Saudi Arabia
രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി ഈസ്റ്റ് നോട്ടെക് 3.0 എക്‌സലന്‍സി അവാര്‍ഡ് ഡോ. ഗൗസല്‍ അസംഖാന്
അല്‍ അഹ്‌സ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി അപ്ലൈഡ് മെഡിക്കല്‍ സയന്‍സ് കോളേജിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസറും, ചാര്‍ട്ടേഡ് സയന്റിസ്റ്റുമാണ് അസം ഖാന്‍
റിയാദ് | സഊദി അറേബ്യയിലെ വിജ്ഞാനസാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ
സംഭാവനകള്‍ പരിഗണിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി ) സഊദി ഈസ്റ്റ് നാഷനല്‍ ഏര്‍പ്പെടുത്തിയ നോട്ടെക് എക്‌സലന്‍സി പുരസ്‌കാരം ഡോ. ഗൗസല്‍ അസം ഖാന്‍ അര്‍ഹനായി.
അല്‍ അഹ്‌സ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി അപ്ലൈഡ് മെഡിക്കല്‍ സയന്‍സ് കോളേജിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസറും, ചാര്‍ട്ടേഡ് സയന്റിസ്റ്റുമാണ് അസം ഖാന്‍. വിജ്ഞാനസാങ്കേതിക രംഗത്ത് സഊദി അറേബ്യയുടെ മുന്നേറ്റത്തിനും വളര്‍ച്ചക്കുമൊപ്പം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ദിശാബോധവും പ്രോത്സാഹനവും നല്‍കുകയെന്ന ആര്‍.എസ്.സിയുടെ ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പഠനഗവേഷണ മേഖലകളിലെ ഡോ. ഖാന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രാജ്യത്തെ പ്രവാസി യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രചോദനാത്മകമാണെന്ന് ജൂറി വിലയിരുത്തി.
ടൈപ്പ്2 പ്രമേഹത്തിനുള്ള വാക്‌സിന്‍ ഉള്‍പ്പെടെ നിരവധി യു.എസ്. പേറ്റന്റുകള്‍ ഡോ. ഗൗസല്‍ അസം ഖാന്‍ നേടിയിട്ടുണ്ട്. കൂടാതെ, മെറ്റബോളിക് അസന്തുലിതാവസ്ഥകളും എന്‍ഡോതീലിയല്‍ ഡിസ്ഫങ്ഷനും സംബന്ധിച്ച അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചു. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, ത്രോംബോസിസ്, പ്രീ-എക്ലാംപ്‌സിയ മേഖലകളിലെ സംഭാവനകള്‍ക്ക് ചാര്‍ട്ടേഡ് സയന്റിസ്റ്റ്, FRSB, FRSM, IFUPS ഫെലോഷിപ്പ് തുടങ്ങിയ പ്രശസ്ത ബഹുമതികളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട് . ലോകമെമ്പാടുമുള്ള ക്ഷണിത പ്രഭാഷണങ്ങളും, നൂറിലധികം അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും, ഇന്ത്യ, കാനഡ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രധാന ഗവേഷണ ഗ്രാന്റുകളും അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. റിയാദിലെ അസീസിയ്യ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന നാഷനല്‍ നോട്ടെക് പ്രദര്‍ശന വേദിയിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം നടന്നത്.






