Aksharam Education
സി എം കിഡ്സ് സ്‌കോളർഷിപ്പ്
സ്റ്റേറ്റ് സിലബസില്‍ ഏഴാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയാണ് സി എം കിഡ്സ് സ്‌കോളര്‍ഷിപ്പ് (യു പി).
സ്റ്റേറ്റ് സിലബസിൽ ഏഴാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികളിൽ പഠനപ്രതിഭകളെ കണ്ടെത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയാണ് സി എം കിഡ്സ് സ്‌കോളർഷിപ്പ് (യു പി). ഇതുവരെ പഠിച്ച അറിവ് അനുഭവങ്ങൾ പരിശോധിക്കുന്ന സുപ്രധാന പരീക്ഷയാണിത്.
യോഗ്യത
കേരളത്തിലെ സർക്കാർ/എയ്ഡഡ്/അംഗീകാരമുള്ള അൺ-എയ്ഡഡ് വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് സി എം കിഡ്സ് സ്‌കോളർഷിപ്പ് (യു പി) പരീക്ഷ എഴുതാം. ഏഴാം ക്ലാസ്സിലെ രണ്ടാം ടേം ആത്യന്തിക വിലയിരുത്തലിലും (Summative Assessment-II) വികാസപ്രദ വിലയിരുത്തലിലും (Formative Assessment-II) ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇതിനായി രണ്ട് മാനദണ്ഡങ്ങളാണ് നിർദേശിക്കുന്നത്.
1.എല്ലാ വിഷയങ്ങളിലും “എ’ ഗ്രേഡ് (ഭാഷാ വിഷയങ്ങൾ, ശാസ്ത്ര വിഷയങ്ങൾ)
2. ഭാഷാ വിഷയങ്ങളിൽ രണ്ട് പേപ്പറുകൾക്ക് “എ’ ഗ്രേഡും ഒന്നിന് “ബി’ ഗ്രേഡും. ശാസ്ത്ര വിഷയങ്ങളിൽ (ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹിക ശാസ്ത്രത്രം) രണ്ടെണ്ണത്തിന് “എ’ ഗ്രേഡും ഒന്നിന് “ബി’ ഗ്രേഡും ലഭിച്ചവർക്ക് എഴുതാം. എന്നാൽ, ഇവർ കലാ-കായിക, പ്രവൃത്തി പരിചയ, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, വിദ്യാരംഗം മേളകളിൽ ഉപജില്ലാ തലത്തിൽ “എ’ ഗ്രേഡ്/ “ബി’ ഗ്രേഡ്/ഒന്നാംസ്ഥാനം നേടിയവരാകണം.
സിലബസ്
2025-26 അധ്യയനവർഷത്തെ ഏഴാം ക്ലാസ്സിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സ്‌കീം ഓഫ് വർക്ക് അനുസരിച്ച് ഈ മാസം 31 ന് പൂർണമായി തീരുന്ന പാഠഭാഗങ്ങളാകും ഉൾപ്പെടുത്തുക. ഏഴാം ക്ലാസ്സ് വരെ കുട്ടി നേടേണ്ട പഠന ലക്ഷ്യങ്ങളെ പരിഗണിച്ചായിരിക്കും ചോദ്യങ്ങൾ.
പരീക്ഷയുടെ ഘടന
മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള രണ്ട് ചോദ്യപേപ്പറുകളാണ് പരീക്ഷക്കുണ്ടാകുക. ഒന്നാം പേപ്പറിനും രണ്ടാം പേപ്പറിനും മൂന്ന് പാർട്ടുകൾ വീതമുണ്ടാകും. ഓരോ പേപ്പറിന്റെയും ദൈർഘ്യം രണ്ട് മണിക്കൂറാണ്.
ഇതിൽ ആദ്യത്തെ 15 മിനുട്ട് ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനുള്ള സമാശ്വാസ സമയവും പിന്നീടുള്ള ഒന്നേമുക്കാൽ മണിക്കൂർ ഉത്തരമെഴുതാനുള്ള സമയവുമാണ്. ഒരു ചോദ്യത്തിന് ഒരു സ്‌കോർ വീതം. രണ്ട് പേപ്പറിനും കൂടി പരമാവധി സ്‌കോർ 100.
പേപ്പർ – ഒന്ന്
- പാർട്ട്- എ
ഒന്നാം ഭാഷ: മലയാളം എ ടി/ അറബി/ ഉറുദു/സംസ്‌കൃതം/കന്നട/തമിഴ്- സ്‌കോർ: 15 - പാർട്ട്- ബി
മലയാളം ബി ടി/ കന്നട/തമിഴ്- സ്‌കോർ: 15 - പാർട്ട്- സി
ഗണിതവും മാനസിക ശേഷിയും- സ്‌കോർ: 20
ആകെ സ്‌കോർ: 50
പേപ്പർ രണ്ട്
- പാർട്ട്- എ
ഇംഗ്ലീഷ്-സ്‌കോർ: 15 - പാർട്ട്- ബി
അടിസ്ഥാന ശാസ്ത്രം-
സ്‌കോർ: 15 - പാർട്ട്- സി
സാമൂഹിക ശാസ്ത്രം- സ്‌കോർ: 20
ആകെ സ്‌കോർ: 50 ( നെഗറ്റീവ് ഇല്ല)
സി എം കിഡ്സ് സ്‌കോളർഷിപ്പ് (യു പി) പരീക്ഷയിലെ മുഴുവൻ ചോദ്യങ്ങളും ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലാണെങ്കിലും തെറ്റായി രേഖപ്പെടുത്തുന്ന ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ ശ്രദ്ധിക്കുക.
പ്രതിഭാധനർ
ഓരോ വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ സ്‌കോർ നേടിയ 40 ( മാനദണ്ഡങ്ങൾ പാലിച്ച്) കുട്ടികളെയാണ് പ്രതിഭാധനരായി തിരഞ്ഞെടുക്കുന്നത്. ഇവർക്ക് പ്രത്യേക ക്യാമ്പുകളും വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകളും സൗജന്യമായി ലഭിക്കും.
സ്‌കോർ മൂല്യനിർണയത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പരീക്ഷാ ബോർഡാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനുള്ള യോഗ്യത നിശ്ചയിക്കുന്നത്.
രജിസ്‌ട്രേഷൻ 15 വരെ
കുട്ടി പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാന അധ്യാപകനാണ് അർഹരായ വിദ്യാർഥികളുടെ പേര് വിവരം നൽകുന്നത്.പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാനാണ് നിർദേശം. ഈ മാസം 15 വരെ അപേക്ഷിക്കാം. ഫെബ്രുവരി 26 നാണ് പരീക്ഷ.
എന്തൊക്കെ പഠിക്കണം?
എല്ലാ വിഷയങ്ങളുടെയും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ വായനാസാമഗ്രികൾ, തുടർ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
ഗണിതത്തിൽ യുക്തിചിന്ത, മാനസികശേഷി തുടങ്ങിയവ പരിശോധിക്കാനുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. വിഷയങ്ങളോടൊപ്പം മലയാളം ബി ടിയിൽ കലാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. അടിസ്ഥാന ശാസ്ത്രത്തിൽ ആരോഗ്യ കായിക വിദ്യാഭ്യാസം, തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം, ഇ@വിദ്യ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ടാകും.
സാമൂഹിക ശാസ്ത്രത്തിൽ ആറ് ചോദ്യങ്ങൾ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടതുമായിരിക്കും. ഒ എം ആർ ഷീറ്റ് ബബിൾ ചെയ്യുന്നതിലും പ്രത്യേക പരിശീലനം നേടണം.




