National
കോസ്റ്റ് ഗാര്‍ഡ് മുന്‍ ജീവനക്കാരന്‍ സുനില്‍ കുമാറിന്റെയും ഭാര്യയുടെയും വീടുകളില്‍ ഇ ഡി റെയ്ഡ്
കൊല്‍ക്കത്തയില്‍ സുനില്‍ കുമാര്‍ നടത്തുന്ന ഫാം ഹൗസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പാട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധനയെന്നാണ് സൂചന.
പത്തനംതിട്ട | കോസ്റ്റ് ഗാര്‍ഡ് മുന്‍ ജീവനക്കാരന്‍ സുനില്‍ കുമാറിന്റെയും ഭാര്യയുടെയും വീടുകളില്‍ ഇ ഡി റെയ്ഡ്. പന്തളം തെക്കേക്കര തട്ട പറപ്പെട്ടി മണക്കാലയില്‍ സുനില്‍ കുമാറിന്റെയും ഭാര്യ പന്തളം മുടിയൂര്‍ക്കോണം തോട്ടാ പുഴയാറ്റില്‍ മേഘനയുടെയും വീട്ടിലാണ് ഇന്ന് രാവിലെ ഏഴ് മുതല്‍ ഇ ഡി പരിശോധന ആരംഭിച്ചത്. ഉച്ചക്ക് 2.30 വരെ പരിശോധന നീണ്ടു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റെയ്ഡിന്റെ ഭാഗമായാണ് സുനില്‍ കുമാറിന്റെ വീട്ടിലും ഭാര്യവീട്ടിലും ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. മുന്‍ കോസ്റ്റ് ഗാര്‍ഡ് ജീവനക്കാരന്‍ സുനില്‍ കുമാറിന്റെ പറപ്പെട്ടിയിലെ വീട്ടിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടെ ഇയാളുടെ പിതാവും മുന്‍ ആര്‍മി ഉദ്യോഗസ്ഥനുമായ കൃഷ്ണന്‍ നായരും ഭാര്യയുമാണ് താമസിക്കുന്നത്. സുനില്‍ കുമാറിന്റെ തട്ടയിലെ വീട്ടില്‍ പരിശോധന ആരംഭിച്ച ഉടന്‍തന്നെ മറ്റൊരു സംഘം ഭാര്യ വീട്ടില്‍ റെയ്ഡിനെത്തി. മിലിറ്ററി, ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. സംഭവമറിഞ്ഞ് പന്തളം പോലീസും സ്ഥലത്തെത്തിയെങ്കിലും നിരീക്ഷണം നടത്തി മടങ്ങുകയായിരുന്നു.
കൊല്‍ക്കത്തയില്‍ സുനില്‍ കുമാര്‍ നടത്തുന്ന ഫാം ഹൗസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പാട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധനയെന്നാണ് സൂചന. സുനില്‍ കുമാര്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നും വി ആര്‍ എസ് എടുത്ത് നിലവില്‍ കൊല്‍ക്കത്തയില്‍ ഫാം ഹൗസ് നടത്തിവരികയാണ്. വിരമിച്ചതിനു ശേഷം ജോലി സമയത്തുണ്ടായിരുന്ന ചില ബന്ധങ്ങള്‍ ഉപയോഗിച്ച് നടത്തിയ കള്ളക്കടത്തുകളിലൂടെ ആര്‍ജിച്ച സമ്പാദ്യം ഫാം ഹൗസ് നടത്തിപ്പിനായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.




