Web Special
ഷെയ്ഖ് ഹസീനയുടെ ഭാവി എന്ത്? ഇന്ത്യ കൈമാറുമോ? ഇന്ത്യ - ബംഗ്ലാദേശ് കൈമാറ്റ ഉടമ്പടിയിൽ പറയുന്നതെന്ത്?
ഭരണം നഷ്ടപ്പെട്ടതിന് ശേഷം ഒരു വർഷത്തിലേറെയായി ഷെയ്ഖ് ഹസീന ഇന്ത്യയിൽ സുരക്ഷിതമായി കഴിയുകയാണ്. ഈ സാഹചര്യത്തിൽ, ധാക്ക ഹസീനയെ കൈമാറണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോൾ, ന്യൂഡൽഹി മൗനം പാലിക്കുന്നു. ഷെയ്ഖ് ഹസീനയുടെ ഭാവി എന്താകും എന്ന നിർണായക ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ന്യൂഡൽഹി | ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ഒരു മുൻ ഭരണാധികാരിക്കെതിരെ ഉണ്ടായ ഏറ്റവും കടുത്ത ശിക്ഷാവിധിയാണ് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐ സി ടി) വിധിച്ച വധശിക്ഷ. 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടെ ‘മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ’ ചുമത്തിയാണ് ഈ വിധി. എന്നാൽ ഈ വിധിക്ക് ഒരു വലിയ രാഷ്ട്രീയ സങ്കീർണ്ണതയുണ്ട്: ഹസീന ബംഗ്ലാദേശിൽ ഇല്ല എന്നത് തന്നെ.
ഭരണം നഷ്ടപ്പെട്ടതിന് ശേഷം ഒരു വർഷത്തിലേറെയായി അവർ ഇന്ത്യയിൽ സുരക്ഷിതമായി കഴിയുകയാണ്. ഈ സാഹചര്യത്തിൽ, ധാക്ക ഹസീനയെ കൈമാറണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോൾ, ന്യൂഡൽഹി മൗനം പാലിക്കുന്നു. ഷെയ്ഖ് ഹസീനയുടെ ഭാവി എന്താകും എന്ന നിർണായക ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ബംഗ്ലാദേശിന്റെ കൈമാറ്റ ആവശ്യം
വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് 15 വർഷത്തെ ഭരണം അവസാനിച്ചതിന് പിന്നാലെ ന്യൂഡൽഹിയിലേക്ക് പലായനം ചെയ്ത ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് 2024 ഡിസംബറിൽ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് ആണ് ഹസീനയെ തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രക്ഷോഭകർക്കെതിരെ നടത്തിയ കുറ്റങ്ങൾക്കും 15 വർഷത്തെ ഭരണകാലത്തെ മറ്റ് ആരോപണങ്ങൾക്കും വിചാരണ നേരിടാൻ വേണ്ടിയായിരുന്നു ഈ ആവശ്യം. എന്നാൽ ഇന്ത്യ അതിന് തയ്യാറായില്ല.
ഒടുവിൽ ട്രൈബ്യൂണലിന്റെ വിധി വന്നതിന് തൊട്ടുപിന്നാലെയും ഇന്ത്യയോട് ബംഗ്ലാദേശ് ഇതേ ആവശ്യം ഉന്നയിച്ചു. രണ്ട് കുറ്റവാളികളെയും ഉടൻ ബംഗ്ലാദേശ് അധികൃതർക്ക് കൈമാറണമെന്നും നിലവിലുള്ള കൈമാറ്റ ഉടമ്പടി പ്രകാരം ഇത് ഇന്ത്യയുടെ നിർബന്ധിത ചുമതലയാണെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.
“ഈ കൂട്ടക്കൊലയാളിയെ ഇന്ത്യ തുടർന്നും സംരക്ഷിക്കുകയാണെങ്കിൽ, അത് ബംഗ്ലാദേശിനോടും ബംഗ്ലാദേശ് ജനതയോടുമുള്ള ശത്രുതാപരമായ നടപടിയായി കണക്കാക്കേണ്ടിവരുമെന്ന് ഇന്ത്യ മനസ്സിലാക്കണം” – നിയമ, നീതിന്യായ, പാർലമെന്ററി കാര്യ ഉപദേഷ്ടാവ് ആസിഫ് നസറുൾ പറഞ്ഞു.
കൈമാറ്റ ഉടമ്പടിയിലെ വ്യവസ്ഥകൾ
ഷെയ്ഖ് ഹസീന അധികാരത്തിലിരിക്കെ 2013 ജനുവരിയിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി (Extradition Treaty) ഒപ്പുവെച്ചത്. ഈ ഉടമ്പടി പ്രകാരം ചില സാഹചര്യങ്ങളിൽ കൈമാറ്റത്തിനുള്ള അപേക്ഷ നിരസിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്.
രാഷ്ട്രീയപരമായ കുറ്റകൃത്യങ്ങൾ: ഒരു കേസിൽ വിധി ‘രാഷ്ട്രീയ പ്രേരിതമാണെങ്കിൽ’ (Politically Motivated) കൈമാറ്റ അപേക്ഷ നിരസിക്കാൻ ഉടമ്പടിയിൽ വ്യവസ്ഥയുണ്ട് (ആർട്ടിക്കിൾ 6). കൈമാറ്റം ആവശ്യപ്പെടുന്ന കുറ്റം രാഷ്ട്രീയ സ്വഭാവമുള്ളതാണെങ്കിൽ കൈമാറ്റം നിരസിക്കാം. ഹസീന തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും ‘രാഷ്ട്രീയ പകപോക്കൽ’ എന്നാണ് വിശേഷിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഒഴിവാക്കപ്പെട്ട കുറ്റകൃത്യങ്ങൾ: എന്നാൽ, ചില കുറ്റകൃത്യങ്ങളെ രാഷ്ട്രീയ സ്വഭാവമുള്ളവയായി കണക്കാക്കില്ലെന്നും ഉടമ്പടി വ്യക്തമാക്കുന്നു. കൊലപാതകം, നരഹത്യ, കൊലപാതകത്തിനുള്ള പ്രേരണ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
നിരസിക്കാനുള്ള മറ്റ് കാരണങ്ങൾ: കൈമാറ്റം നിരസിക്കാനുള്ള മറ്റ് ചില കാരണങ്ങളും ആർട്ടിക്കിൾ 8-ൽ പറയുന്നുണ്ട്. നീതിയുടെ താൽപ്പര്യങ്ങൾക്കുവേണ്ടിയല്ലാതെ ‘ദുരുദ്ദേശ്യപരമായി’ ആരോപണം ഉന്നയിക്കുമ്പോഴും, പൊതു ക്രിമിനൽ നിയമപ്രകാരം കുറ്റകരമല്ലാത്ത സൈനിക കുറ്റകൃത്യങ്ങൾ ആണെങ്കിലും കൈമാറ്റ ആവശ്യം നിരസിക്കാം.
ഇന്ത്യയുടെ നിലപാടും പ്രതികരണവും
ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിന് ശേഷം, ബംഗ്ലാദേശിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി ഇന്ത്യ നിലകൊള്ളുന്നുവെന്നും എല്ലാ പങ്കാളികളുമായും ക്രിയാത്മകമായി സഹകരിക്കുമെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. കൈമാറ്റ അപേക്ഷയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ നിന്ന് ഒരു നോട്ട വെർബൽ ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരണം നൽകാനില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഹസീനയുടെ ഇന്ത്യയിലെ താമസം സംബന്ധിച്ച് നേരത്തെ രൺധീർ ജയ്സ്വാൾ മറ്റൊന്നാണ് അറിയിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാൽ കുറഞ്ഞ നോട്ടീസിൽ അവർ ഇങ്ങോട്ട് വരാൻ പ്രധാനമന്ത്രി മോദിയുടെ സർക്കാരിന്റെ അനുമതി തേടിയിരുന്നുവെന്നും അവർ ഇവിടെ തുടരുകയാണ് എന്നുമായിരുന്നു അദ്ദേഹം മുമ്പ് അറിയിച്ചത്.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ട്രൈബ്യൂണലിന്റെ വിധി പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇന്ത്യ ഹസീനയെ കൈമാറാൻ സാധ്യതയില്ല. ഒരു സാഹചര്യത്തിലും ഇന്ത്യ അവരെ കൈമാറില്ലെന്നും കഴിഞ്ഞ ഒന്നര വർഷമായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ലെന്നും സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിദഗ്ധയായ ശ്രീരാധ ദത്ത അഭിപ്രായപ്പെടുന്നു.
കൈമാറ്റ അപേക്ഷ അംഗീകരിക്കാനും നിരസിക്കാനും ഇന്ത്യയ്ക്ക് നിയമപരവും നയതന്ത്രപരവുമായ മാർഗ്ഗങ്ങളുണ്ട് എന്നതിനാൽ, ഷെയ്ഖ് ഹസീനയുടെ അടുത്ത നീക്കം പൂർണ്ണമായും ന്യൂഡൽഹിയുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും.
ഇന്ത്യക്ക് മുന്നിലെ വഴികൾ
കൈമാറ്റ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ട്രൈബ്യൂണലിന്റെ വിധി നിഷ്പക്ഷമായ നിയമനടപടിക്ക് അനുസൃതമാണോ എന്ന് ഇന്ത്യ വിലയിരുത്തും. ഒരു മുൻ ഭരണത്തലവനെ തിരികെ അയക്കുന്നത് പീഡനം, നീതിരഹിതമായ അപ്പീൽ വിചാരണ, മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്ക് കാരണമാകുമോ എന്നും അന്വേഷിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശിലെ നിയമനടപടികൾ സ്വീകാര്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ കൈമാറ്റത്തിന് ഇന്ത്യക്ക് സമ്മതിക്കാം. പീഡനത്തെക്കുറിച്ചുള്ള ന്യായമായ ആശങ്കകൾ, ശരിയായ നടപടിക്രമങ്ങൾ നിഷേധിക്കപ്പെടാനുള്ള സാധ്യത തുടങ്ങിയ നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിക്കുകയും ചെയ്യാം. ന്യായമായ പെരുമാറ്റം, സുരക്ഷ, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കൽ എന്നിവ സംബന്ധിച്ച് ധാക്കയിൽ നിന്ന് നയതന്ത്ര ഉറപ്പുകൾ തേടി തീരുമാനം വൈകിപ്പിക്കാനും ഇന്ത്യക്ക് മുന്നിൽ സാധ്യതകളുണ്ട്.
ചുരുക്ത്തിൽ ഇന്ത്യയുടെ ശ്രദ്ധാപൂർവ്വവും രാഷ്ട്രീയപരവുമായ അവലോകനത്തെ ആശ്രയിച്ചിരിക്കും ഷെയ്ഖ് ഹസീനയുടെ ഭാവി.



