National
ബംഗാൾ എസ് ഐ ആർ: ജാർഖണ്ഡിലെയും, ഒഡീഷയിലെയും ജുഡീഷ്യൽ ഓഫീസർമാരെ നിയോഗിക്കാൻ സുപ്രീം കോടതി അനുമതി
ഫെബ്രുവരി 28-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകി.
ന്യൂഡൽഹി | പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലുമായി (SIR) ബന്ധപ്പെട്ട 80 ലക്ഷത്തോളം പരാതികളും ആക്ഷേപങ്ങളും വേഗത്തിൽ തീർപ്പാക്കാൻ അയൽ സംസ്ഥാനങ്ങളായ ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ ഓഫീസർമാരെ നിയോഗിക്കാൻ സുപ്രീം കോടതി അനുമതി നൽകി. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. നിലവിൽ ഈ ചുമതലയിലുള്ള 250 ജില്ലാ ജഡ്ജിമാർക്ക് നടപടികൾ പൂർത്തിയാക്കാൻ 80 ദിവസമെങ്കിലും വേണ്ടിവരുമെന്ന ഹൈക്കോടതിയുടെ റിപ്പോർട്ട് കണക്കിലെടുത്താണ് സിവിൽ ജഡ്ജിമാരെയും അയൽ സംസ്ഥാനങ്ങളിലെ ഓഫീസർമാരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ഫെബ്രുവരി 28-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകി. അന്നേദിവസം പരിശോധന പൂർത്തിയാകാത്ത കേസുകൾക്കായി പിന്നീട് അനുബന്ധ പട്ടികകൾ പുറത്തിറക്കാം. ആർട്ടിക്കിൾ 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച കോടതി, ഇത്തരം അനുബന്ധ പട്ടികയിൽ ഉൾപ്പെടുന്നവർ ഫെബ്രുവരി 28-ലെ പട്ടികയുടെ ഭാഗമാണെന്ന് കണക്കാക്കുമെന്നും വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ബംഗാളി ഭാഷ അറിയാത്തത് പ്രതിസന്ധിയാകുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടിയെങ്കിലും, ജാർഖണ്ഡും ഒഡീഷയും ചരിത്രപരമായി ബംഗാളിന്റെ ഭാഗമായിരുന്നതും ഭാഷാപരമായ സാമ്യവും കോടതി മറുപടിയായി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ചെലവ് തിരഞ്ഞെടുപ്പ് കമ്മീഷൻ വഹിക്കണമെന്നും കോടതി നിർദേശിച്ചു.
Summary
The Supreme Court has authorized the Calcutta High Court to requisition judicial officers from Jharkhand and Odisha to expedite the verification of nearly 80 lakh claims in West Bengal’s Special Intensive Revision (SIR) of electoral rolls. While the final list is set for publication on February 28, the court allowed for continuous supplementary lists to ensure no legitimate voter is excluded. The bench invoked Article 142 to streamline the process amid a “trust deficit” between the state government and the Election Commission.



