Connect with us

bihar election 2025

എസ് ഐ ആർ ഇംപാക്ട്: 11 സീറ്റുകളിൽ വിജയിയുടെ ഭൂരിപക്ഷം വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തവരേക്കാൾ കുറവ്

വാൽമീകി നഗർ, ചൻപട്ടിയ, ധാക്ക, ഫോർബസ്ഗഞ്ച്, ബലറാംപൂർ, തരയ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഈ വ്യത്യാസം കണ്ടെത്തിയത്.

Published

|

Last Updated

ന്യൂഡൽഹി | ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 11 മണ്ഡലങ്ങളിൽ, സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) വഴി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത വോട്ടർമാരുടെ എണ്ണം വിജയിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ. വാൽമീകി നഗർ, ചൻപട്ടിയ, ധാക്ക, ഫോർബസ്ഗഞ്ച്, ബലറാംപൂർ, തരയ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഈ വ്യത്യാസം കണ്ടെത്തിയത്. ഇവിടെ നീക്കം ചെയ്ത വോട്ടർമാരുടെ എണ്ണം വിജയിയെയും രണ്ടാമതെത്തിയ സ്ഥാനാർത്ഥിയെയും തമ്മിൽ വേർതിരിക്കുന്ന വോട്ടുകളുടെ മാർജിനേക്കാൾ കൂടുതലാണ്.

2,311 പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വാൽമീകി നഗറിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 1,675 ആണ്. ചൻപട്ടിയയിൽ 1,033 പേർ ഒഴിവാക്കപ്പെട്ടപ്പോൾ 602 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചത്. ധാക്കയിൽ 457 പേരാണ് പട്ടികക്ക് പുറത്തായത്. ഇവിടെ വിജയിച്ച ആർ ജെ ഡി സ്ഥാനാർഥിയുടെ ഭൂരിപക്ഷം 178. ഫോർബസ്ഗഞ്ചിൽ 1,400 പേർ ഒഴിവാക്കപ്പെട്ടു. ഇവിടെ കോൺഗ്രസ് വിജയിച്ചത് 221 വോട്ടുകൾക്ക്. ബലറാംപൂരിൽ 1,468 പേർ പുറത്തായപ്പോൾ എൽ ജെപിയുടെ ഭൂരിപക്ഷം 389.

മറ്റു മണ്ഡലങ്ങളിലെ കണക്കുകൾ മണ്ഡലം, ഒഴിവാക്കിയ വോട്ടുകൾ, വിജയിച്ച പാർട്ടിയുടെ ഭൂരിപക്ഷം എന്ന ക്രമത്തിൽ:
തരയ, 1,431 (1,329 -ബി ജെ പി), സന്ദേശ് 909, (27-ജെ ഡി (യു)), അഗിയോൺ (എസ് സി) 1,322 (95-ബി ജെ പി), രാംഘർ 1,197 (30-ബി എസ് പി), ജെഹാനാബാദ് 1,832 (793-ആർ ജെ ഡി), നബിനഗർ 422 (112 -ജെ ഡി (യു)).

എസ് ഐ ആർ പ്രക്രിയയിലെ വോട്ടർമാരുടെ ഒഴിവാക്കലുമായി ബന്ധപ്പെട്ട് രണ്ട് കണക്കുകൾ പ്രധാനമായും ചർച്ച ചെയ്യേണ്ടതുണ്ട്. ഇതിൽ ഒന്ന് മൊത്തത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 47 ലക്ഷം പേരുടെ കണക്കാണ്. പതിവ് നീക്കം ചെയ്യലുകളായ മരണപ്പെട്ടവർ, ഡ്യൂപ്ലിക്കേറ്റുകൾ, സ്ഥിരമായി താമസം മാറിയവർ എന്നിവരുടെ പേരുകൾ ഉൾപ്പെടെ, മൊത്തത്തിൽ 47 ലക്ഷം പേരാണ് എസ് ഐ ആർ പ്രക്രിയ വഴി ഒഴിവാക്കപ്പെട്ടത്.

വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചതിനും അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനും ഇടയിലുള്ള, അവസാന ഘട്ടത്തിൽ 3.66 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. പൊതുജനങ്ങൾക്ക് പട്ടിക അവലോകനം ചെയ്യാൻ അവസരം ലഭിച്ച ശേഷം നീക്കം ചെയ്ത ഈ പേരുകളാണ് എസ് ഐ ആർ പ്രത്യേക ലക്ഷ്യങ്ങളോടെയാണ് നടപ്പാക്കപ്പെട്ടത് എന്ന ആരോപണങ്ങളുടെ കേന്ദ്രബിന്ദു. സുപ്രീം കോടതി ഈ 3.66 ലക്ഷം ഒഴിവാക്കലുകളുടെ വിശദാംശങ്ങൾ തേടിയിരുന്നു.

സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുപ്പ് ഫലം എൻ ഡി എക്ക് അനുകൂലമായ വൻ വിജയമായതിനാൽ ഈ കണക്കുകൾക്ക് മൊത്തത്തിൽ വലിയ പ്രസക്തി ഇല്ലാതായെങ്കിലും, ഈ 11 നിർണ്ണായക മണ്ഡലങ്ങളിലെ ഫലത്തിൽ എസ് ഐ ആർ ഒഴിവാക്കലുകൾക്ക് വലിയ സ്വാധീനമുണ്ടായിട്ടുണ്ട് എന്നത് സ്ഥിതിവിവരക്കണക്കുകളിൽ വ്യക്തമാവുകയാണ്.

വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നതിനെതിരെ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. കടുത്ത മത്സരമുള്ള മണ്ഡലങ്ങളിൽ ഈ ഒഴിവാക്കലുകൾ ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു. ആ വാദങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ കണക്കുകൾ.

Latest