Kerala
യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മഹാ ത്യാഗത്തെ വിസ്മരിക്കരുത്; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അതൃപ്തി പരസ്യമാക്കി പിഎംഎ സലാം
കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പും മത്സരിക്കാത്തവര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനവസരത്തിലാണ്
മലപ്പുറം | മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളിലെ വിവാദത്തില്‍ അതൃപ്തി വ്യക്തമാക്കി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരുവില്‍ മുഖ്യമന്ത്രി സ്ഥാനം ചര്‍ച്ച ചെയ്യുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കലാണെന്ന് സലാം പറഞ്ഞു. പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ ശ്രദ്ധിക്കണമെന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു
മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടെണ്ണി കഴിയണം. അതില്‍ ഭൂരിപക്ഷം വേണം. അതിനുശേഷമേ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച ആവശ്യമുള്ളു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ച ഉചിതമായ നടപടിയല്ല. ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മഹാത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. വോട്ടര്‍മാരുടെയും യുഡിഎഫ് പ്രവര്‍ത്തകരെയും നിരാശപ്പെടുത്തുന്ന നടപടിയിലേക്ക് നേതാക്കന്‍മാര്‍ പോകരുതെന്നും പിഎംഎ സലാം പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പും മത്സരിക്കാത്തവര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനവസരത്തിലാണ്. മുഖ്യമന്ത്രി ആരെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ല. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആര് ചുണ്ടിക്കാട്ടിയാലും അംഗീകരിക്കും. ലീഗ് യുഡിഎഫിന് പിന്തുണ നല്‍കും. നേതാക്കളെ തീരുമാനിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ടെന്നും സലാം വ്യക്തമാക്കി.അഞ്ചിലേറെ മന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്. എന്നാല്‍ അത് ആവശ്യപ്പെടില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ എം.കെ. രാഘവന്‍ എം പിയും രംഗത്തെത്തിയിരുന്നു. ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ നിലവിലെ സാഹചര്യത്തില്‍ ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാപരമായ എല്ലാ കാര്യങ്ങളിലും ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനമാണ് അന്തിമമെന്നും ഉചിതമായ സമയത്ത് അവര്‍ യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. തന്നോട് തോല്‍ക്കാന്‍ സാധ്യതയുള്ള സീറ്റില്‍ മത്സരിക്കാന്‍ ഒരു നേതാവ് ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ആ നേതാവിന്റെ പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല. യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ രാത്രിയും പകലും കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയായാണ് ഇപ്പോഴത്തെ ചര്‍ച്ചകളെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരിക്കലും ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഘവന്‍ തുറന്നടിച്ചു.



