Kerala
അധിക്ഷേപ പ്രചാരണക്കേസ്; കെ എം ഷാജഹാന് ജാമ്യം
എറണാകുളം സി ജെ എം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം.

കൊച്ചി | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണക്കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സി ജെ എം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം. അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റകൃത്യം ചെയ്യരുത്, തെളിവുകള്‍ നശിപ്പിക്കരുത് എന്നിവയും ജാമ്യവ്യവസ്ഥയിലുണ്ട്.
ഷാജഹാന്റെ അറസ്റ്റില്‍ പോലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കേസെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ചങ്ങമനാട് പോലീസ് ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു. എങ്ങനെയാണ് ഇത്രയും സമത്തിനുള്ളില്‍ തിരുവനന്തപുരത്ത് എത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് കോടതി ചോദിച്ചു. ഷാജഹാന്‍ ഏതെങ്കിലും വിധത്തിലുള്ള ലൈംഗികാധിക്ഷേപം നടത്തിയതിനുള്ള തെളിവുകളൊന്നും റിമാന്‍ഡ് റിപോര്‍ട്ടിലില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഷാജഹാന്‍
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ജാമ്യം ലഭിച്ച ശേഷം ഷാജഹാന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. താന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന വാദം ഒരിടത്തും നിലനില്‍ക്കില്ല. തന്നെ സമ്മര്‍ദത്തിലാക്കാനാണ് ഭരണകൂടത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.