Connect with us

Uae

വാഹനാപകടത്തിൽ മരിച്ച മലയാളി ആറുപേർക്ക് പുതുജീവൻ നൽകി

ബാബുരാജന്റെ (50) അവയവങ്ങളാണ് ആറ് പേർക്കായി ദാനം ചെയ്തത്.

Published

|

Last Updated

അബൂദബി| പ്രവാസലോകത്തെ നോവായി മാറിയ അപകടത്തിന് പിന്നാലെ, മരണത്തിലും ആറുപേർക്ക് പുതുജീവൻ നൽകി കൊല്ലം സ്വദേശി ബാബുരാജൻ യാത്രയായി. അബൂദബിയിലുണ്ടായ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ (50) അവയവങ്ങളാണ് ആറ് പേർക്കായി ദാനം ചെയ്തത്. രണ്ടാഴ്ച മുമ്പ് അബൂദബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള സിഗ്നലിൽ റോഡ് മുറിച്ചുകടക്കവെ ബാബുരാജനെ ഇലക്ട്രിക് സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം (Brain Death) സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ബാബുരാജന്റെ വിയോഗവാർത്തയ്ക്കിടയിലും അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളും സുഹൃത്തുക്കളും സന്നദ്ധത അറിയിക്കുകയായിരുന്നു. സുഹൃത്തായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ഷിബു മാത്യുവാണ് ഈ വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്.
തുടർന്ന് ശസ്ത്രക്രിയകൾക്കായി മൃതദേഹം അബുദാബി ക്ലീവ്‌ലാൻഡ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഹൃദയം, ലെൻസ്, വൃക്കകൾ, പാൻക്രിയാസ്, കരൾ, ഷെൽസ് തുടങ്ങിയ അവയവങ്ങൾ വേർതിരിച്ചെടുത്തു. വിവിധ രാജ്യക്കാരായ ആറ് രോഗികളിലായി ഈ അവയവങ്ങൾ വച്ചുപിടിപ്പിക്കും. പരേതനായ ബാബുരാജന്റെ ഭാര്യ കുമാരിയാണ്. പ്രീതി, കൃഷ്ണപ്രിയ എന്നിവർ മക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest