National
മലയാളി വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദനം: പ്രതിഷേധമറിയിച്ച് ഡല്‍ഹി കമ്മീഷണര്‍ക്ക് കത്തയച്ച് ബ്രിട്ടാസ് എം പി
നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം.

ന്യൂഡല്‍ഹി | മുണ്ടുടുത്തതിനും ഹിന്ദി സംസാരിക്കാത്തതിനും ഡല്‍ഹി സാക്കിര്‍ ഹുസൈന്‍ കോളജിലെ മലയാളി വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി മര്‍ദിച്ചതിനെ ശക്തമായി അപലപിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ബ്രിട്ടാസ് കത്തയച്ചു. നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അക്രമത്തിനിടെ നഷ്ടമായ വിദ്യാര്‍ഥികളുടെ സാധനങ്ങള്‍ തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍വിധികളോ വിവേചനമോ ഇല്ലാതെ എല്ലാ പൗരന്മാരുടെയും ഭരണഘടനാ മൂല്യങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിനും സംസ്‌ക്കാരത്തോടെ പെരുമാറുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹിയിലെ മുഴുവന്‍ പോലീസ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ അശ്വന്ത്, സുധിന്‍ എന്നിവരെയാണ് ആദ്യം നാട്ടുകാരും പിന്നീട് പോലീസും മര്‍ദിച്ചത്. സെപ്തംബര്‍ 24 നാണ് ചെങ്കോട്ടയ്ക്ക് സമീപത്തുവച്ച് ഇവരെ കള്ളക്കേസ് എടുത്ത് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. ഹിന്ദിയില്‍ പ്രാവീണ്യം കുറഞ്ഞ വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷില്‍ വിശദീകരിക്കാന്‍ ശ്രമിച്ചതിന് മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചും ഇവരെ മര്‍ദിച്ചു.
സംഭവം ഏറെ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ബ്രിട്ടാസ് പറഞ്ഞു. പരമ്പരാഗത കേരള വസ്ത്രമായ മുണ്ടിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ പരിഹസിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തുവെന്ന വിവരവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അത്തരം പ്രവൃത്തികള്‍ സാംസ്‌കാരിക അപചയവും ഭരണഘടനാ വിരുദ്ധവുമാണ്. ഇന്ത്യയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തോടുള്ള നേരിട്ടുള്ള അപമാനമാണിതെന്നും ബ്രിട്ടാസ് പറഞ്ഞു.