Connect with us

Kerala

സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും; ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്തുമെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടണം. 2019 ലെ സത്യവാങ്മൂലം തിരുത്തും.

Published

|

Last Updated

പത്തനംതിട്ട  | ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍നിലപാടില്‍ മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആചാരങ്ങള്‍ സംരക്ഷിക്കണപ്പെടാനായി ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ ബോര്‍ഡ് യോഗം പ്രമേയം പാസ്സാക്കി. ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതില്‍ ബോര്‍ഡില്‍ ഒരു ആശയക്കുഴപ്പവുമില്ല. നിലപാട് തിരുത്തിക്കൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും-ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.

ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടണം. 2019 ലെ സത്യവാങ്മൂലം തിരുത്തും. ക്ഷേത്രാചാരങ്ങള്‍ കാത്തു സൂക്ഷിക്കണമെന്നതു തന്നെയാണ് ബോര്‍ഡിന്റെ നിലപാട്. നേരത്തെയും ബോര്‍ഡിന്റെ തീരുമാനം ഇതായിരുന്നു. കോടതി വിധിയില്‍ പുനഃപരിശോധന വേണോ വേണ്ടയോ എന്നത് ഞങ്ങളുടെ പരിധിയില്‍ വരുന്നില്ല. പരിശോധിക്കുമ്പോള്‍ ബോര്‍ഡിന്റെ നിലപാടാണ് വ്യക്തമാക്കുക. സര്‍ക്കാര്‍ നിലപാട് സര്‍ക്കാറിനോട് ചോദിക്കണമെന്നും ജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

ശബരിമല തീര്‍ത്ഥാടനത്തിനായി പ്രത്യേക ബജറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി കെ ജയകുമാര്‍ പറഞ്ഞു. ചെലവിന്റെ മേലുള്ള നിയന്ത്രണം, അനാവശ്യ ചെലവുകള്‍ ഒഴിവാക്കല്‍, വരുമാന ചോര്‍ച്ച കണ്ടുപിടിക്കല്‍, ചോര്‍ച്ച ഒഴിവാക്കല്‍ തുടങ്ങിയവ ബജറ്റ് കൊണ്ടുള്ള പ്രയോജനങ്ങള്‍. കൂടെക്കൂടെ അഡ്വാന്‍സ് കൊടുക്കുന്ന രീതി മാറും. കൂടാതെ, ഉത്സവം കഴിഞ്ഞാലുടനെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ലഭിക്കുകയും ചെയ്യുമെന്ന് കെ ജയകുമാര്‍ പറഞ്ഞു.

കച്ചവട സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനായി മോഡേണ്‍ ടെണ്ടറിങ്ങ് സിസ്റ്റം നടപ്പാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലെ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിനായി ഡീറ്റെയില്‍ഡ് പ്രോട്ടോക്കോള്‍ കൊണ്ടു വരാന്‍ തീരുമാനിച്ചതായും ജയകുമാര്‍ പറഞ്ഞു

Latest