Kerala
ജമാഅത്തെ ഇസ്‌ലാമി വിരുദ്ധ പരാമര്‍ശം; എ കെ ബാലനെതിരെ സി പി എം ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശം
തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ നടത്തുന്ന അനാവശ്യ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
പാലക്കാട് | നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എ കെ ബാലന്‍ നടത്തിയ ജമാഅത്തെ ഇസ്‌ലാമി വിരുദ്ധ പരാമര്‍ശത്തില്‍ സി പി എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശം. തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ നടത്തുന്ന അനാവശ്യ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. നേതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും വിമര്‍ശനമുയര്‍ന്നു. എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബാലനെതിരെയുള്ള പരോക്ഷ വിമര്‍ശനം.
മുന്‍കാലങ്ങളിലും സമാനമായ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായ കാര്യം യോഗത്തില്‍ നേതാക്കള്‍ ഓര്‍മിപ്പിച്ചു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസും എ കെ ബാലന്റെ വിവാദ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരുന്നു. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്ത് ആഭ്യന്തരം ഭരിക്കുമെന്ന് സി പി എമ്മിനോ, എല്‍ ഡി എഫിനോ നിലപാടില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. എല്‍ ഡി എഫ് കണ്‍വീനര്‍ പ്രസ്താവന തള്ളിയതോടെ ആ വിഷയം അവസാനിച്ചു, മുസ്‌ലിം സംഘടനകളെയും ആര്‍ എസ് എസിനെയും സി പി എം ഒരുപോലെ കാണുന്നില്ല. ന്യൂനപക്ഷ വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുമെന്നാണ് ഇ എം എസ് പറഞ്ഞിട്ടുള്ളതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
എ കെ ബാലന്റെ പ്രസ്താവനനക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് രംഗത്ത് വന്നിരിക്കുന്നത്. എതിരഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നതോടെ എ കെ ബാലന്‍ നടത്തിയ ജമാഅത്തെ ഇസ്‌ലാമി വിരുദ്ധ പരാമര്‍ശം സി പി എമ്മിനുള്ളില്‍ വലിയ ഭിന്നതക്കാണ് വഴിവെച്ചിരിക്കുന്നത്.






