്റുകളും, സി പി ഐ(എം) ഒരു സീറ്റും നേടിയപ്പോൾ സി പി ഐക്ക് ഒരു സീറ്റും നേടാനായില്ല.
പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന തേജസ്വി യാദവ് തന്റെ തട്ടകമായ രാഘോപൂരിൽ വിജയിച്ചു. പ്രശാന്ത് കിഷോർ നയിച്ച ജൻ സുരാജ് പാർട്ടിക്കും മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിക്കും അക്കൗണ്ട് തുറക്കാനായില്ല.
നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ 66 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. 1951-ന് ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. പുരുഷ വോട്ടർമാരുടെ പോളിംഗ് 62.8 ശതമാനവും, വനിതാ വോട്ടർമാരുടേത് 71.6 ശതമാനവുമായിരുന്നു.




