Kerala
മനുഷ്യര്‍ക്കൊപ്പം മാതൃകയില്‍ അണിനിരന്ന് വിദ്യാര്‍ഥികള്‍; കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രക്ക് മഅദിന്‍ അക്കാദമിയില്‍ ഉജ്ജ്വല സ്വീകരണം
മനുഷ്യ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന അസംബ്ലിയോടെയാണ് സ്വീകരണ പരിപാടികള്‍ ആരംഭിച്ചത്
കേരളയാത്രയുടെ ഭാഗമിയില്‍ മഅദിന്‍ അക്കാദമിയിലെത്തിയ യാത്രാ ഉപനായകന്മാരായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി എന്നിവരെയും സഹയാത്രികരെയും മഅദിന്‍ അക്കാദമിയിലേക്ക് ആനയിക്കുന്നു.
മലപ്പുറം| കേരള യാത്രയുടെ പ്രമേയമായ ‘മനുഷ്യര്‍ക്കൊപ്പം’ എന്ന വാചകം വിദ്യാര്‍ഥികളെ അണിനിരത്തി അക്ഷരരൂപത്തില്‍ പുനരാവിഷ്‌കരിച്ചത് സ്വീകരണ കേന്ദ്രത്തിലെ വേറിട്ട കാഴ്ചയായി. അരീക്കോട്ടെ സ്വീകരണ സമ്മേളന ശേഷം മഅദിന്‍ അക്കാദമിയിലെത്തിയ കേരളയാത്രക്ക് ഉജ്ജ്വല വരവേല്‍പ്പാണ് മഅദിന്‍ അക്കാദമി നല്‍കിയത്. ഉപനായകന്മാരായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍ഹ്‌മാന്‍ സഖാഫി എന്നിവരെയും സഹയാത്രികരെയും മഅ്ദിന്‍ ക്യാമ്പസ് ആവേശപൂര്‍വമാണ് വരവേറ്റത്.
മനുഷ്യ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന അസംബ്ലിയോടെയാണ് സ്വീകരണ പരിപാടികള്‍ ആരംഭിച്ചത്. മഅ്ദിന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മനോഹരമായ ദഫ് മുട്ടും കണ്ണിന് കുളിര്‍മയേകുന്ന ഫ്‌ലവര്‍ ഷോയും സ്വീകരണത്തിന് മാറ്റുകൂട്ടി. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരേ താളത്തില്‍ ദഫ് മുട്ടുമായി നിരന്നപ്പോള്‍ അത് കേരളയാത്രയുടെ പ്രമേയത്തിന് കരുത്തുപകരുന്ന ഐക്യദാര്‍ഢ്യമായി മാറി.
യാത്രയുടെ ക്ഷീണമകറ്റുന്നതിനും ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റുന്നതിനും വേണ്ടിയുള്ള മികച്ച സംവിധാനങ്ങളാണ് മഅ്ദിന്‍ ക്യാമ്പസില്‍ സജ്ജീകരിച്ചിരുന്നത്.
യാത്രികര്‍ക്ക് സുഭിക്ഷിതമായ ഭക്ഷണവും വിശ്രമത്തിനുള്ള സൗകര്യങ്ങളും ഒരുക്കി. ദീര്‍ഘദൂര യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്കായി കാര്‍ വാഷ്, ടയര്‍ കാറ്റ് പരിശോധന എന്നിവയും ഏര്‍പ്പെടുത്തി. യാത്രികരുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ലോണ്ടറി, ഇസ്തിരി സൗകര്യങ്ങളും, ഡിജിറ്റല്‍ ആവശ്യങ്ങള്‍ക്കായി ഹൈ-സ്പീഡ് വൈഫൈയും ചാര്‍ജിംഗ് പോയിന്റുകളും ക്യാമ്പസില്‍ ഒരുക്കിയിരുന്നു.

കേരള യാത്രയുടെ പ്രമേയമായ ‘മനുഷ്യര്‍ക്കൊപ്പം’ എന്ന മാതൃകയില്‍ മഅദിന്‍ അക്കാദമി വിദ്യാര്‍ഥികള്‍ അണിനിരന്നപ്പോള്‍
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മെഡിക്കല്‍ സപ്പോര്‍ട്ടും, ആവശ്യസാധനങ്ങള്‍ക്കായി സ്റ്റേഷനറി ഷോപ്പും സജ്ജമാക്കിയതോടെ കേരളയാത്രയ്ക്ക് മഅ്ദിനില്‍ ലഭിച്ചത് സമാനതകളില്ലാത്ത ആതിഥേയത്വമാണ്. യാത്രികരുടെ ഓരോ ചെറിയ ആവശ്യങ്ങള്‍ പോലും മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള മഅ്ദിന്‍ അക്കാദമിയുടെ ഈ പിന്തുണ കേരളയാത്രയ്ക്ക് പുതിയ കരുത്ത് പകര്‍ന്നുവെന്നും തുല്യതയില്ലാത്ത സ്വീകരണമാണ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ നേതൃത്വത്തിലുള്ള മഅദിന്‍ ടീമില്‍ നിന്ന് ലഭിച്ചതെന്നും യാത്രാ ഉപനായകന്‍ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്്‌ലിയാരുടെ നേതൃത്വത്തിലുള്ള ഈ പര്യടനം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സമുദായ സൗഹൃദവും സമാധാനവും ലക്ഷ്യമിട്ടുള്ള യാത്രയ്ക്ക് മഅ്ദിനില്‍ ലഭിച്ച ഈ മാതൃകാപരമായ സ്വീകരണം സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വരും ദിവസങ്ങളിലും വിവി ധ ജില്ലകളിലെ പര്യടനം തുടരുന്ന യാത്രയില്‍ പതിനായിരങ്ങളാണ് അണിചേരുന്നത്.



