Articles
ജാതി രാഷ്ട്രീയം തിരിച്ചുവരുമോ?
വോട്ട് ചോരി ആരോപണവും വോട്ടര്‍ പട്ടിക പരിഷ്‌കരണവും എങ്ങനെയാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിരിക്കുന്നത് എന്നതിനെ അപേക്ഷിച്ച് കൂടിയാകും ബിഹാറിന്റെ അന്തിമ വിധി.

തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുടെ പേരില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ബിഹാര്‍ സാക്ഷിയാകാനിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന വോട്ട് ചോരി വിവാദവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ യജ്ഞമായ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനും (എസ് ഐ ആര്‍) തിരഞ്ഞെടുപ്പ് കമ്മീഷനെ കൂടി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന സങ്കീര്‍ണമായൊരു രാഷ്ട്രീയ കാലാവസ്ഥയിലാണ് സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെന്‍സസ് പൂര്‍ത്തിയാക്കിയ സംസ്ഥാനം എന്ന ഖ്യാതിയോടെയാണ് നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. അതേസമയം ഇന്ത്യയില്‍ ബി ജെ പിക്കെതിരെ ഏറ്റവും വലിയ ജനകീയ മുന്നേറ്റം സംഘടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് രാഹുല്‍ ഗാന്ധിയും ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവും നിതീഷ് കുമാറിന് ചെക്ക് വെക്കുന്നത്. ബി ജെ പിയുമായി ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നിതീഷ് കുമാറിന്റെ ജെ ഡി യു. ബി ജെ പിക്കൊപ്പം ചേര്‍ന്ന് തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സാധ്യത. ഇത് കണക്കുകൂട്ടിയാണ് രാഹുലും തേജസ്വിയും നേരത്തേ തന്നെ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എട്ട് യാത്രകളാണ് നിതീഷ് കുമാറിന്റെ ഭരണ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് തേജസ്വിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ബിഹാറില്‍ നടന്നത്. വോട്ട് കൊള്ള ആരോപണത്തെ തുടര്‍ന്ന് രാഹുലും തേജസ്വിയും ഒരുമിച്ച് നടത്തിയ വോട്ടര്‍ അധികാര്‍ യാത്രക്കും ആര്‍ ജെ ഡിയുടെ നേതൃത്വത്തില്‍ തേജസ്വി യാദവ് നടത്തിയ ബിഹാര്‍ അധികാര്‍ യാത്രക്കും വലിയ ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ആള്‍ക്കൂട്ട പ്രതികരണം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ ബി ജെ പിയുടെ വാട്ടര്‍ലൂ ആയിരിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ഈ യുദ്ധത്തിനിടയില്‍ ഇരു മുന്നണികള്‍ക്കും വെല്ലുവിളിയായി എല്ലാ കണക്കുകളും തെറ്റിക്കാന്‍ പാകത്തില്‍ ശക്തമായ സാന്നിധ്യമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും രംഗത്തുണ്ട് എന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രവചനങ്ങളെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കൊണ്ടുപോയേക്കാം. അന്തിമ ഫലത്തില്‍ ഒരുപക്ഷേ അങ്ങനെ തന്നെ സംഭവിച്ചാല്‍ ബിഹാര്‍ രാഷ്ട്രീയത്തിലെ പുതിയ കിംഗ് മേക്കര്‍ ആയി പ്രശാന്ത് കിഷോര്‍ മാറാനിടയുണ്ട് എന്നിടത്താണ് ഈ തിരഞ്ഞെടുപ്പിന്റെ ക്ലൈമാക്സ് ഒളിഞ്ഞിരിക്കുന്നത്.
ജാതി സമവാക്യങ്ങളില്‍ കെട്ടുപിണഞ്ഞു കിടന്നിരുന്ന ബിഹാറിനെ ഹിന്ദു ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജാതി രാഷ്ട്രീയത്തില്‍ നിന്ന് അപകടകരമായ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് വഴി മാറ്റന്‍ സംഘ്പരിവാറിനൊപ്പം കൂട്ടുചേര്‍ന്ന് ലാലു പ്രസാദിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാമെന്നായിരുന്നു നിതീഷ് കുമാര്‍ കണക്ക് കൂട്ടിയത്. എന്നാലിപ്പോള്‍ നിതീഷിന്റെ വോട്ടുകള്‍ കൂടി ബി ജെ പിയിലേക്ക് പോകുന്നത് കണ്ട് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരുന്ന അവസ്ഥയില്‍ നിന്നാണ് ജാതി രാഷ്ട്രീയത്തിലേക്ക് നിതീഷ് തിരിച്ച് നടക്കാന്‍ ശ്രമിക്കുന്നത്. ബിഹാറിന്റെ രാഷ്ട്രീയ സ്വഭാവത്തെ തന്നെ അടിമുടി മാറ്റിക്കൊണ്ടിരുന്ന സംഘ്പരിവാര്‍ പദ്ധതിയുടെ കടക്കല്‍ കത്തിവെക്കുക കൂടി ചെയ്താണ് നിതീഷ് ബിഹാറില്‍ ജാതി സെന്‍സസിന് മുന്നിട്ടിറങ്ങിയത്. 2021ല്‍ സുപ്രീം കോടതിയില്‍ ജാതി സെന്‍സസിനെതിരെ നിലപാട് സ്വീകരിച്ച മോദി സര്‍ക്കാറിന് പിന്നീട് ആ നിലപാടില്‍ നിന്ന് പിറകോട്ട് പോകേണ്ടി വന്നത്, ബിഹാറിലെ ജാതി സമവാക്യങ്ങള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എത്രമാത്രം ശക്തമായി പ്രതിഫലിക്കപ്പെടും എന്നതിന്റെ തെളിവ് കൂടിയാണ്. ബിഹാറിലെ ജാതി മത്സരം എല്ലായ്‌പ്പോഴും ഇരുതല മൂര്‍ച്ചയുള്ള വാളാണ്. അത് ശാക്തീകരണത്തിനും വിഘടനത്തിനും ഒരുപോലെ ഇന്ധനം നല്‍കാറുണ്ട്. ഈ തിരഞ്ഞെടുപ്പ് അതിന്റെ ഏറ്റവും ഭീകരമായ അളവില്‍ തന്നെ ജാതി സമവാക്യങ്ങളില്‍ പുതിയൊരു ബിഹാറിനെ രൂപപ്പെടുത്തിയേക്കാം. അങ്ങനെ വന്നാല്‍ ജാതി രാഷ്ട്രീയത്തിന് വളക്കൂറുള്ള ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിലമെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രവുമല്ല ജാതി സമവാക്യങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ കരുത്താര്‍ജിക്കാനും അത് ഇന്ത്യന്‍ ജനാധിപത്യത്തെ സമ്പൂര്‍ണവും സമഗ്രവുമായ ജാതി രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകാനും സാധ്യതയുണ്ട്.
ബി ജെ പിക്കെതിരെ ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മൂര്‍ച്ചയുള്ള ആയുധം എന്ന നിലക്കാണ് രാഹുല്‍ ജാതി സെന്‍സസ് തുടര്‍ച്ചയായി ചര്‍ച്ചയാക്കിയത്. എന്നാല്‍ അതിന്റെ ഫലം കൊയ്തതാകട്ടെ നിതീഷ് കുമാറുമായിരുന്നു. അതുകൊണ്ട് തന്നെ ബിഹാറിലെ ഈ പോരാട്ടം രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും സഡന്‍ ഡത്ത് പോരാട്ടമാണ്. 2005ല്‍ അധികാരത്തില്‍ നിന്ന് പുറത്തു പോയ ശേഷം പിന്നീട് ഒരിക്കല്‍ പോലും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ആര്‍ ജെ ഡിക്ക് കഴിഞ്ഞിട്ടില്ല. ആര്‍ ജെ ഡി പോലുള്ള ഒരു പ്രാദേശിക പാര്‍ട്ടിക്ക്, തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ട് പോലും, അധികാരമില്ലാത്ത അവസ്ഥ തേജസ്വിയുടെ നേതൃത്വ മികവിനെ കൂടി വെല്ലുവിളിക്കുന്നതായി മാറിയിട്ടുണ്ട്.
2015ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യ പ്രശ്നങ്ങളില്‍ തേജസ്വിയുടെ ഇടപെടലുകളെ ലാലു പ്രസാദ് വാണിംഗ് ചെയ്തതുമായിരുന്നു. അതേസമയത്താണ് ആര്‍ ജെ ഡിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ തേജസ്വിയുമായി ഇടയുന്നതും. പക്ഷേ പിന്നീട് മഹാസഖ്യത്തെ ഗംഭീരമായി നയിക്കാന്‍ തേജസ്വിക്ക് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സുമായും ഇടതു പാര്‍ട്ടികളുമായും മെച്ചപ്പെട്ട സഖ്യം രൂപപ്പെടുത്തിയതിന്റെ ഫലമായിരുന്നു 2020ലെ തിരഞ്ഞെടുപ്പ് നേട്ടം. അധികാരം കൈയെത്തും ദൂരത്ത് നിന്ന് നഷ്ടപ്പെടുത്തിയ നിതീഷ് കുമാറിന്റെ കാലുമാറ്റങ്ങളിലും ഇത്ര ക്ഷമയോടെ ബി ജെ പി വിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുന്ന തേജസ്വിയുടെ രാഷ്ട്രീയ പക്വത മതേതര ചേരിക്ക് വലിയ പ്രതീക്ഷയാണ്. ഈ രാഷ്ട്രീയ പക്വതയുടെ ഏറ്റവും വലിയ അടയാളമാണ്, ബിഹാറില്‍ ഇപ്പോള്‍ അത്ര വലിയ സംഘടനാ ശേഷി ഒന്നുമില്ലാത്ത കോണ്‍ഗ്രസ്സിനെ രാഹുല്‍ എന്ന ബ്രാന്‍ഡിനെ മുന്‍നിര്‍ത്തി ബി ജെ പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒപ്പം നിര്‍ത്തുന്നത്. കോണ്‍ഗ്രസ്സും ആര്‍ ജെ ഡിയും തമ്മിലുള്ള ഐക്യം തന്നെയാണ് ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
2005 മുതല്‍ ബിഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നിതീഷ് കുമാറിന് ഇടക്കാലത്ത് ഒമ്പത് മാസം ജിതിന്‍ റാം മഞ്ചിക്ക് അധികാരം കൈമാറേണ്ടി വന്നു എന്നതൊഴിച്ചാല്‍ ബിഹാര്‍ 20 വര്‍ഷമായി നിതീഷിന്റെ കൈവെള്ളയിലായിരുന്നു എന്ന് പറയാം. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആര്‍ ജെ ഡി മാറിയതോടെയാണ് നിതീഷിന്റെ രാഷ്ട്രീയ മേധവിത്വത്തിന് ക്ഷീണം സംഭവിച്ചു തുടങ്ങിയത്. നിതീഷിന് സ്വാഭാവികമായി കിട്ടിക്കൊണ്ടിരുന്ന വലിയൊരു ശതമാനം ഹിന്ദു വോട്ടുകള്‍ ബി ജെ പി പിടിച്ചെടുത്തതും നിതീഷിന് തിരിച്ചടിയായി. ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്ന് നിതീഷ് അപ്രത്യക്ഷമാകുമെന്ന് കണക്കുകൂട്ടിയിടത്ത് നിന്നാണ് ബിഹാറിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് ജാതി രാഷ്ട്രീയത്തിന്റെ കൈപിടിച്ച് നിതീഷ് കൂടുതല്‍ കരുത്തോടെ മുന്നോട്ടുവരാന്‍ ശ്രമിക്കുന്നത്. ഒരു അവസരം വന്നാല്‍ നിതീഷ് കുമാര്‍ കാലുമാറും. ഈ അപകടം ബി ജെ പി കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടാകണം. അതുകൊണ്ടാണ് നിതീഷുമായി ഒത്തുപോകാത്ത, എന്നാല്‍ നിതീഷിന് ചെക്ക് വെക്കാന്‍ പാകത്തില്‍ ബി ജെ പി രാം വിലാസ് പാസ്വാന്റെ മകനായ ചിരാക് പാസ്വാനെ കൂടി ഒപ്പം കൊണ്ടുനടക്കുന്നത്. കേന്ദ്ര ഭരണത്തില്‍ ബി ജെ പിക്ക് നല്‍കിയ പിന്തുണ കാരണം നിതീഷ് എന്ത് ഡിമാന്‍ഡ് വെച്ചാലും അതനുസരിക്കാന്‍ പാകത്തില്‍ ദുര്‍ബലമായ ഒരു അവസ്ഥയിലാണ് ബി ജെ പി എന്നത് നിതീഷിനെ കൂടുതല്‍ ശക്തനാക്കുന്നുണ്ട്. അതേസമയം 20 വര്‍ഷത്തെ അധികാര തുടര്‍ച്ചയും രാഹുലും തേജസ്വിയും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ യാത്രകളും നിതീഷിന്റെ മേധാവിത്വത്തിന് ചെറുതല്ലാത്ത ക്ഷീണം സൃഷ്ടിച്ചിട്ടുണ്ട്. വോട്ട് ചോരി ആരോപണവും വോട്ടര്‍ പട്ടിക പരിഷ്‌കരണവും എങ്ങനെയാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിരിക്കുന്നത് എന്നതിനെ അപേക്ഷിച്ച് കൂടിയാകും ബിഹാറിന്റെ അന്തിമ വിധി.