Connect with us

Ongoing News

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് ഫൈനല്‍

ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്താന്റെ ഫൈനല്‍ പ്രവേശം.

Published

|

Last Updated

ദുബൈ | ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് ഫൈനല്‍. ഇന്നലെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഒമ്പത് വിക്കറ്റ് ബലികഴിച്ച് 124ല്‍ എത്താനേ ബംഗ്ലാദേശിന് കഴിഞ്ഞുള്ളൂ. ഇന്ത്യ നേരത്തെത്തന്നെ ഫൈനല്‍ ഉറപ്പാക്കിയിരുന്നു. വരുന്ന ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

25 പന്തില്‍ 30 റണ്‍സ് നേടിയ ഷമീം ഹുസൈന്‍ ആണ് ബംഗ്ലാ ബാറ്റിംഗ് നിരയിലെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാരില്‍ സെയ്ഫ് ഹസ്സന്‍ (15ല്‍ 18), നൂറുല്‍ ഹസ്സന്‍ (16) എന്നിവര്‍ക്കു മാത്രമേ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളൂ. പാക് ബൗളിംഗില്‍ ഷഹീന്‍ അഫ്രീദിയും ഹാരിസ് റഊഫുമാണ് തിളങ്ങിയത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അഫ്രീദിയാണ് കളിയിലെ താരം (3/17). സയിം അയൂബ് രണ്ടും മുഹമ്മദ് നവാസ് ഒന്നും വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താനായി മുഹമ്മദ് ഹാരിസ് ആണ് (23 പന്തില്‍ 31) മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. മുഹമ്മദ് നവാസ് (15ല്‍ 25), ഷഹീന്‍ അഫ്രീദി (13ല്‍ 19) എന്നിവരും മികച്ചുനിന്നു. ഫഹീം അഷ്‌റഫ് പുറത്താകാതെ 14 റണ്‍സ് നേടി. ബംഗ്ലാദേശിനു വേണ്ടി തസ്‌കിന്‍ അഹ്മദ് 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മഹ്ദി ഹസ്സന്‍, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ടു വീതവും മുസ്തഫീസര്‍ റഹ്മാന്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.